ലാസ്റ്റ് ഗ്രേഡ് വിജ്ഞാപനം വര്‍ഷാവസാനം; ബിരുദധാരികള്‍ക്ക് പ്രതീക്ഷക്കു വകയില്ല
വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് നിയമനത്തിനുള്ള പുതിയ വിജ്ഞാപനം പി.എസ്.സിയില്‍ തയ്യാറാകുന്നു. എല്‍.ഡി. ക്ലാര്‍ക്ക് പരീക്ഷ കഴിയുന്നതോടെ പ്രസിദ്ധീകരിക്കും. അടുത്തവര്‍ഷം ആദ്യം പരീക്ഷ നടത്തും. നിലവിലെ റാങ്ക്പട്ടികയുടെ കാലാവധി 2018 ജൂണ്‍ 29-ന് അവസാനിക്കും. പിറ്റേന്നുതന്നെ പുതിയ റാങ്ക്പട്ടിക നിലവില്‍വരത്തക്കവിധമാണ് സമയം ക്രമീകരിക്കുന്നത്.
പുതുക്കിയ യോഗ്യതയനുസരിച്ചായിരിക്കും ഇത്തവണ വിജ്ഞാപനം തയ്യാറാക്കുന്നത്. അതിനാൽ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാനാകില്ല. നേരത്തെ എഴുത്തും വായനയും അറിയാവുന്നവര്‍ക്കെല്ലാം അപേക്ഷിക്കാമായിരുന്നു. 2016 ജൂണ്‍ നാലിന് പുറപ്പെടുവിച്ച വിജ്ഞാപനത്തിലാണ് ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സിന്റെ യോഗ്യത പരിഷ്‌കരിച്ചത്. ഏഴാം ക്ലാസ് വിജയമാണ് യോഗ്യതയാക്കി നിശ്ചയിച്ചത്. ബിരുദം നേടിയവരായിരിക്കരുതെന്നും വ്യവസ്ഥ ചേര്‍ത്തു. ബിരുദധാരികള്‍ മറ്റു ജോലികള്‍ തേടിപ്പോകുന്നതിനാല്‍ ലാസ്റ്റ് ഗ്രേഡിന് അവരെ നിയോഗിക്കാനാകില്ലെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് യോഗ്യത പരിഷ്‌കരിച്ചത്.
പുതുക്കിയ യോഗ്യതയനുസരിച്ചുള്ള ആദ്യ വിജ്ഞാപനമായിരിക്കും പി.എസ്.സി. ഈ വര്‍ഷം പുറത്തിറക്കുന്നത്. കഴിഞ്ഞ വിജ്ഞാപനത്തിന് 14 ജില്ലകളിലുമായി 13.10 ലക്ഷം അപേക്ഷകരാണുണ്ടായത്. ബിരുദധാരികളെ വിലക്കുന്നതിനാല്‍ ഇത്തവണ ലാസ്റ്റ് ഗ്രേഡ് അപേക്ഷകരില്‍ വലിയ കുറവുണ്ടാകും. ബിരുദം പൂര്‍ത്തിയാക്കാത്തവര്‍ക്കും അപേക്ഷിക്കാം.
ബിരുദവിദ്യാര്‍ഥികളും അപേക്ഷിക്കാന്‍ സാധ്യതയുണ്ട്. അപേക്ഷിക്കാനുള്ള അവസാനതീയതിക്കകം ബിരുദം നേടിയവരാകരുത്. എസ്.എസ്.എല്‍.സി., പ്രീഡിഗ്രി, പ്ലസ് വണ്‍, പ്ലസ് ടു, ഐ.ടി.ഐ., പോളിടെക്നിക് യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. ഇവര്‍ക്കും അപേക്ഷിക്കാനുള്ള അവസാനതീയതിയില്‍ ബിരുദം ഉണ്ടാകാന്‍ പാടില്ല.
2013 ഡിസംബര്‍ 31-നാണ് കഴിഞ്ഞ ലാസ്റ്റ് ഗ്രേഡ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. 2015 മേയില്‍ സാധ്യതാപട്ടികയും ജൂണ്‍ 30-ന് റാങ്ക്പട്ടികയും പ്രസിദ്ധീകരിച്ചു.14 ജില്ലകളുടെയും റാങ്ക്പട്ടികകളില്‍ 53,239 പേരാണ് ഉള്‍പ്പെട്ടത്. വരുന്ന ജൂണില്‍ രണ്ടുവര്‍ഷം തികയ്ക്കുന്ന റാങ്ക്പട്ടികയില്‍നിന്ന് കാര്യമായ തോതില്‍ നിയമനങ്ങള്‍ നടന്നിട്ടില്ല. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള വൈമുഖ്യവും റിപ്പോര്‍ട്ട് ചെയ്തവയിലേക്ക് സാങ്കേതിക തടസ്സങ്ങള്‍ കാരണം നിയമനശുപാര്‍ശ വൈകുന്നതുമാണ് കാരണം. ഈ വിജ്ഞാപനം ബിരുദധാരികൾക് ഏറ്റ കടുത്ത പ്രഹരം ആയിപോയി എന്ന് വേണം കണക്കാക്കാൻ.
https://www.facebook.com/Malayalivartha