ലോകത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹം ഐഎസ്ആർഒ ഭ്രമണപഥത്തിലെത്തിച്ചു . 1.26 കിലോ മാത്രമാണ് ഈ ഉപഗ്രഹത്തിന്റെ ഭാരം
ലോകത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹം ഐഎസ്ആർഒ ഭ്രമണപഥത്തിലെത്തിച്ചു . 1.26 കിലോ മാത്രമാണ് ഈ ഉപഗ്രഹത്തിന്റെ ഭാരം . ചെന്നൈയിലെ സ്പേസ് കിഡ്സ് ഇന്ത്യ എന്ന സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർഥികൾ ആണ് ഈ ചിന്ന ഉപഗ്രഹം നിർമിച്ചത് . ഇന്നലെ രാത്രിയാണ് ഐഎസ്ആർഒ ഉപഗ്രഹം വിക്ഷേപിച്ചത്.
ഈ ഉപഗ്രഹത്തിന്റെ നിർമാണത്തിന് ആകെ ചെലവായത് പന്ത്രണ്ടു ലക്ഷം രൂപയാണ്. ആറു ദിവസം കൊണ്ടാണ് വിദ്യാർഥികള്‍ ഉപഗ്രഹം നിർമിച്ചത്. എന്നാൽ ആറു വർഷം കൊണ്ടാണ് ഇതിനുള്ള സാങ്കേതികവിദ്യ സ്വായത്തമാക്കിയതെന്നും വിദ്യാർഥികൾക്ക് നേതൃത്വം നൽകിയ പ്രൊഫസർ ശ്രിമതി കേശൻ പറഞ്ഞു.
കലാംസാറ്റ് – വി2 എന്നാണ് ഉപഗ്രഹത്തിന് പേരിട്ടിരിക്കുന്നത്. സ്വകാര്യ സ്ഥാപനം ഡിസൈൻ ചെയ്തു വികസിപ്പിച്ച് ഐഎസ്ആർഒ വിക്ഷേപിക്കുന്ന ആദ്യ ഉപഗ്രഹമാണ് കലാംസാറ്റ് – വി2. വിദ്യാഭ്യാസമേഖലയെ സഹായിക്കാൻ നിർമിച്ചിരിക്കുന്നതാണ് ഈ ഉപഗ്രഹം.
വിദ്യാർഥികളുടെ ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ച ശാസ്ത്രഞ്ജരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. 2017ൽ 64 ഗ്രാം മാത്രം തൂക്കം വരുന്ന ഗുലാബ് ജാമുൻ എന്ന ഉപഗ്രഹം നാസ വിക്ഷേപിച്ചിരുന്നെങ്കിലും അതു ഭ്രമണപഥത്തിലെത്തിയിരുന്നില്ല
ശാസ്ത്രത്തിൽ താൽപര്യമുള്ളവർക്കായി ഇന്ത്യയൊട്ടാകെ ഇൻക്യുബേഷൻ സെന്ററുകൾ ആരംഭിക്കാനിരിക്കുകയാണ് ഐഎസ്ആർഓ . ചെറുപ്പക്കാരുടെ ഭാവനയെ ജ്വലിപ്പിക്കുന്നതാണ് ഇത്തരം പദ്ധതികൾ.വിദ്യാർഥികൾക്കായി ഐഎസ്ആർഒയുടെ കീഴിൽ ‘യങ് സയന്റിസ്റ്റ്സ് പ്രോഗ്രാം’ ഉടൻ ആരംഭിക്കും. പദ്ധതി പ്രകാരം ഓരോ സംസ്ഥാനത്തുനിന്നും 8,9 ക്ലാസുകളിലെ മൂന്നു വിദ്യാർഥികളെ വീതം തിരഞ്ഞെടുത്ത് ഐഎസ്ആർഒയിൽ പരിശീലനം നൽകുമെന്നും ഐഎസ്ആർഒ ചെയര്‍മാൻ ഡോ. കെ.ശിവൻ പറഞ്ഞു
മനുഷ്യനെ എങ്ങനെ സുരക്ഷിതമായി ബഹിരാകാശത്ത് എത്തിക്കാം, എങ്ങനെ സുരക്ഷിതരായി തിരിച്ചെത്തിക്കാം എന്നതാണ് ഇപ്പോൾ ഐഎസ്ആർഒയ്ക്കു മുന്നിലുള്ള വലിയ വെല്ലുവിളി. കുറേപേരുടെ തോൽവിയിൽ നിന്നുള്ള പാഠങ്ങളാണു നമ്മളിപ്പോൾ പുസ്തകങ്ങളായും അല്ലാതെയും പഠിക്കുന്നത്. പരാജയങ്ങളെ അവസരങ്ങളായി കണ്ട് അതിൽനിന്നു പഠിക്കണമെന്നും അദ്ദേഹം വിദ്യാർഥികളോടു നിർദേശിച്ചു.
2022നകം ഗഗനയാൻ പദ്ധതി നടപ്പിലാക്കുന്നതോടെ ബഹിരാകാശത്തേക്ക് സ്വന്തമായി മനുഷ്യരെ അയയ്ക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. യുഎസ്എ, ചൈന, റഷ്യ എന്നീ രാജ്യങ്ങളാണ് ഇതിനു മുൻപു ബഹിരാകാശത്തേക്ക് മനുഷ്യരെ അയച്ചിട്ടുള്ളത്
https://www.facebook.com/Malayalivartha