കാമ്പസ് പ്ലേസ്മെന്റുകളില്‍ എങ്ങനെ മികച്ച നേട്ടം കൈവരിയ്ക്കാം
കലാലയ ജീവിതത്തിലെ ഏറ്റവും ആവേശമുയര്‍ത്തുന്നതും എന്നാല്‍ സമ്മര്‍ദം ഉണ്ടാക്കുന്നതുമായ സമയമായ കാമ്പസ് പ്ലേസ്‌മെന്റ് സീസണ്‍ എത്തി . വ്യത്യസ്ത തരം ജോലികളുടെ കാര്യവും, വിവിധ കമ്പനികളുമായി ബന്ധപ്പെട്ടാല്‍ ഭാവി എങ്ങനെ മെച്ചപ്പെടുമെന്നോ അല്ലെങ്കില്‍ ആ കമ്പനിയിലെ തൊഴില്‍രംഗം മെച്ചമല്ലാത്തതിനാല്‍ ഒഴിവാക്കുന്നതല്ലേ നല്ലത് എന്നൊക്കെയുള്ള ചോദ്യങ്ങളാവും ഇനി അല്‍പസമയത്തേയ്ക്ക് നിങ്ങളുടെയൊക്കെ ജീവിതത്തിലെ ചര്‍ച്ചാവിഷയം.
അല്‍പം വൈകാരിക സമ്മര്‍ദം ഉണ്ടാക്കുന്ന സമയം ആണിത്. അതൊഴിവാക്കാന്‍ പ്ലേസ്‌മെന്റ് ഇന്റര്‍വ്യൂകള്‍ക്കായ് നല്ല തയ്യാറെടുപ്പുകള്‍ നടത്തിയാല്‍ മതി. അത് എപ്രകാരമാണ് ചെയ്യേണ്ടത് എന്ന് നോക്കാം .
നിങ്ങളെ കുറിച്ച് സ്വയം ഒരു അവലോകനം നടത്തണം. എന്താണ് നിങ്ങളുടെ വ്യക്തിത്വം, ധാരാളം ആളുകളോടൊപ്പം ജോലി ചെയ്യുന്നതാണോ തനിയെ ജോലി ചെയ്യുന്നതിനാണോ നിങ്ങള്‍ക്കിഷ്ടം എന്നിവയൊക്കെ തിരിച്ചറിയണം. നിങ്ങള്‍ക്ക് സവിശേഷ കഴിവുകള്‍ ഉള്ള മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിയ്ക്കുമ്പോഴാണ് ഏറ്റവും മികവുറ്റ പ്രവര്‍ത്തനം കാഴ്ച വയ്ക്കാനാവുന്നത് എന്നും മറ്റുള്ളവര്‍ മികച്ചത് എന്ന് കരുതുന്ന തൊഴില്‍ മേഖല അല്ല, നിങ്ങള്‍ക്ക് സന്തോഷം നല്‍കുന്ന തൊഴില്‍ രംഗമാണ് നിങ്ങള്‍ തിരഞ്ഞെടുക്കേണ്ടതെന്നും മനസ്സിലാക്കുക. അവയെ ഒരു ചുരുക്കപ്പട്ടികയില്‍ സംഗ്രഹിച്ചെഴുതുക. അത്തരം തൊഴില്‍രംഗത്ത് നിങ്ങള്‍ ചെയ്യാനാഗ്രഹിയ്ക്കുന്നത് എന്തൊക്കെയാണ് എന്നതിന് വ്യക്തത വരുത്തുക. ഇങ്ങനെ ചെയ്യുമ്പോള്‍ നിങ്ങള്‍ അപേക്ഷ സമര്‍പ്പിയ്ക്കേണ്ടത് ഏതൊക്കെ കമ്പനികള്‍ക്കാണെന്ന് നിങ്ങള്‍ക്ക് വ്യക്തമായ ധാരണ ലഭ്യമാകും.
എപ്പോള്‍ തൊഴിലില്‍ ചേരണം എന്നതിനെ കുറിച്ച് നിങ്ങള്‍ക്ക് വ്യക്തമായ അഭിപ്രായം ഉണ്ടായിരിക്കണം. നിങ്ങളുടെ കരിയറുമായി ബന്ധപ്പെട്ടു ള്ള എന്ത് തരം പ്രവര്‍ത്തനങ്ങള്‍ മുഖേന, നിങ്ങള്‍ തെരെഞ്ഞെടുക്കപ്പെടാനുള്ള സാധ്യത നിങ്ങള്‍ക്ക് വര്‍ദ്ധിപ്പിയ്ക്കാനാവും എന്നത് മനസ്സിലാക്കണം. ഉദാഹരണത്തിന് നിങ്ങള്‍ ഒരു എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥി ആണെങ്കില്‍ നിങ്ങളുടെ കോര്‍ വിഷയങ്ങളില്‍ ആഴത്തിലുള്ള അറിവ് ഉണ്ടായിരിയ്‌ക്കേണ്ടത് അത്യാവശ്യമാണ്.
നിങ്ങള്‍ക്ക് ഇന്റേണ്‍ഷിപ്പിനുള്ള അവസരം ലഭിയ്ക്കുമ്പോള്‍ നിങ്ങളുടെ ഭാവിയ്ക്ക് കൂടി ഗുണപ്രദമാകുന്ന തൊഴിലിടം തെരഞ്ഞെടുക്കണം. കൂടാതെ നിങ്ങളുടെ കാമ്പസിന്റെ നിയമങ്ങളെ കുറിച്ച് അറിവുണ്ടായിരിക്കണം. വ്യത്യസ്ത സാഹചര്യങ്ങളില്‍ എങ്ങനെയൊക്കെ പ്രതികരിയ്ക്കണമെന്നോ പ്രതികരിച്ചു കൂടെന്നോ ഉള്ളതിന് രൂപരേഖകള്‍ ഉണ്ടെങ്കില്‍ അവ എന്തൊക്കെ എന്ന് അറിയണം. കാമ്പസ് പ്ലേസ്മെന്റിനായി സമീപിയ്ക്കുന്ന എത്ര കമ്പനികളില്‍ നിങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിയ്ക്കാം എന്നോ, എതു രീതിയില്‍, ഏത് സമയത്ത് സമര്‍പ്പിയ്ക്കണമെന്നോ നിര്‍ദേശങ്ങള്‍ ഉണ്ടോ എന്ന് അറിഞ്ഞിരിയ്ക്കണം. നിങ്ങള്‍ക്ക് ലഭിയ്ക്കുന്ന ആദ്യത്തെ പ്ലേസ്‌മെന്റ് ഓഫര്‍ നിങ്ങള്‍ നിര്‍ബന്ധമായും സ്വീകരിയ്ക്കണം എന്ന നിബന്ധന ഉണ്ടോ എന്ന് ശ്രദ്ധിയ്ക്കണം. അങ്ങനെ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് അത്ര ആകര്‍ഷകമായി തോന്നാത്ത ഒരു കമ്പനിയിലേക്ക് അപേക്ഷ സമര്‍പ്പിയ്ക്കുന്നത് ഒഴിവാക്കണം.
സമയമെടുത്ത് തന്നെ തയാറാക്കണം കരിക്കുലം വിറ്റെ എന്ന റെസ്യുമെ. ഒരിക്കല്‍ തയ്യാറാക്കി കഴിഞ്ഞാല്‍ വീണ്ടും വായിച്ചു നോക്കുകയും തിരുത്തലുകള്‍ ആവശ്യമുണ്ടെങ്കില്‍ അവ നടത്തി വീണ്ടും എഴുതി തയ്യാറാക്കണം. ചില കാമ്പസുകള്‍, റെസ്യൂമേകള്‍ ഒരു നിശ്ചിത ഫോര്‍മാറ്റില്‍ ആയിരിയ്ക്കണമെന്ന് നിഷ്‌കര്‍ഷിയ്ക്കാറുണ്ട്. അങ്ങനെ ഇല്ലെങ്കില്‍ വ്യത്യസ്ത തരത്തിലുള്ള സി വി - ഫോര്‍മാറ്റുകള്‍ താരതമ്യം ചെയ്തിട്ട് നിങ്ങളുടെ, റെസ്യൂമെയിലെ പ്രബലമായ അംശങ്ങള്‍ക്ക് പ്രാമുഖ്യംനല്‍കുന്ന തരത്തിലുള്ള ഒരു പ്രൊഫഷണല്‍ റെസ്യുമെ ഫോര്‍മാറ്റ് തെരഞ്ഞെടുക്കുക.
നിങ്ങള്‍ക്ക് താല്‍പര്യമുള്ള കമ്പനികളെ കുറിച്ച് നിങ്ങള്‍ക്ക് വ്യക്തമായ ധാരണ ഉണ്ടായിരിയ്ക്കണം. ടെസ്റ്റ്, അഭിമുഖം, കേസ് ഇന്റര്‍വ്യൂ, ഗ്രൂപ്പ് ഡിസ്‌കഷന്‍, സൈക്കോമെട്രിക് ടെസ്റ്റ് എന്നിങ്ങനെയുള്ള അവരുടെ സെലക്ഷന്‍ പ്രക്രിയ എങ്ങനെയാണെന്ന് മനസ്സിലാക്കണം. തെരെഞ്ഞെടുക്കുന്നവരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കുന്നതിന് അവര്‍ പാലിയ്ക്കുന്ന മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്, അതിന് എത്ര ഘട്ടങ്ങളുണ്ട്, എത്ര പേരെ അവര്‍ സാധാരണയായി തെരെഞ്ഞെടുക്കാറുണ്ട് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ തീര്‍ച്ചയായും അന്വേഷിച്ചറിയണം. ഈ വിവരങ്ങള്‍ ലഭ്യമായാല്‍, ആ കമ്പനിയില്‍ നിങ്ങള്‍ക്ക് തൊഴില്‍ ലഭിയ്ക്കാനുള്ള സാധ്യത എത്രത്തോളം ഉണ്ട് എന്ന് മനസ്സിലാക്കാനാവും. നിങ്ങള്‍ക്ക് സാധ്യത കുറവുള്ള കമ്പനികള്‍ക്കായി തയ്യാറെടുപ്പുകള്‍ നടത്താന്‍ കുറഞ്ഞസമയമേ വേര്‍തിരിക്കേണ്ടതുള്ളൂ എന്ന് തീരുമാനിക്കണം.
