പിഎസ്‌സി പരീക്ഷകള്‍ റദ്ദാക്കിയേക്കും
സര്‍ക്കാരിന്റെ നിഷേധനിലപാടിനെ തുടര്‍ന്ന് പിഎസ്സി കടുത്ത സാമ്പത്തികപ്രതിസന്ധിയില്‍. നിത്യദാന ചെലവുകള്‍ക്കുപോലും പണമില്ലാത്തതിനാല്‍ മാര്‍ച്ചുമുതലുള്ള പരീക്ഷകള്‍ റദ്ദാക്കാന്‍ ആലോചന. തൊഴില്‍രഹിതരുടെ പ്രതീക്ഷയായ പിഎസ്സിയുടെ പ്രവര്‍ത്തനം താറുമാറായതോടെ ഇന്റര്‍വ്യൂകളും കായികക്ഷമതാ പരിശോധനകളുമടക്കം മുടങ്ങും.
പരീക്ഷാ സെന്ററുകള്‍ക്ക് നല്‍കുന്ന യൂട്ടിലിറ്റി ചാര്‍ജ്, ഇന്‍വിജിലേറ്റര്‍മാര്‍ക്കുള്ള പ്രതിഫലം എന്നീ ഇനങ്ങളില്‍ കഴിഞ്ഞ അഞ്ചുമാസമായി കുടിശ്ശികയാണ്. എട്ടു കോടിയിലധികം രൂപയാണ് നല്‍കാനുള്ളത്. കായിക്ഷമത/പ്രായോഗിക പരീക്ഷ നടത്തുന്ന ഇതരവകുപ്പുകളിലെ ജീവനക്കാര്‍ക്കും പ്രതിഫലം നല്‍കാനുണ്ട്. കൂടാതെ ചോദ്യപേപ്പര്‍ അച്ചടിച്ചതിലും ലക്ഷങ്ങള്‍ കുടിശ്ശികയാണ്. പിഎസ്സിയുടെ ജില്ലാ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളുടെ വാടകയും മാസങ്ങളായി നല്‍കുന്നില്ല. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, കോട്ടയം, തിരുവനന്തപുരം ഓഫീസുകള്‍ ഒഴികെ ബാക്കിയുള്ളവ വാടക കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. 30 ലക്ഷത്തോളമാണ് വാടക കുടിശ്ശിക. പിഎസ്സിയുടെ വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കാന്‍ സിവില്‍ സപ്‌ളൈസ് വകുപ്പും മടി കാട്ടിത്തുടങ്ങി.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പിഎസ്സിയുടെ നിലനില്‍പ്പുതന്നെ അപകടത്തിലാക്കുന്ന നടപടികളാണ് സ്വീകരിച്ചത്. മതിയായ ബജറ്റ് വിഹിതം പോലും നല്‍കുന്നില്ല. കഴിഞ്ഞവര്‍ഷം 260 കോടിയാണ് ആവശ്യപ്പെട്ടതെങ്കിലും അനുവദിച്ചത് 130 കോടി മാത്രം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha