അടുത്ത ദശകത്തിലെ സാങ്കേതികവിദ്യാതൊഴില്‍ രംഗം: ഒരവലോകനം
സോഫ്റ്റ്വെയര്‍ പ്രോഗ്രാമ്മര്‍മാരെ ഡിമാന്‍ഡിനൊത്തവണ്ണം സംഘടിപ്പിയ്ക്കാന്‍ കഴിയാതെ ബുദ്ധിമുട്ടിയിരുന്നൊരു കാലം ഇന്ത്യയ്ക്കുണ്ടായിരുന്നു. ഇപ്പോഴും പ്രോഗ്രാമ്മര്‍മാരുടെ ആവശ്യം നിലനില്‍ക്കുന്നു . പക്ഷെ സാങ്കേതികമേഖല കുറച്ചു കൂടി സങ്കീര്‍ണമാകുകയാണുണ്ടായത്. ഇനിയുള്ള കാലത്തുണ്ടാകുന്ന എല്ലാ ജോലി ഒഴിവിനും സാങ്കേതിക വിദ്യാ പരിജ്ഞാനം അത്യന്താപേക്ഷിതമായിരിയ്ക്കും എന്നാണ് , ഭാവി പരിപാടികള്‍ ആവിഷ്‌കരിക്കേണ്ടതെങ്ങനെയെന്ന് കമ്പനികള്‍ക്ക് ഉപദേശം നല്‍കുന്ന തോമസ് ഫ്രേ പറയുന്നത്.
ഇപ്പോള്‍ രൂപം കൊള്ളുന്ന ഓരോ പുതിയ സാങ്കേതിക വിദ്യയും ധാരാളം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിയ്ക്കും. അത് കൊണ്ട് തന്നെ ഓരോ ജോലി ഒഴിവിലും സാങ്കേതികവിദ്യാ പരിജ്ഞത്തിന്റെ ആവശ്യകത അനുഭവപ്പെടും. എങ്ങനെ ഇതില്‍ പരിശീലനം നേടണമെന്നും അവ ഉപയോഗിയ്‌ക്കേണ്ടതെങ്ങനെ എന്നതിനെ കുറിച്ചൊക്കെ വ്യക്തമായ ധാരണ ജനങ്ങള്‍ ആര്‍ജ്ജിക്കേണ്ടതുണ്ട്. ഇന്ത്യന്‍ ഐ ടി വ്യവസായ മേഖല ഒരു വഴിത്തിരിവിലെത്തി നില്‍ക്കയാണ്. ഭാവിയിലും പ്രസക്തി നഷ്ടപ്പെടാതെ നിലനില്‍ക്കണമെങ്കില്‍ ഇപ്പോള്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ തന്ത്രപ്രധാനമായതാണെന്ന അവബോധം ഉണ്ടായിരിയ്ക്കണം.
ചില തൊഴില്‍ രംഗങ്ങളില്‍ കമ്പ്യൂട്ടര്‍ ഓട്ടോമേഷന്‍ വ്യാപകമാവുമ്പോള്‍ തൊഴില്‍ ലഭ്യത കുറയാനിടയുണ്ട് . അത്തരുണത്തില്‍ പിടിച്ചു നില്‍ക്കാന്‍ ഓരോരുത്തരും തങ്ങളുടെ കഴിവുകള്‍ തേച്ചുമിനുക്കി എടുത്തുകൊണ്ടിരിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ജോലിയില്‍ നിലനില്‍ക്കാനാകൂ. നിലവിലുള്ള തൊഴില്‍മാതൃകയോ ഘടനയോ അടുത്ത ദശാബ്ദം ആകുമ്പോഴേയ്ക്ക് ഉണ്ടായിരിയ്ക്കും എന്ന കാര്യത്തില്‍ ഒരു ഉറപ്പും ഇല്ല.
ബ്ലോക്ക് ചെയിന്‍ , ക്രിപ്‌റ്റോ കറന്‍സി , റോബോട്ടിക്‌സ് , ഓട്ടോണോമസ് വാഹനങ്ങള്‍ , എന്നിങ്ങനെ പുതുതായി രൂപപ്പെട്ടു കൊണ്ടിരിയ്ക്കുന്ന ടെക്‌നോളജികള്‍ , സാങ്കേതിക പരിജ്ഞാനത്തിന്റെ മുഖ്യ ധാരയില്‍ പ്രാമുഖ്യം നേടുകയും ആയിരക്കണക്കിന് സ്‌പെഷ്യലിസ്റ്റുകളെ ആവശ്യമായി വരുന്ന സ്ഥിതിയിലെത്തുകയും ചെയ്യും. ആപ്പുകള്‍ ഡിസൈന്‍ ചെയ്യാനും അതിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിയ്ക്കാനും കഴിവുള്ള സാങ്കേതിക വിദഗ്ധര്‍ക്ക് വന്‍ ഡിമാന്‍ഡ് ആണ് ഉണ്ടാകുവാന്‍ പോകുന്നത്. അതി ഭീമമായ അളവിലുള്ള ഡേറ്റ ഉപഭോഗത്തിലേക്കാവും നാം നീങ്ങുന്നത് .
ഈ ഡേറ്റ, വിശ്ലേഷണം ചെയ്യുവാനും ഉപയോഗ പ്രദമായ രീതിയില്‍ അതിനെ രൂപപ്പെടുത്തുവാനും ആവശ്യമായ സാങ്കേതിക പരിജ്ഞാനം ഉള്ളവര്‍ക്ക് വന്‍ പ്രാധാന്യം ലഭിയ്ക്കും. മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റുമാരെ ആയിരിക്കില്ല ഇനി കമ്പനികള്‍ തിരയുന്നത്, മറിച്ച് ഡേറ്റ അനലിസ്റ്റുകള്‍ , ഡിസൈനര്‍മാര്‍, സോഫ്റ്റ്വെയര്‍ എഞ്ചിനീര്‍മാര്‍ എന്നിങ്ങനെ ഡേറ്റയെ രൂപപ്പെടുത്തി അല്‍ഗോരിതമുകള്‍ സൃഷ്ടിയ്ക്കാന്‍ കഴിവുള്ളവരെ ആയിരിക്കും കമ്പനികള്‍ തിരയുന്നത്.
ഇത്തരുണത്തില്‍ അടുത്ത ദശാബ്ദത്തില്‍ ടെക്നോളജി രംഗത്തെ തൊഴില്‍ അവസരങ്ങള്‍ എങ്ങനെ ആയിരിയ്ക്കും എന്നതിനെ കുറിച്ച് നമുക്ക് ഒരു അനുമാനം നടത്തിനോക്കാം.
ഡേറ്റ ഡ്രൈവേഴ്‌സ്, സൈബര്‍ സെക്യൂരിറ്റി എക്‌സ്പെര്‍ട്‌സ്, ട്രാഫിക് മോണിറ്ററിംഗിനാവശ്യമായ സാങ്കേതിക പരിജ്ഞാനമുള്ളവര്‍, ഹെല്‍ത്ത് കെയര്‍ വര്‍ക്കേഴ്‌സ് , ബഹിരാകാശ സാങ്കേതിക വിദ്യയില്‍ മികവുള്ളവര്‍ എന്നിവര്‍ക്ക് ഒക്കെ തൊഴിലവസരങ്ങള്‍ വര്‍ദ്ധിയ്ക്കും.
അടുത്ത ദശകത്തില്‍ ഈ ലോകം ഇന്റര്‍നെറ്റുമായി കൂട്ടിക്കെട്ടപ്പെടും എന്ന് പറഞ്ഞാല്‍ അതാവും വസ്തുത. പേര്‍സണല്‍ ഉപകരണങ്ങള്‍, മെഷീനുകള്‍, വീട്ടുപകരണങ്ങള്‍, യന്ത്രവത്കൃത വാഹങ്ങള്‍ അങ്ങനെ എല്ലാം നെറ്റുമായി കണക്ട് ചെയ്ത് പ്രവര്‍ത്തിപ്പിയ്ക്കാവുന്ന വിധത്തിലുള്ളതായിരിയ്ക്കും. അതുകൊണ്ടു തന്നെ സൈബര്‍ ക്രിമിനലുകള്‍ക്ക് ചാകര ഒരുക്കും. അവരില്‍ നിന്നുള്ള ഭീഷണി എന്തായിരിക്കുമെന്ന് മുന്‍കൂട്ടി കാണാനും അതിനുള്ള പരിഹാരം എന്ത്, എങ്ങനെ എന്നൊക്കെ അറിയാവുന്നവരുടെ ആവശ്യം വളരെ അധികമായി ഉണ്ടാവും.
സൈബര്‍ സെകുരിറ്റി കമ്പനികള്‍ മാത്രമല്ല , സാങ്കേതിക ഉപകരണങ്ങള്‍ നിര്‍മിയ്ക്കുന്ന കമ്പനികളും തങ്ങളുടെ ഉപകരണങ്ങളില്‍ സുരക്ഷാ ഫീച്ചറുകള്‍ ഒരുക്കാന്‍ കഴിവുള്ളവരെ തേടും. ഡ്രോണുകള്‍ കൂടുതല്‍ വ്യാപകമാവുമെന്നതിനാല്‍ , ഡ്രോണ്‍ പ്രവര്‍ത്തിപ്പിയ്ക്കുന്നതി നാവശ്യമായ ട്രാഫിക് മാനേജ്‌മെന്റ് സ്‌കില്‍സ് ഉള്ളവര്‍ക്കും ഓട്ടോണോമസ് കാറുകളുടെ മാനേജ്മെന്റില്‍ കഴിവുകള്‍ ഉള്ളവര്‍ക്കും തൊഴിലവസരങ്ങള്‍ വര്‍ദ്ധിയ്ക്കും.
അടുത്ത ദശകം ആകുമ്പോഴേയ്ക്കും 65 വയസ്സ് കഴിഞ്ഞവരുടെ സംഖ്യ 300 മില്യണിലുംഅധികം ആകും. യന്ത്രവത്കൃത സംവിധാനങ്ങള്‍ ഉപയോഗിച്ച് മെഡിക്കല്‍ സഹായവും സാന്ത്വനവും എത്തിയ്ക്കുന്ന കാഴ്ചയാവും ആരോഗ്യരംഗം കൂടുതല്‍ കാണുന്നത്.
നിര്‍മിത ബുദ്ധിയും റോബോട്ടിക്സുമൊക്കെ ആരോഗ്യ രംഗത്തെ സ്ഥിരം കാഴ്ചകള്‍ ആകുമ്പോള്‍ ഹെല്‍ത്ത് കെയര്‍ പ്രൊഫഷനലുകള്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കാന്‍ സാങ്കേതിക പരിജ്ഞാനം നേടിയവരെ ആവശ്യമായി വരും.
ബഹിരാകാശ സാങ്കേതിക വിദ്യയും അനുദിനം പുരോഗമിയ്ക്കുന്നതിനാല്‍ സ്‌പേസ് ടെക് തൊഴില്‍ മേഖലയിലും തൊഴിലവസരങ്ങള്‍ വര്‍ദ്ധിയ്ക്കും എന്ന കാര്യം ഉറപ്പാണ്.
https://www.facebook.com/Malayalivartha