ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സ് കഴിഞ്ഞവർക്കും അല്ലാത്തവർക്കും ഇതാ ഒരു സന്തോഷ വാർത്ത..ഗൾഫിൽ കൈ നിറയെ ഒഴിവുകൾ

ഹോസ്പിറ്റാലിറ്റി മേഖലയിൽ ജോലി അന്വേഷിക്കുന്നവർക്ക് ഗൾഫ് രാജ്യങ്ങളിൽ നിന്ന് സന്തോഷവാർത്ത. യുഎഇ, സൗദി, ഒമാൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ ഈ രംഗത്ത് കൂടുതൽ തൊഴിലവസരങ്ങൾ വരുന്നു. നിരവധി പ്രമുഖ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പുകൾ പുതിയ ഹോട്ടലുകൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്.
അബുദാബി ആസ്ഥാനമായുള്ള റൊട്ടാന ഗ്രൂപ്പ് യുഎഇയിലും മറ്റ് രാജ്യങ്ങളിലുമായി പുതിയ നിരവധി ഹോട്ടലുകൾ തുറക്കുന്നതിന്റെ ഭാഗമായി 1,000ൽ അധികം ജീവനക്കാരെ നിയമിക്കുമെന്ന് അറിയിച്ചു. നിലവിൽ ഈ ഗ്രൂപ്പിന് ഏകദേശം 80 ഹോട്ടലുകളുണ്ട്. ഇതിൽ ഭൂരിഭാഗവും യുഎഇ,സൗദി, തുർക്കി, ജോർദാൻ, ഒമാൻ, ഈജിപ്ത്, കോംഗോ, ടാൻസാനിയ എന്നിവിടങ്ങളിലും റൊട്ടാനയ്ക്ക് ഹോട്ടലുകളുണ്ട്. ഇപ്പോൾ 20ൽ അധികം പ്രോപ്പർട്ടികൾ കമ്പനി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതിൽ യുഎഇയിൽ രണ്ടും സൗദിയിൽ ഏകദേശം 11 എണ്ണവും അടുത്ത 18 മാസം മുതൽ രണ്ട് വർഷത്തിനുള്ളിൽ തുറക്കും. മൂന്ന് മുതൽ അഞ്ച് വർഷത്തിനുള്ളിൽ 120 ഹോട്ടലുകളിൽ എത്തുകയാണ് റൊട്ടാനയുടെ ലക്ഷ്യം.
വരാനിരിക്കുന്ന പ്രോജക്റ്റുകളിൽ രണ്ടെണ്ണം പ്രധാനപ്പെട്ട നാഴികക്കല്ലുകളാൻ പോകുന്നതാണ്. നിലവിൽ റൊട്ടാന ഗ്രൂപ്പിൽ 10,000ൽ അധികം ജീവനക്കാരുണ്ട്. ഇത് 18 മാസത്തിനുള്ളിലോ രണ്ട് വർഷത്തിനുള്ളിലോ 11,000ൽ അധികമാകും. ഓരോ ഹോട്ടലിലെയും മുറികളുടെ എണ്ണത്തിനനുസരിച്ചായിരിക്കും ജീവനക്കാരുടെ നിയമനം. ഹോട്ടലിന്റെ വലുപ്പം കൂടുന്നതിനനുസരിച്ച് ജീവനക്കാരുടെ എണ്ണവും വർധിക്കും. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ മേയ് ഒന്നുവരെ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റ് 2025ൽ റൊട്ടാന ഗ്രൂപ്പ് പങ്കെടുക്കുന്നുണ്ട്.
ഇതുകൂടാതെ മറ്റു ചില ഹോട്ടൽ ഗ്രൂപ്പുകളും ഗൾഫിൽ തങ്ങളുടെ പ്രോപ്പർട്ടികളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുന്നുണ്ട്. ഗൾഫിലെ ഹോസ്പിറ്റാലിറ്റി മേഖലയിൽ ധാരാളം മലയാളികൾ ജോലി ചെയ്യുന്നുണ്ട്. ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സ് പഠിച്ച ശേഷം നിരവധി മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ യുഎഇയിലും മറ്റ് ഗൾഫ് രാജ്യങ്ങളിലും ജോലി അന്വേഷിച്ചെത്തുന്നുണ്ട്. ഇവർക്കെല്ലാം ഇതൊരു നല്ല അവസരമാണ്.
https://www.facebook.com/Malayalivartha