ജീവിതത്തിൽ ഏറ്റവും അത്യാവശ്യം വേണ്ട പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നാണ് കോൺസെൻട്രേഷൻ അഥവാ ശ്രദ്ധ
ജീവിതത്തിൽ ഏറ്റവും അത്യാവശ്യം വേണ്ട പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നാണ് കോൺസെൻട്രേഷൻ അഥവാ ശ്രദ്ധ. ശരീരവും മനസ്സും ഒരേപോലെ കൂടിച്ചേരുമ്പോഴാണ് ശ്രദ്ധയുണ്ടാകുന്നത്. ശ്രദ്ധയുള്ളവരുടെ ഒന്നാമത്തെ ഗുണം അവർക്ക് സാധാരണ തെറ്റുകൾ ഉണ്ടാകുവാൻ സാധ്യത വളരെ കുറവാണ്. കൂടാതെ, അവർക്ക് കാര്യക്ഷമത കൂടുതലായിരിക്കും.
ഒരേ സമയം ഒന്നിലധികം കാര്യങ്ങൾ ചെയ്യുന്നതാണ് കാര്യക്ഷമത എന്ന തെറ്റായ ധാരണ നമുക്കുണ്ട്. ഇത് നമ്മുടെ ശ്രദ്ധയെ വ്യതിചലിപ്പിക്കുകയും തെറ്റുകൾ വരാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും.
ഏറ്റെടുത്ത ജോലികൾ കൃത്യസമയത്തു തെറ്റ് കൂടാതെ ചെയ്തു തീർക്കുന്നതിന് ശ്രദ്ധ ആവശ്യമാണ്. എങ്ങനെ ശ്രദ്ധ വർധിപ്പിക്കാമെന്ന് നോക്കാം.
1. മെഡിറ്റേഷൻ അഥവാ ധ്യാനം
സ്ഥിരമായി ധ്യാനം (Meditation) പരിശീലിക്കുന്നത് ഏകാഗ്രത വർദ്ധിപ്പിക്കുന്നതിന് സഹായിക്കും .. അതിലൂടെ നമ്മുടെ ശ്രദ്ധ വർദ്ധിപ്പിക്കുവാൻ സാധിക്കും. പലതരത്തിലുള്ള മെഡിറ്റേഷൻ രീതികളുണ്ടെങ്കിലും നമുക്ക് ഏറ്റവും അനുയോജ്യമായി തോന്നുന്ന മെഡിറ്റേഷൻ ആയിരിക്കണം തെരഞ്ഞെടുക്കേണ്ടത് .പെട്ടെന്നുള്ള ദേഷ്യം, സങ്കടം, സമ്മര്‍ദ്ദം, എന്നിവയില്‍ നിന്നെല്ലാം മാറിനില്‍ക്കാന്‍ മെഡിറ്റേഷന്‍ സഹായിക്കും.
2. യോഗയോ മറ്റ് വ്യായാമങ്ങളോ ശീലിക്കുക
വ്യായാമങ്ങൾ സാധാരണ ശരീരത്തിന് വേണ്ടിയുള്ളതാണെങ്കിലും ഇത് പൊതുവേ നമ്മുടെ മനസ്സിനെയും കാര്യമായി സ്വാധീനിക്കുന്നു. ആ സ്വാധീനമാണ് നമ്മുടെ ശ്രദ്ധയേയും രൂപപ്പെടുത്തുന്നത്. പ്രത്യേകിച്ച് യോഗ പോലെയുള്ള വ്യായാമങ്ങൾ. യോഗയിൽ ഏറ്റവും പ്രധാനപ്പെട്ട സൂര്യനമസ്ക്കാരം, അതിൽ ശ്വാസോഛ്വാസം എടുക്കുന്ന രീതിയിൽ പോലും ശ്രദ്ധ വളരെ അനിവാര്യമാണ്. നിരന്തര യോഗാ പരിശീലനത്തിലൂടെ ആ ശ്രദ്ധ നമുക്ക് ആർജ്ജിക്കാവുന്നതാണ്. ഒരു വ്യക്തിയുടെ പെരുമാറ്റത്തിലും ചിന്താരീതിയിലും നിലപാടിലും വലിയ വ്യത്യാസമുണ്ടാക്കാൻ യോഗയ്ക്ക് കഴിയും
3. ചെറിയ വെല്ലുവിളികൾ ഏറ്റെടുക്കുക
ചെറിയ രീതിയിൽ ചലഞ്ച് ചെയ്യുന്ന പ്രവർത്തനങ്ങളിൽ പങ്കെടുക്കുക. ഉദാ. 1..2..3 എന്ന ഓർഡറിൽ 100 വരെ നമുക്ക് നിഷ്പ്രയസമായി എണ്ണാം അതിൽ പ്രത്യേകിച്ച് വെല്ലുവിളികളൊന്നും തന്നെയില്ല.. എന്നാൽ അത് നേരേ മറിച്ച് നാലിടവിട്ട് റിവേഴ്സ് ഓർഡറിൽ ആണെങ്കിൽ കുറച്ച് ബുദ്ധിമുട്ടാണ് അതായത്, 100…96…92… 88 ഇത്തരത്തിൽ എണ്ണുക. ഇത് പോലെ അൽപ്പം ബുദ്ധിമുട്ടുള്ളതും എന്നാൽ ലളിതവുമായിട്ടുള്ള കാര്യങ്ങളിൽ മനസ്സിനെ വ്യാപൃതമാക്കുക.. ഇങ്ങനെയുള്ള പ്രവർത്തനങ്ങളിൽ മനസ്സിന്റെ പങ്ക് വളരെ വലുതാണ്. ശ്രദ്ധ വളർത്തുവാൻ അത് സഹായകരവുമാണ്.
4. വാച്ചിന്റെ സൂചികൾ ശ്രദ്ധിക്കുക
കൈയ്യിലെ വാച്ചിലോ അല്ലെങ്കിൽ ഏതെങ്കിലും ക്ലോക്കിലോ അതിലെ സെക്കന്റ് സൂചിയുടെ നീക്കം മാത്രം ശ്രദ്ധിച്ചുകൊണ്ടേയിരിക്കുക. ഒരു മിനിട്ടിൽ ഒരുതവണപോലും വിട്ടുപോകാതെ അതിന്റെ നീക്കം തന്നെ വീക്ഷിച്ചുകൊണ്ടേയിരിക്കുക.. ഏതെങ്കിലും സന്ദർഭത്തിൽ അതുവിട്ടുപോയാൽ പിന്നേയും ഒന്നേന്ന് ആവർത്തിക്കുക. ഇങ്ങനെയുള്ള ചെറിയ വീക്ഷണങ്ങൾ നമ്മുടെ ശ്രദ്ധ വർദ്ധിപ്പിക്കുന്ന ഘടകങ്ങളിൽ ഒന്നാണ്.
5. ശബ്ദങ്ങൾക്ക് കാതോർക്കുക
കണ്ണുകൾ അടച്ചുകൊണ്ട് ചുറ്റിനും കേൾക്കുന്ന ചെറിയ ശബ്ദങ്ങൾപോലും ശ്രദ്ധിക്കുക. ചിലപ്പോഴത് പക്ഷികളുടെ ആകാം.. അല്ലെങ്കിൽ റോഡിലൂടെ പോകുന്ന വാഹങ്ങളുടേതാവാം… ഏതുമായിക്കൊള്ളട്ടെ ശബ്ദം കെട്ട് അത് തിരിച്ചറിയാൻ ശ്രമിക്കുക വഴി നമ്മുടെ ശ്രദ്ധയും വർദ്ധിക്കും.
ഇത്തരം 5 കാര്യങ്ങളിലൂടെ നമ്മുടെ ശ്രദ്ധ വർദ്ധിപ്പിക്കുവാൻ സാധിക്കും. ശ്രദ്ധ കൂടുന്നതുവഴി, പഠനത്തിലായിക്കൊള്ളട്ടെ നമ്മൾ ചെയ്യുന്ന ഏതു ജോലിയുമായിക്കൊള്ളട്ടെ അതെല്ലാം കാര്യക്ഷമമായി വളരെ നിസാരമായി നമുക്ക് ചെയ്യുവാൻ സാധിക്കും.
https://www.facebook.com/Malayalivartha