കോളജ് പ്രവേശനം: സര്‍ട്ടിഫിക്കറ്റുകള്‍ സ്വയം സാക്ഷ്യപ്പെടുത്താം
കോളജ് പ്രവേശനത്തിന് അപേക്ഷിക്കുന്ന വിദ്യാര്‍ഥികള്‍ ഇനിമുതല്‍ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുനല്‍കിയാല്‍ മതിയെന്നു യുജിസി. ഇതു സംബന്ധിച്ച നിര്‍ദേശം യുജിസി എല്ലാ സര്‍വകലാശാലകള്‍ക്കും അയച്ചു. നിര്‍ദേശം നടപ്പാക്കുന്നതിന് ഒരാഴ്‌ചത്തെ സമയവും അനുവദിച്ചു.
രാജ്യത്തെ ആയിരക്കണക്കിനു സര്‍വകലാശാലകളില്‍ പ്രവേശനം തേടുന്ന ലക്ഷക്കണക്കിനു വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് യുജിസി തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതു സംബന്ധിച്ചു നടത്തിയ പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയാണ് യുജിസി നിര്‍ദേശം.
പ്രവേശനത്തിനു മുന്‍പു വിദ്യാര്‍ഥികള്‍ സത്യവാങ്‌മൂലം നല്‍കണമെന്ന നിബന്ധനയും ഇതോടെ ഇല്ലാതായി. ഈ രണ്ടു നിര്‍ദേശങ്ങളും നടപ്പാക്കി ഒരാഴ്‌ചയ്‌ക്കുള്ളില്‍ മറുപടി നല്‍കണമെന്നും സര്‍വകലാശാലാ വിസിമാര്‍ക്കയച്ച കത്തില്‍ യുജിസി നിര്‍ദേശിച്ചിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തിക്കിട്ടുന്നതിനു ഗസറ്റഡ് ഓഫിസര്‍മാരെ തേടിനടക്കുകയും അവരുടെ ദാക്ഷിണ്യത്തിനു കാത്തുനില്‍ക്കുകയും അതിനായി പണവും സമയവും പാഴാക്കുകയും ചെയ്യേണ്ടിവരുന്ന ദുരവസ്‌ഥയ്‌ക്കാണ് ഇതോടെ അവസാനമാവുക.
ഗസറ്റഡ് ഓഫിസര്‍മാരില്ലാത്ത ഗ്രാമങ്ങളില്‍ താമസിക്കുന്ന പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് യുജിസി തീരുമാനം ഏറെ അനുഗ്രഹമാകും. ഗസറ്റഡ് ഉദ്യോഗസ്‌ഥര്‍ക്കും ഇതു സമയലാഭത്തിനു വഴിവയ്‌ക്കും. കോളജ് പ്രവേശന നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണു സര്‍ട്ടിഫിക്കറ്റുകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയെന്ന നിര്‍ദേശം. പ്രവേശനത്തിന്റെ അവസാന ഘട്ടത്തില്‍ യഥാര്‍ഥ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം.
https://www.facebook.com/Malayalivartha