ഇനി കോളേജ് അധ്യാപകരാകാന്‍ പുത്തൻ മാറ്റങ്ങളോടെ യുജിസി വിജ്ഞാപനമിറക്കി...
ഇനി കോളേജ് അധ്യാപകരാകാന്‍ ബിരുദ പരീക്ഷയിലെ മാർക്കും പരിഗണിക്കും. ബിരുദതല മാര്‍ക്കി നിയമനത്തില്‍ പരിഗണിക്കുന്നത് ഉള്‍പ്പെടെയുള്ള മാറ്റങ്ങളോടെ യുജിസി വിജ്ഞാപനമിറക്കി. പിഎച്ച്‌ഡി ഇല്ലാത്തവര്‍ക്ക് ഇനി പ്രഫസര്‍മാരാകാന്‍ കഴിയില്ല. പിഎച്ച്‌ഡിക്കാരാണെങ്കില്‍ സ്ഥാനക്കയറ്റത്തിലൂടെ പ്രഫസര്‍മാരാകാം.
കോളജ്, സര്‍വകലാശാലകളില്‍ അസിസ്റ്റന്റ് പ്രഫസറായി നിയമനം ലഭിക്കുന്നവര്‍ക്ക് ഒരു മാസത്തെ പ്രത്യേക പരിശീലനം ഉണ്ടാകും. പ്രഫസര്‍ തസ്തികയില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് സീനിയര്‍ പ്രഫസര്‍ തസ്തികയ്ക്ക് അര്‍ഹതയുണ്ടാകും. എന്നാല്‍, സര്‍വകലാശാലകളിലെ അനുവദനീയമായ തസ്തിക കൂടി പരിഗണിച്ചാകും ഇത്.
സര്‍വകലാശാലകളിലെയും കോളജുകളിലെയും അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയില്‍ ജോലിയില്‍ പ്രവേശിക്കാന്‍ മുന്‍പ് പരിഗണിച്ചിരുന്ന ബിരുദാനന്തര ബിരുദ മാര്‍ക്ക്, നെറ്റ്, എംഫില്‍, പി.എച്ച്.ഡി, അധ്യാപന പരിചയം എന്നിവയ്ക്കുള്ള സ്‌കോറുകള്‍ക്ക് പുറമേയാണ് ബിരുദതല മാര്‍ക്കുകൂടി കണക്കിലെടുക്കുക. ബിരുദ പരീക്ഷയില്‍ 80 % അധികം മാര്‍ക്കുള്ളവര്‍ക്ക് 15, 60-80 % 13, 55-60 % മാര്‍ക്കുള്ളവര്‍ക്ക് 10, 45-55 % അഞ്ച് എന്നിങ്ങനെയാണ് സര്‍വകലാശാല നിയമനത്തില്‍ സ്‌കോര്‍ ലഭിക്കുക. കോളജ് നിയമനത്തിന് ബിരുദ പരീക്ഷയില്‍ 80 ശതമാനത്തില്‍ അധികം മാര്‍ക്കുളളവര്‍ക്ക് 21, 60-80 ശതമാനക്കാര്‍ക്ക് 19, 55-60 % മാര്‍ക്കുള്ളവര്‍ക്ക് 16, 45-55 ശതമാനക്കാര്‍ക്ക് 10 എന്നിങ്ങനെയാണ് സ്‌കോര്‍.
സര്‍വകലാശാലകളിലെയും കോളജുകളിലെയും അക്കാദമിക് ജീവനക്കാരുടെ സേവന വ്യവസ്ഥകള്‍ പരിഷ്‌കരിക്കുന്ന നിര്‍ദേശങ്ങളാണ് വിജ്ഞാപനത്തിലുള്ളത്. ഫെബ്രുവരിയില്‍ പുറത്തിറക്കിയ കരടുരേഖയില്‍ നേരിയ മാറ്റങ്ങളോടെയാണ് വിജ്ഞാപനം.
https://www.facebook.com/Malayalivartha