2020: സാങ്കേതികവിദ്യയില്‍ അഗ്രഗണ്യരായവരുടെ വര്‍ഷം
തൊഴില്‍ മേഖലയില്‍ സാങ്കേതിക വിദഗ്ധര്‍ക്ക് ഏറ്റവും കൂടുതല്‍ പ്രാധാന്യം ലഭിയ്ക്കുന്ന വര്‍ഷമായിരിയ്ക്കും 2020 എന്നാണ്, മനുഷ്യ വിഭവശേഷി മേഖലയില്‍ തിരച്ചില്‍ നടത്തി അനുയോജ്യനായ ഉദ്യോഗാര്‍ഥിയെ തങ്ങളുടെ കമ്പനിയില്‍ എത്തിയ്ക്കാന്‍ ചുമതലപ്പെട്ടവര്‍ വിലയിരുത്തുന്നത്.
നേതൃത്വ ഗുണങ്ങള്‍ ആവശ്യമായ ഈ തൊഴിലവസരത്തിന് ഏറെക്കുറെ 100 % ത്തോളം വര്‍ധന തന്നെയുണ്ടാവുമെന്നാണ് കരുതപ്പെടുന്നത് . പ്രധാനമായും സോഫ്റ്റ്വെയര്‍ -നിര്‍മാണ മേഖലയിലും , സാങ്കേതിക ഉത്പന്ന രംഗത്തുമാണ് ഇവരുടെ ആവശ്യം അധികമായി ഉണ്ടാവാന്‍ ഇടയുള്ളത് എന്നാണ് കരുതപ്പെടുന്നത്.
സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും വന്‍ കമ്പനികള്‍ക്കും ഇന്ന് ഒരുപോലെ അത്യാവശ്യമുള്ളതാണ് ഡിജിറ്റല്‍ സംവിധാനത്തിലേക്കുള്ള മാറ്റം. അത് പോലെ തന്നെയാണ് പുത്തന്‍ ബിസിനസ്സ് സംരംഭകര്‍ അടക്കമുള്ള, സുരക്ഷിതവും ദീര്‍ഘനാള്‍ നിലനില്‍ക്കുന്നതുമായ സാങ്കേതിക ഉത്പന്നങ്ങള്‍ നിര്‍മിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നവരും , ക്ളൗഡ് സാങ്കേതിക സംവിധാനം ഉപയോഗിച്ച് പ്രവര്‍ത്തിയ്ക്കുന്ന സംഘടനകളും, നിര്‍മിത ബുദ്ധി വികസിപ്പിയ്ക്കുന്നവരും സാങ്കേതിക വിജ്ഞാനത്തിന്റെ ഏറ്റവും പുതിയ സങ്കേതങ്ങള്‍ പഠിയ്ക്കുന്നതിനും അവ പ്രായോഗിക തലത്തില്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിനുമായി പ്രയത്‌നിയ്ക്കുന്നവരും, മൊബൈല്‍ ആപ്പുകള്‍, ഇ-ഗെയിമുകള്‍ എന്നിവ നിര്‍മിയ്ക്കുന്നവരും, സോഫ്റ്റ്വെയര്‍ സബ്സ്‌ക്രൈബ് ചെയ്ത് തങ്ങളുടെ പ്രവര്‍ത്തനം നടത്തുന്ന സാസ് എന്റര്‍പ്രൈസുകളും എല്ലാം സാങ്കേതിക വിദഗ്ധരെ അധികമായി അന്വേഷിക്കുന്ന സാഹചര്യം വരും എന്നാണ് റിക്രൂട്‌മെന്റ് രംഗത്ത് പ്രവര്‍ത്തിയ്ക്കുന്നവര്‍ അഭിപ്രായപ്പെടുന്നത്.
തൊഴില്‍ നൈപുണ്യമുള്ളവരെ അവര്‍ക്ക് അനുയോജ്യമായ തൊഴില്‍ മേഖലയില്‍ എത്തിയ്ക്കുന്ന, ഹയറിംഗ് സര്‍വീസ് പ്രൊവൈഡേഴ്‌സ് ആയ മൈക്കള്‍ പേജ് , കോണ്‍ ഫെറി തുടങ്ങിയ മുന്‍നിരക്കാര്‍ പറയുന്നത് , ചീഫ് ടെക്നോളജി ഓഫിസര്‍ , വൈസ് പ്രസിഡന്റ് ഓഫ് എഞ്ചിനീയറിംഗ് തുടങ്ങിയ പദവികള്‍ക്ക് കഴിഞ്ഞ വര്‍ഷം ഈ സമയത്ത് ഉണ്ടായിരുന്നതിനെക്കാള്‍ മൂല്യവര്‍ധന ഉണ്ടായിട്ടുണ്ട് എന്നാണ് . സ്റ്റോക് ഓപ്ഷന്‍ വര്‍ധനയാകട്ടെ 80 ലക്ഷം മുതല്‍ ഒന്നര - രണ്ടു കോടിയോളം വരെയാണ്.
ടെക്‌നോളജി മേധാവിമാരെ അടുത്തിടെ നിയമിച്ചവരില്‍, പ്രമുഖന്‍മാരായ മഹിന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഇലക്ട്രിക്ക് വാഹന വിഭാഗമായ മഹിന്ദ്ര ഇലക്ട്രിക്ക്, അസ്സന്റ് ഹെല്‍ത്ത് , നെറ്റ് കോര്‍ , വാള്‍മാര്‍ട്ട് , പേ ടി എം മണി എന്നിവരുണ്ട് എന്നറിയുക. പുത്തന്‍ തലമുറ സാങ്കേതിക വിദ്യകള്‍ വികസിപ്പിയ്ക്കുക , ആഗോള വിപണിയിലെ മരസരങ്ങളില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുന്ന ഉല്‍പ്പന്നങ്ങള്‍ വികസിപ്പിച്ചെടുക്കുക എന്നിവയൊക്കെയാണ് പുതിയതായി ചുമതലയേറ്റ , മഹിന്ദ്ര ഇലക്ട്രിക്കിന്റെ സി ടി ഒ മാര്‍ട്ടിന്‍ മറി -യുടെ ഉത്തവാദിത്തങ്ങളില്‍ പെടുന്നതെന്ന് മഹിന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ചീഫ് പീപ്പിള്‍ ഓഫിസര്‍ പറയുന്നു.
സാങ്കേതിക രംഗത്തെ അതിവിദഗ്ധരായവര്‍ക്ക് വേണ്ടിയുള്ള അന്വേഷണങ്ങള്‍ അധികരിച്ചിട്ടുള്ളതായി അനുഭവപ്പെടുന്നുണ്ടെന്ന് റിക്രൂട്ടിങ് കമ്പനിയായ മൈക്കള്‍ പേജും വ്യക്തമാക്കിയിട്ടുണ്ട്. ഫിന്‍ ടെക് , എഡ്യൂടെക് , ഹെല്‍ത് ടെക് , സാസ്, ഗെയിമിംഗ് സ്റ്റാര്‍ട്ട് അപ്പ് , എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിയ്ക്കുന്ന കമ്പനികള്‍ക്കായി ചീഫ് ടെക്നോളജി ഓഫിസര്‍ , എഞ്ചിനീയറിംഗ് വൈസ് പ്രസിഡന്റ് എന്നീ പദവികള്‍ക്കായുള്ള റിക്രൂട്‌മെന്റുകളാണ് , കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഇരട്ടിയിലധികം തങ്ങള്‍ക്ക് നടത്തേണ്ടി വന്നതെന്ന് ഇവര്‍ പറയുന്നു.
ലോജിസ്റ്റിക്‌സ് , മൊബിലിറ്റി, ക്‌ളീന്‍ ടെക് , അഗ്രി ടെക് എന്നീ രംഗത്ത് സ്റ്റാര്‍ട്ട് അപ്പുകള്‍ കൂണ്‍ പോലെയാണ് അനുദിനവും ഉണ്ടായിക്കൊണ്ടിരിയ്ക്കുന്നതെന്നും അവര്‍ക്കൊക്കെ, അവര്‍ ഉപയോഗിയ്ക്കുന്ന സാങ്കേതിക വിദ്യയാണ് വിപണിയിലുള്ള മറ്റുള്ളവര്‍ ഉപയോഗിയ്ക്കുന്നതിനേക്കാള്‍ ഏറ്റവും മികച്ചതും ഈടുറ്റതും ആയതെന്ന് കാണിയ്‌ക്കേണ്ട ആവശ്യമുണ്ടെന്നും മൈക്കല്‍ പേജ് ഡയറക്ടര്‍, വര്‍ഷ ബറുവ പറയുന്നു.
സീഡ് ഫണ്ടഡ് സ്റ്റാര്‍ട്ട് അപ്പുകളില്‍ എംപ്ലോയീ സ്റ്റോക്ക് ഓപ്ഷന്‍ പ്ലാന്‍ പ്രകാരം ഇവരുടെ ശമ്പളം 50-ലക്ഷത്തിനും 60 ലക്ഷത്തിനും ഇടയ്ക്കാണ്. ഒരു ദശ ലക്ഷത്തിനും 30 ദശ ലക്ഷത്തിനും ഇടയില്‍ പ്രാഥമിക ഫണ്ടിംഗ് ലഭിയ്ക്കുന്ന എ , ബി, ഫണ്ടിംഗ് ഉള്ള സ്റ്റാര്‍ട്ട് അപ്പുകളിലും , ചുവടുറപ്പിച്ചു കഴിഞ്ഞ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് വികസനത്തിനായി 10 ദശ ലക്ഷത്തോളം ഫണ്ടിങ് ലഭിയ്ക്കുന്ന സി ഫണ്ടിങ് നേടുന്ന സ്ഥാപനങ്ങളിലും എംപ്ലോയീ സ്റ്റോക്ക് ഓപ്ഷന്‍ പ്ലാന്‍ പ്രകാരം ഇവരുടെ ശമ്പളം 80 ലക്ഷത്തിനും ഒന്ന് മുതല്‍ രണ്ടര കോടിയ്ക്കും ഇടയിലായിരിയ്ക്കും. കോണ്‍ ഫെറി , ഫിഡിയസ് അഡൈ്വസറി തുടങ്ങിയ റിക്രൂട്ടിങ് ഏജന്‍സികളും ഈ അഭിപ്രായഗതിയോട് യോജിപ്പ് പ്രകടിപ്പിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha