തൊഴില്‍ മേഖലയിലെ അസമത്വങ്ങളെ കുറിച്ച് ഐക്യരാഷ്ട്രസഭ യുടെ മുന്നറിയിപ്പ്
ലോകത്താകമാനം 470 ദശ ലക്ഷത്തിലധികം പേര്‍ ഇപ്പോള്‍ തൊഴില്‍രഹിതരോ, യോഗ്യതയ്‌ക്കൊത്ത തൊഴില്‍ ലഭിച്ചിട്ടില്ലാത്തവരോ ആണെന്ന് ഇക്കഴിഞ്ഞ തിങ്കളാഴ്ച യു എന്‍ വ്യക്തമാക്കി. അന്തസ്സുള്ള ജോലി ലഭ്യമല്ലാത്ത സ്ഥിതി വിശേഷം സമൂഹത്തില്‍ പൊതുവെ അസ്വസ്ഥതയ്ക്ക് ഇടയാക്കുന്നുണ്ടെന്നും യു എന്‍ മുന്നറിയിപ്പ് നല്‍കി.
ഐക്യരാഷ്ട്ര സഭയുടെ ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ പറയുന്നത് , തൊഴിലില്ലായ്മ യുടെ ആഗോള നിരക്ക് കഴിഞ്ഞ ദശകത്തില്‍ ഏറെക്കുറെ സ്ഥിരമായിരുന്നു എന്നാണ്. കഴിഞ്ഞ വര്‍ഷം 5.4 %-ത്തില്‍ സ്ഥിരമായി നിന്ന നിരക്കിന് വലിയ വ്യത്യാസം ഒന്നും ഉടനെ ഉണ്ടാകാന്‍ ഇടയില്ല, എങ്കിലും തൊഴില്‍ രഹിതരുടെ എണ്ണം ഇനിയും കൂടാന്‍ തന്നെയാണ് സാധ്യത. സാമ്പത്തിക മാന്ദ്യവും അനുദിനം വളര്‍ന്നു കൊണ്ടിരിയ്ക്കുന്ന ജനപ്പെരുപ്പവും ഇക്കാര്യം ഉറപ്പിയ്ക്കുന്നു.
ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ വാര്‍ഷിക വേള്‍ഡ് എംപ്ലോയ്മെന്റ് ആന്‍ഡ് സോഷ്യല്‍ ഔട്ട്‌ലൂക് റിപ്പോര്‍ട്ട് പ്രകാരം 2019-ല്‍ 188 ദശലക്ഷം എന്ന് രജിസ്റ്റര്‍ ചെയ്യപ്പെട്ട തൊഴില്‍രഹിതരുടെ എണ്ണം 190.5 ദശലക്ഷത്തിലേക്ക് ഉയരുമെന്നാണ് കരുതപ്പെടുന്നത്.
ആളുകള്‍ എത്രത്തോളം ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നുവോ അത്രത്തോളം അവസരം അവര്‍ക്ക് ലഭിയ്ക്കുന്നില്ല എന്നത് കൊണ്ടോ, തൊഴില്‍ തേടല്‍ അവര്‍ അവസാനിപ്പിച്ചിരിക്കുന്നത് കൊണ്ടോ അല്ലെങ്കില്‍ തൊഴില്‍ വിപണിയിലേക്ക് എത്തിപ്പറ്റാനുള്ള സാഹചര്യം അവര്‍ക്ക് ഇല്ലാതിരിയ്ക്കുന്നത് കൊണ്ടോ ഒക്കെ ലോകത്താകമാനം 285 ദശലക്ഷം ആളുകള്‍ക്ക് അവര്‍ക്ക് പര്യാപ്തമായ അളവില്‍ ജോലി സമയം ലഭിയ്ക്കാതിരിക്കുന്നു എന്നാണ് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ പറയുന്നത്. അങ്ങനെയുള്ളവരുടെ എണ്ണം 50 കോടിയോളമാണെന്നാണ് ഐ എല്‍ ഒ -ചൂണ്ടിക്കാട്ടുന്നത്. അത് ആഗോള തലത്തിലെ തൊഴില്‍ സേനയുടെ 13 %-ത്തോളമാണ്.
ജനീവയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിയ്ക്കവേ ഐ എല്‍ ഒ ചീഫ് ഗൈ റൈഡര്‍ പറഞ്ഞത്, തൊഴിലെടുത്ത് വരുമാനം കണ്ടെത്തുന്ന ദശലക്ഷ കണക്കിന് ജനങ്ങള്‍ക്ക്, അതിലൂടെ മികച്ച ജീവിതം കൈയ്യെത്തി പിടിയ്ക്കാനാവും എന്ന് കരുതാനാവില്ല എന്നാണ്. തൊഴില്‍ മേഖലയിലുള്ള അസമത്വങ്ങളും ഒഴിവാക്കലുകളും നിലനില്‍ക്കുന്നതിനാല്‍ മികച്ച ജോലി കണ്ടെത്താനും അത് വഴി ജീവിതം മെച്ചപ്പെടുത്താനും തടസ്സങ്ങള്‍ വളരെയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി .
ഇത് വളരെ അസ്വസ്ഥത ഉണ്ടാക്കുന്ന ഒരു കണ്ടെത്തലാണ്. പ്രതിഷേധ പ്രകടനങ്ങളും അസംതൃപ്തിയും ലോക സമൂഹങ്ങളില്‍ വ്യാപിയ്ക്കുന്നതിന്റെ വലിയൊരു കാരണം ഇതാണെന്നും അദ്ദേഹം വിലയിരുത്തി. വിവിധ സമൂഹങ്ങള്‍ക്കിടയില്‍ സാമൂഹ്യമായ പരസ്പരാശ്രയത്വം ഇല്ലാതായിക്കൊണ്ടിരിയ്ക്കുന്നതിന്റെ പ്രധാന കാരണം തൊഴില്‍ വിപണിയുടെ ഇപ്പോഴത്തെ അവസ്ഥയാണെന്ന് ലെബനന്‍, ചിലെ തുടങ്ങിയ രാജ്യങ്ങളില്‍ നടക്കുന്ന പ്രക്ഷോഭങ്ങളെ പരാമര്‍ശിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
പ്രകടനങ്ങളും സമരങ്ങളും ഉണ്ടാകുന്നതിന്റെ ഇടവേള എങ്ങനെയാണ് എന്നതിനെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയ ഐ എല്‍ ഓ-യുടെ സോഷ്യല്‍ അണ്‍റസ്റ്റ് ഇന്‍ഡക്‌സ് , ആഗോളതലത്തിലും , 11 സബ് റീജിയനുകളിലെ 7 ഇടങ്ങളിലും ഉയര്‍ച്ചയാണ് ഐ എല്‍ ഒ-യുടെ റിപ്പോര്‍ട്ടില്‍ കാണിച്ചത്. ആഗോള തൊഴില്‍സേനയുടെ 60 %-ത്തിലധികം പേരും ഇന്‍ഫോര്‍മല്‍ ഇക്കോണമി എന്ന് പറയുന്ന രാജ്യത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിന്റെ ചട്ടക്കൂടില്‍ പെടാത്തതും, നിലവാരത്തിലും താഴ്ന്ന വേതനവും അടിസ്ഥാന സാമൂഹ്യ സുരക്ഷിതത്വം ഒന്നുമില്ലാത്തതുമായ തൊഴില്‍ മേഖലയിലാണ് ജോലിയെടുക്കുന്നത്.
2019 -ല്‍, ലോകത്ത് തൊഴിലെടുക്കുന്നവരുടെ അഞ്ചിലൊന്നില്‍ പെടുന്ന, 630 ദശലക്ഷത്തിലധികം പേര്‍, തൊഴില്‍ ചെയ്ത് പട്ടിണി കിടക്കുന്ന വിഭാഗത്തില്‍ പെടുന്നവരായിരുന്നു. അതായത് അവരുടെ ഒരു ദിവസത്തെ പര്‍ച്ചേസിംഗ് പവര്‍ 3 .20 ഡോളറിനും താഴെ ആയിരുന്നു. വരുമാനം , തൊഴില്‍ തേടാനുള്ള അവസരം എന്നിവയിലുള്ള അസമത്വങ്ങള്‍ക്ക് ലിംഗം, പ്രായം , ഭൂപ്രദേശം എന്നിവ കാരണമാകുന്നുണ്ട് എന്ന് ഐ എല്‍ ഓ -യുടെ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
അത് കൂടാതെ 15 -നും 24-നും ഇടയിലുള്ള 267 ദശലക്ഷം ചെറുപ്പക്കാര്‍ യാതൊരു തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിയ്ക്കാതെ, വിദ്യാഭ്യാസം ചെയ്യുകയോ മറ്റെന്തെങ്കിലും പരിശീലനത്തില്‍ ഏര്‍പ്പെടുകയോ ചെയ്യാതെ ഒന്നിലുംപെടാത്തവരായി കാണപ്പെടുന്നുണ്ട് എന്നത് ആശങ്ക ഉളവാക്കുന്ന സംഗതി ആണെന്നും, എന്നാല്‍ ഇതേ പ്രായക്കാരായ മറ്റു ചിലര്‍ നിലവാരം തീരെ താഴ്ന്ന തൊഴില്‍ സാഹചര്യങ്ങളില്‍ വേല എടുക്കുന്നുമുണ്ടെന്നും ഐ എല്‍ ഒ-യുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഏറ്റവും താഴെക്കിടയിലുള്ള വരുമാനം ലഭിയ്ക്കുന്ന 20 % -ത്തില്‍ പെടുന്നവര്‍ക്ക് ഏറ്റവും ഉയര്‍ന്ന വേതനം ലഭിയ്ക്കുന്ന 20 % -ത്തിന്റെ അതെ വരുമാനത്തില്‍ എത്താന്‍ 11 വര്‍ഷങ്ങള്‍ വേണ്ടി വന്നു എന്നാണ് ഐ എല്‍ ഒ റിപ്പോര്‍ട്ട് പറയുന്നത്.
https://www.facebook.com/Malayalivartha