വിശ്വസിക്കരുതേ; മികച്ച ജോലി, ശമ്പളം; വമ്പൻ ആനുകൂല്യങ്ങൾ; പിന്നാലെ റിക്രൂട്ട്മെന്റും!!
ഗൾഫിലേയ്ക്ക് വീസയും ടിക്കറ്റും ലഭിക്കും. താമസവും ഭക്ഷണവും ഫ്രീ. കോട്ടും സ്യൂട്ടുമിട്ട് ആറ് മാസം ഓഫിസിൽ വെറുതെയിരുന്ന് ഗെയിം കളിക്കാം. വട്ടച്ചെലവിന് ഓരോ മാസവും 10,000 രൂപ. ആറ് മാസം കഴിഞ്ഞ് നാട്ടിലെത്തുമ്പോൾ ബാങ്ക് അക്കൗണ്ടിലേക്ക് 4 ലക്ഷം രൂപ. ഇതുപോലൊരു ജോലി ഓഫർ സ്വപ്നത്തിൽ മാത്രമേ ലഭിക്കൂ. പക്ഷേ ഇങ്ങനെയൊരു വാഗ്ദാനം യഥാർഥത്തിൽ വന്നു. പറഞ്ഞതു പോലെത്തന്നെ കാര്യങ്ങൾ നടക്കുകയും ചെയ്തു. പക്ഷേ ആ ഓഫറും സ്വീകരിച്ച് ഗൾഫിലേയ്ക്കു പോകുന്നതിനു മുൻപ് ഈ വാർത്ത മുഴുവൻ കേൾക്കൂ. ഗൾഫ് രാജ്യങ്ങളിൽ വ്യാപകമായി നടക്കുന്ന പുതിയ തട്ടിപ്പുരീതിയാണിത്. ‘കമ്പനി പൊട്ടിക്കൽ’ എന്ന ഓമനപ്പേരിലാണ് ഈ തട്ടിപ്പ് അറിയപ്പെടുന്നത്.
ഇത് പോലെ കംബോഡിയയിലേയ്ക്കും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേയ്ക്കും തൊഴില്‍ വാഗ്ദാനം ചെയ്യുന്ന വ്യാജ ഏജന്റുമാർ ധാരാളമായി ഉണ്ടെന്നും ഇവര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു. സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന തട്ടിപ്പ് കമ്പനികളിലേക്കാണ് ഇത്തരക്കാര്‍ ഇന്ത്യയിലെ ഏജന്റുമാരോടൊപ്പം ചേര്‍ന്ന് ഉദ്യോഗാര്‍ത്ഥികളെ വശീകരിച്ച് റിക്രൂട്ട് ചെയ്യുന്നത്.
രണ്ടു രീതിയിലാണ് ഈ തട്ടിപ്പിലേക്ക് ഏജന്റുമാർ ആളുകളെ എത്തിക്കുന്നത്. ആദ്യത്തെ രീതിയിൽ നാട്ടിൽനിന്ന് കമ്പനി വീസയിൽ കുറേപേരെ റിക്രൂട്ട് ചെയ്ത് ജോബ് വീസയിൽ ഗൾഫിലെത്തിക്കുന്നു. രണ്ടാമത്തെ രീതിയിൽ വിസിറ്റ് വീസയിൽ ഗൾഫിലെത്തിച്ച് അവിടെനിന്ന് ജോബ് വീസയിലേക്കു മാറ്റുകയോ അല്ലെങ്കിൽ വിസിറ്റ് വീസയിൽ ജോലിയന്വേഷിച്ച് എത്തുന്നവരെ ചാക്കിട്ടു പിടിച്ച് ജോബ് വീസ നൽകുകയോ ചെയ്യുന്നു. നാട്ടിൽനിന്ന് കൊണ്ടുപോകുന്ന സംഘത്തിലെ ഒരാളുടെ പേരിലാണ് ഗൾഫിൽ തട്ടിപ്പുകാർ കമ്പനി തുടങ്ങുക. അതിനു ശേഷം ആ കമ്പനിയുടെ പേരിൽ ജോബ് വീസ എടുത്ത് അഞ്ചു മുതൽ 10 വരെ പേരടങ്ങുന്ന സംഘത്തെ ഗൾഫിലേയ്ക്കു കൊണ്ടുപോകും
ജോബ് വീസയിൽ എത്തിയ ആളിന്റെ പേരിലായിരിക്കും കമ്പനി റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ കമ്പനിയുടെയും ജോബ് വീസക്കാരന്റെയും പേരിലും പല ബാങ്കുകളിൽ അക്കൗണ്ട് തുടങ്ങി തട്ടിപ്പുകാർ ലക്ഷക്കണക്കിനു രൂപ വായ്‌പ എടുക്കും. മാത്രമല്ല, ഇയാളുടെ പേരിൽ പല ബാങ്കുകളുടെയും ക്രെഡിറ്റ് കാർഡുകളും സ്വന്തമാക്കും. വായ്‌പ അടവു മുടങ്ങി ബാങ്ക് അധികൃതർ ആരുടെ പേരിലാണോ വായ്പ എടുത്തത് അദ്ദേഹത്തെ അന്വേഷിച്ചു തുടങ്ങുമ്പോഴേയ്ക്കും അവരെ സുരക്ഷിതമായി നാട്ടിലെത്തിച്ചിട്ടുണ്ടാകും. വായ്പയെടുത്ത ആളും കമ്പനിയും മാസങ്ങൾക്കകം അപ്രത്യക്ഷമാകും. ജോബ് വീസക്കാരന്റെ പേരിൽ വായ്പയെടുത്ത തട്ടിപ്പുകാർ ആരുമറിയാതെ ലക്ഷക്കണക്കിനു രൂപ സ്വന്തമാക്കുകയും ചെയ്യും.
ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പരമാവധി സാധനങ്ങൾ വാങ്ങി കുറഞ്ഞ വിലയ്ക്കു വിറ്റ് കാശാക്കുന്ന തട്ടിപ്പുമുണ്ട്. ചിലരെ വിസിറ്റ് വീസയിൽ കൊണ്ടുവന്ന് ഹോട്ടലിൽ താമസിപ്പിച്ച് ജോലിക്കാര്യം ശരിയാക്കാനാണെന്ന് പറഞ്ഞ് പേപ്പറുകളിൽ ഒപ്പിട്ടു വാങ്ങും. ഒടുവിൽ ജോബ് വീസയിലേക്ക് മാറ്റി ഇവരുടെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തും
ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിൽ കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാർ നിലവിലുണ്ട്. ഇതുപ്രകാരം രാജ്യം ആവശ്യപ്പെട്ടാൽ ഇന്ത്യയിൽനിന്നുള്ള കുറ്റവാളിയെ ഗൾഫ് രാജ്യത്തേയ്ക്ക് അറസ്റ്റ് ചെയ്തു കൊണ്ടുപോകാനുള്ള അധികാരമുണ്ട്. അതുകൊണ്ട് നാട്ടിലെത്തിയാലും ഒരിക്കലും രക്ഷപ്പെടുമെന്ന് ഉറപ്പില്ല. തട്ടിപ്പു നടത്തിയവരെ പിടികൂടാൻ ബാങ്കുകൾ ആളുകളെ ഏൽപിച്ചാൽ ആ വഴിക്കും പിടിയിലാകാനുള്ള സാധ്യതയേറെയാണ്.
ഏറ്റവും ഗുരുതരമായ വിഷയം, തട്ടിപ്പിനിരയായവരുടെ പേരിൽ എടുത്ത വായ്പാത്തുക തട്ടിപ്പുകാർ രാജ്യവിരുദ്ധ പ്രവർത്തനം, ഭീകരവാദ പ്രവർത്തനം എന്നിവയ്ക്ക് ഉപയോഗിക്കുകയും അതു തെളിയുകയും ചെയ്താൽ ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കേണ്ട ദുരവസ്ഥയുമുണ്ടാകും
പെട്ടെന്ന് ജോലി നേടി സമ്പാദിക്കണമെന്ന് ആഗ്രഹിക്കുന്നവർ കൂടുതലൊന്നും ആലോചിക്കാതെയാണ് ഈ തട്ടിപ്പിന് ഇരകളാകുന്നത്. അതുകൊണ്ടു തന്നെ വിദേശത്തേയ്ക്ക് പോകാൻ ഏജൻസികളെ സമീപിക്കുമ്പോൾ അവയുടെ വിശ്വാസ്യത ഉറപ്പുവരുത്തേണ്ടതുണ്ട്. അംഗീകൃത ഏജൻസികൾ മുഖേന മാത്രം ഇടപാടുകൾ നടത്താൻ ശ്രദ്ധിക്കേണ്ടതുണ്ട്
കേന്ദ്രവിദേശകാര്യ മന്ത്രാലയം അംഗീകരിച്ച റിക്രൂട്ട്മെന്റ് ഏജൻസികള്‍ വഴി മാത്രമേ കംബോഡിയയിലേയ്ക്കും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേയ്ക്കും തൊഴിലിനായി യാത്രചെയ്യാൻ പാടുള്ളൂ. ഈ രാജ്യങ്ങളിലേയ്ക്ക് തൊഴിലന്വേഷിക്കുന്നവർക്ക് നോംപെന്നിലെ ഇന്ത്യൻ എംബസിയെ സമീപിക്കാവുന്ന ഇ-മെയിൽ വിലാസങ്ങൾ ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്
cons.phnompenh@mea.gov.in, visa.phnompenh@mea.gov.in
https://www.facebook.com/Malayalivartha