വിവിധ റൗണ്ടുകള്‍ നീളുന്ന യോഗ്യതാ പരിശോധനയാണ് അനുയോജ്യരല്ലാത്ത ഉദ്യോഗാര്‍ത്ഥികളെ ഒഴിവാക്കുന്നതിനായി മിക്ക കമ്പനികളും നടത്തുന്നത്. അതിനാല്‍ ഓണ്‍ലൈനിലൂടെയോ അല്ലാതെയോ ഉള്ള എഴുത്തു പരീക്ഷ ഉണ്ടെങ്കില്‍ മുന്‍ വര്‍ഷങ്ങളിലെ ചോദ്യപേപ്പര്‍ ഉപയോഗിച്ച് പരിശീലനം നടത്തേണ്ടത് വളരെ അത്യാവശ്യമാണ്. ഗ്രൂപ്പ് ഡിസ്‌കഷന്‍ ഉണ്ടെങ്കില്‍, ഇത്തരം കാര്യങ്ങളെ ഗൗരവ ബുദ്ധിയോടെ സമീപിയ്ക്കുന്ന സുഹൃത്തുക്കളുമായി ചേര്‍ന്ന് പരിശീലനം നടത്തണം. പഠന കാലത്തെ ഈ സമയം, ഗ്രേഡുകള്‍ മെച്ചപ്പെടുത്താന്‍ വിനിയോഗിയ്ക്കാനുള്ളതല്ല, മറിച്ച് പ്ലേസ്മെന്റിന് പ്രാമുഖ്യം നല്‍കാനുള്ളതാണ്.
കാമ്പസിലെ സീനിയര്‍മാരില്‍ നിന്നും ഇന്റര്‍നെറ്റില്‍ നിന്നുമൊക്കെ സമാഹരിച്ച ചോദ്യങ്ങള്‍ ഉപയോഗിച്ച് പരിശീലനം നടത്തുക. ഓരോന്നിനെക്കുറിച്ചും നോട്ടുകള്‍ രേഖപ്പെടുത്തി വയ്ക്കുകയും മോക്ക് ഇന്റര്‍വ്യൂ നടത്തി പരിശീലിയ്ക്കുകയും വേണം. ഇത്തരം മോക്ക് ഇന്റര്‍വ്യൂവിനിടയില്‍ അവര്‍ വിമര്‍ശനബുദ്ധിയോടെ കാര്യങ്ങള്‍ നോക്കിക്കണ്ട് അഭിപ്രായപ്രകടനം നടത്തുമ്പോള്‍ അതില്‍ നീരസപ്പെടരുത്. പകരം ഉള്ളടക്കത്തിലും അവതരണത്തിലും എന്ത് വ്യത്യാസങ്ങളാണ് വരുത്തേണ്ടതെന്ന് ചിന്തിക്കുകയും അതിന് തക്കവണ്ണമുള്ള മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുക.
കൂടാതെ സ്‌ട്രെസ്സ് ഇന്റര്‍വ്യൂ നടത്താന്‍ സുഹൃത്തുക്കളോട് ആവശ്യപ്പെടാം. ഏറ്റവും ഒടുവിലായി വിനീതവും ശാന്തവുമായ മാനസിക നിലയില്‍ കാണപ്പെടുക. നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ എന്താണ് എന്നതിന്റെ സമ്പൂര്‍ണ വിലയിരുത്തലല്ല ഒരു കാമ്പസ് സെലക്ഷന്‍. അത് കൊണ്ട് തന്നെ കാമ്പസ് സെലക്ഷന്‍ പ്രക്രിയയ്ക്കിടയില്‍ എന്തെങ്കിലും തിരിച്ചടികള്‍ നേരിട്ടാലും നിങ്ങള്‍ അര്‍ഹിയ്ക്കുന്ന ഒരു ജോലി മറ്റൊരിടത്ത് നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയുമെന്നതിനാല്‍ ആത്മവിശ്വാസത്തോടെ മുന്നേറുക.
https://www.facebook.com/Malayalivartha