എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 13 ലേക്ക് മാറ്റാന്‍ ശുപാര്‍ശ
തിരുവനന്തപുരം : ആഗസ്റ്റ് 30 ന് ആരംഭിക്കാനിരുന്ന ഒന്നാം പാദവാര്‍ഷിക പരീക്ഷ 31ലേക്ക് മാറ്റണമെന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗുണനിലവാര സമിതി യോഗത്തിന്റെ ശുപാര്‍ശ സര്‍ക്കാരിന്റെ അനുമതിക്കായി സമര്‍പ്പിക്കുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. നിപ പ്രതിരോധപ്രവര്‍ത്തനങ്ങളുടെയും മഴക്കെടുതിയുടെയും പശ്ചാത്തലത്തില്‍ നഷ്ടപ്പെട്ട അധ്യയനദിനങ്ങള്‍ പരിഹരിക്കുന്നതിന് എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 13ന് ആരംഭിച്ച് 27ന് അവസാനിക്കുന്ന തരത്തില്‍ പുന:ക്രമീകരിക്കുന്നതിനും സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്തു.
എല്ലാ ദിവസവും ഉച്ചയ്ക്കുശേഷം ആരംഭിക്കുന്ന എസ്എസ്എല്‍സി വാര്‍ഷിക പരീക്ഷ എല്ലാ ദിവസവും രാവിലെ ഹയര്‍ സെക്കണ്ടറി പരീക്ഷയോടൊപ്പം നടത്താനുള്ള ശുപാര്‍ശയും അനുമതിക്കായി സമര്‍പ്പിക്കുന്നതായിരിക്കും. മഴക്കെടുതി മൂലം അധ്യയനദിനങ്ങള്‍ നഷ്ടപ്പെട്ട ജില്ലകളിലെ സ്‌കൂളുകളില്‍ അധ്യയനദിനങ്ങള്‍ ക്രമീകരിക്കാന്‍ ആറാം പ്രവൃത്തിദിനം ഉള്‍പ്പെടെ രണ്ടാം ശനിയാഴ്ച ഒഴികെയുള്ള മറ്റു ശനിയാഴ്ചകള്‍ കൂടി പ്രവൃത്തിദിനമായി ക്രമീകരിക്കും. ജില്ലയിലെ ഉപ ഡയറക്ടര്‍മാര്‍ അടിയന്തരമായി ക്യുഐപിയോഗം വിളിച്ചുചേര്‍ത്ത് ജില്ലകളിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് നഷ്ടപ്പെട്ട പ്രവൃത്തിദിനങ്ങള്‍ക്ക് പരിഹാരം കാണണം.
സ്‌കൂള്‍ പ്രവൃത്തി ദിനങ്ങളില്‍ വിദ്യാഭ്യാസവകുപ്പിന്റെ അനുമതികൂടാതെ യാതൊരുവിധ പാഠേ്യതര പരിപാടികളും നടത്തരുതെന്നും വിദ്യാലയങ്ങളുടെ മതേതര സ്വഭാവം നഷ്ടപ്പെടുന്ന രീതിയിലുള്ള പരിപാടികള്‍ നടത്താന്‍ പാടില്ലെന്നും യോഗം നിര്‍ദ്ദേശിച്ചതായും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha