കൊച്ചിയിലെ ലുലുവിൽ 5000 പേർക്ക് തൊഴില്‍ സാധ്യത
കൊച്ചിയില്‍ നിർമ്മാണം പുരോഗമിക്കുന്ന ലുലുവിന്റെ ഐടി ടവറിലേക്ക് ഉദ്ഘാടനത്തിന് മുമ്പ് തന്നെ കൂടുതല്‍ ലോകോത്തര കമ്പനികള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ഐ ബി എം ഉള്‍പ്പെടേയുള്ള കമ്പനികളാണ് ലുലു ഐടി ടവറില്‍ പ്രവർത്തനം ആരംഭിക്കാന്‍ പോകുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. 1,67,000 ചതുരശ്ര അടി വിസ്തീർണത്തിൽ കൊച്ചി ഇൻഫോപാർക്കിലെ ലുലു സൈബർ ടവറിൽ വലിയ സ്ഥലമേറ്റെടുത്തുകൊണ്ട് പടിപടിയായി 5,000 പേർക്ക് തൊഴിൽ നൽകാനാണ് ഐ ബി എം ശ്രമിക്കുന്നത്.
ഡെവലപ്മെൻ്റ് സെൻ്റർ ആണ് കൊച്ചിയിൽ ഐബിഎം ആദ്യം ആരംഭിച്ചതെങ്കിൽ ഇപ്പോൾ ഈ കേന്ദ്രം കമ്പനിയുടെ ഇന്ത്യയിലെ തന്നെ മേജർ ഡെവലപ്മെൻ്റ് ഹബ്ബായി മാറിക്കൊണ്ടിരിക്കുകയാണ്. ജെനറേറ്റീവ് എ.ഐ ഇന്നൊവേഷൻ സെൻ്ററും ക്ലൈൻ്റ് എക്സ്പീരിയൻസ് സോണും കൊച്ചിയിൽ ആരംഭിച്ചതിലൂടെ ഇത് കൂടുതൽ വ്യക്തമാകുകയാണ്.
ലോകത്തിലെ തന്നെ കമ്പനിയുടെ പ്രധാനപ്പെട്ട 5 കേന്ദ്രങ്ങളിലൊന്നായി കൊച്ചിയെ ഉയർത്തിക്കാണിച്ചത് ഐ ബി എം, സി ഇ ഒ തന്നെയാണ്. കൊച്ചിയിലെ സ്മാർട്ട് സിറ്റിയില്‍ ലുലു ഗ്രൂപ്പ് പണിയുന്നത് സംസ്ഥാനത്തെ ഏറ്റവും വലിയ ഐടി ടവറാണ്. 153 മീറ്റർ ഉയരത്തിലുള്ള ഈ കെട്ടിടം 15000 കോടിയുടെ വമ്പന്‍ പദ്ധതിയാണ്. ഇരട്ട ടവറുകള്‍ക്ക് ഒക്യൂപെൻസി സർട്ടിഫിക്കറ്റിനുള്ള (OC) പ്രാരംഭ അനുമതി നേരത്തെ തന്നെ ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കമ്പനികളുമായുള്ള ലീസ് നടപടികള്‍ ആരംഭിച്ചത്.
ഇരട്ട ടവറുകള്‍ക്ക് ആകെ 34.54 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുണ്ടെങ്കിലും 25.5 ലക്ഷം ചതുരശ്ര അടിയായിരിക്കും മറ്റ് കമ്പനികള്‍ക്ക് ലീസിന് ലഭ്യമായിരിക്കുക. കെട്ടിടത്തില്‍ വമ്പന്‍ പാർക്കിങ് സജ്ജീകരണങ്ങളും ലുലു ഏർപ്പെടുത്തിയിട്ടുണ്ട്. മൂന്ന് ലെവല്‍ കാർ പാർക്കിങില്‍ ഒരേ സമയം 4250 ലേറെ കാറുകള്‍ക്ക് പാർക്ക് ചെയ്യാന്‍ സാധിക്കും. 2023 ലെ കണക്കുകള്‍ പ്രകാരം രണ്ടര ലക്ഷത്തോളം ഐടി പ്രൊഫഷണലുകളാണ് കേരളത്തില്‍ പ്രവർത്തിക്കുന്നതെങ്കിലും അടുത്ത വർഷത്തോടെ ഇത് ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha