വ്യോമസേനയില്‍ ഒഴിവുകൾ
വടക്കന്‍ ജില്ലക്കാര്‍ക്കായുള്ള വ്യോമസേനാ റിക്രൂട്ട്മെന്റ് റാലി ആദ്യമായി വയനാട്ടിൽ നടക്കുന്നു. മേയ് 24 മുതല്‍ 31 വരെ കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ നടക്കും. പ്ലസ്ടുവിന് മൊത്തമായും ഇംഗ്ലീഷില്‍ പ്രത്യേകമായും 50 ശതമാനം മാര്‍ക്ക് യോഗ്യത വേണ്ട ഓട്ടോടെക്നീഷ്യന്‍, ഗ്രൗണ്ട് ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍, ഇന്ത്യന്‍ എയര്‍ഫോഴ്സ് പോലീസ് എന്നീ തസ്തികകളിലേക്കും മേല്‍ യോഗ്യതകള്‍ക്കു പുറമേ പ്ലസ്ടുവിന് ഫിസിക്‌സ്, കെമിസ്ട്രി ബയോളജി വിഷയങ്ങള്‍ പഠിച്ചിരിക്കേണ്ട മെഡിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്കാണ് റിക്രൂട്ട്മെന്റ്.
പ്രായം: 1997 ജൂലായ് ഏഴിനും 2000 ഡിസംബര്‍ 20നും ഇടയില്‍ ജനിച്ചവര്‍ക്കാണ് അവസരം. ഉയരം: ഓട്ടോ ടെക്നീഷ്യന്‍ 165 സെ.മീ. ഗ്രൗണ്ട് ട്രെയ്നിങ് ഇന്‍സ്ട്രക്ടര്‍ 167 സെ.മീ., എയര്‍ഫോഴ്സ് പോലീസ് 175 സെ.മീ., മെഡിക്കല്‍ അസിസ്റ്റന്റ് 152.5 സെ.മീ.
അപേക്ഷകര്‍ ശാരീരികമായും മാനസികമായും ഉന്നതനിലവാരം പുലര്‍ത്തുന്നവരായിരിക്കണം. മികച്ച കാഴ്ചശക്തിയുണ്ടായിരിക്കണം. കണ്ണട ഉപയോഗിക്കുന്നവര്‍ അത് നിര്‍ദേശിച്ച ഡോക്ടറുടെ കുറിപ്പടിയും കൊണ്ടുവരണം. കുറിപ്പടിയില്‍ ഡോക്ടറുടെ കൈയൊപ്പ്, സീല്‍, രജിസ്ട്രേഷന്‍ നമ്പര്‍ എന്നിവ വ്യക്തമായിരിക്കണം.
മേയ് അവസാനവാരം നടക്കുന്ന റിക്രൂട്ട്മെന്റ് റാലിക്ക് മുന്‍പ് ഉദ്യോഗാര്‍ഥികള്‍ പ്രീ രജിസ്ട്രേഷന്‍ നടത്തണം. ഉദ്യോഗാര്‍ഥികള്‍ ഇതോടൊപ്പം നല്‍കിയിട്ടുള്ള രജിസ്ട്രേഷന്‍ ഫോറത്തിന്റെയും അഡ്മിറ്റ് കാര്‍ഡിന്റെയും മാതൃക എ4 സൈസ് കടലാസില്‍ തയ്യാറാക്കി ഇംഗ്ലീഷില്‍ പൂരിപ്പിച്ചു കൈവശം വെക്കണം. ഇതോടൊപ്പം എസ്.എസ്.എല്‍.സി., പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍, സ്ഥിരവാസ സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോയുടെ നാല് കോപ്പികള്‍ എന്നിവയുമായി പ്രീ രജിസ്ട്രേഷനും റിക്രൂട്ട്മെന്റ് റാലിക്കും ഹാജരാകണം.
ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയാത്ത ഉദ്യോഗാര്‍ഥികള്‍ അത് സൂക്ഷിച്ചിരിക്കുന്ന കോളജിന്റെയോ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയോ മേലധികാരിയില്‍നിന്ന് അക്കാര്യം രേഖപ്പെടുത്തിയിട്ടുള്ള സാക്ഷ്യപത്രം ഹാജരാക്കണം.
18 വയസ്സിന് താഴെയുള്ളവര്‍ റാലിയില്‍ പങ്കെടുക്കുന്നതിന് അനുവദിച്ചുകൊണ്ടുള്ള രക്ഷിതാവിന്റെ സമ്മതപത്രവും കൊണ്ടുവരണം. സമ്മതപത്രത്തിന്റെ മാതൃക ഇതോടൊപ്പം നൽകിയിട്ടുണ്ട്.
എഴുത്തുപരീക്ഷ, രണ്ട് ഘട്ടങ്ങളിലായുള്ള അഡാപ്റ്റബിലിറ്റി ടെസ്റ്റ്, ശാരീരികക്ഷമതാ പരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഇംഗ്ലീഷ്, റീസണിങ്, ജനറല്‍ അവേര്‍നെസ് വിഭാഗങ്ങളില്‍നിന്ന് ചോദ്യങ്ങളുണ്ടാകും. മൂന്ന് വിഭാഗങ്ങളിലും ജയിക്കണം. പരീക്ഷയുടെ ഫലം അതേദിവസം തന്നെയറിയാം. അതില്‍ വിജയിച്ചവര്‍ പിറ്റേദിവസം നടക്കുന്ന ശാരീരികക്ഷമതാ പരീക്ഷയില്‍ പങ്കെടുക്കണം. ട്രെയിനിങ് വിജയകരമായി പൂര്‍ത്തിയാക്കുന്നവരെ 23,535 രൂപ ശമ്പളത്തില്‍ അവരുടെ ട്രേഡിനനുസരിച്ച് ഓട്ടോമൊബൈല്‍ ടെക്നീഷ്യന്‍, ഗ്രൗണ്ട് ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍, ഇന്ത്യന്‍ എയര്‍ഫോഴ്സ് പോലീസ്, മെഡിക്കല്‍ അസിസ്റ്റന്റ് തസ്തികകളില്‍ നിയമിക്കും.
എഴുത്തുപരീക്ഷയുടെ വിശദമായ സിലബസ്, മാതൃകാചോദ്യപേപ്പറുകള്‍ എന്നിവയ്ക്ക്: https://goo.gl/mv2r3K എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷാ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും: https://goo.gl/2Bc99T.
https://www.facebook.com/Malayalivartha