ജീവിത വിജയം നേടാന്‍ ഉദ്യോഗാര്‍ത്ഥികള്‍ സ്വായത്തം ആക്കേണ്ടത് ' ലൈഫ് സ്‌കില്ലുകള്‍ '!
അഭൂതപൂര്‍വമായ വിജയങ്ങള്‍ കൈവരണമെങ്കില്‍ കുറച്ചു പേര്‍ മാത്രം സഞ്ചരിച്ച വ്യത്യസ്ത പാതയിലൂടെ യാത്ര ചെയ്യണം. എന്നാല്‍ ഇന്നത്തെ യുവതലമുറയില്‍പെട്ട പലരും കഠിന വഴികള്‍ ഒഴിവാക്കി ജീവിയ്ക്കുന്നവരാണ്. തങ്ങള്‍ക്ക് സുഖപ്രദമായ വഴികള്‍ മാത്രം തെരെഞ്ഞെടുക്കുന്നതാണ് പുത്തന്‍ തലമുറയിലെ ഭൂരിപക്ഷത്തിന്റെയും രീതി.
കൂടാതെ ഇപ്പോഴത്തെ വിദ്യാര്‍ത്ഥികളില്‍ അധികം പേരും സ്‌കില്ലുകള്‍ എന്ന തൊഴില്‍ നൈപുണ്യം ആര്‍ജിയ്ക്കുന്നതിലല്ല ശ്രദ്ധവയ്ക്കുന്നത്. പകരം എത്ര അധികം മാര്‍ക്ക് സ്‌കോര്‍ ചെയ്യാം എന്ന് മാത്രമാണ്. മാര്‍ക്കുകള്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട കോളേജുകളില്‍ പ്രവേശനം നേടാന്‍ സഹായിയ്ക്കും എന്നതിനപ്പുറം ഒരു പ്രയോജനവും ചെയ്യുന്നില്ല. ഇന്നത്തെ തലമുറ മറന്നു പോകുന്ന ഒരു പ്രധാനപ്പെട്ട കാര്യമാണ്, തങ്ങള്‍ ഓരോരുത്തരും സമാനതകളില്ലാത്തവരാണെന്നുള്ള വസ്തുത. ഓരോരുത്തര്‍ക്കും വ്യത്യസ്തമായ കഴിവുകള്‍ ഉണ്ടെന്നും അവര്‍ ഓര്‍ക്കാന്‍ ശ്രമിക്കുന്നില്ല. തങ്ങളുടെ പ്രയാണത്തില്‍ ഏറ്റവും മുന്നിലെത്താനുള്ള ശ്രമത്തിനിടെ അവര്‍ തങ്ങളുടെ അഭിരുചികളേയും താല്പര്യങ്ങളേയും കാണാതെ വിട്ടുകളയാനാണ് ശ്രമിയ്ക്കുന്നത്.
നല്ല മാര്‍ക്ക് നേടുക, നല്ല കോളേജില്‍ പ്രവേശനം നേടി ഒരു ജോലിയിലേക്കെത്തുക എന്നത് മാത്രം ലക്ഷ്യമിടുമ്പോള്‍ ഒരാളുടെ നൈസര്‍ഗിക കഴിവിന് ഒരു പരിഗണനയും നല്‍കാതിരിക്കുകയാണ് ചെയ്യുന്നത് എന്നത് വളരെ ദുഖകരമായ വസ്തുതയാണ്. ഇത്തരം വിദ്യാര്‍ത്ഥികള്‍ക്ക് , മറ്റാരും സഞ്ചരിച്ചിട്ടില്ലാത്ത മാര്‍ഗങ്ങള്‍ തെരഞ്ഞെടുത്തു യാത്ര തുടങ്ങാനും അങ്ങനെ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന സമ്മര്‍ദങ്ങളെ നേരിടാനും കരുത്തുണ്ടായിരിക്കില്ല. തങ്ങളുടെ സ്‌കൂള്‍ കാലങ്ങളില്‍ ഇത്തരം സ്ഥിതിഗതികളെ എങ്ങനെ നേരിടണമെന്നതിന് ഒരു പരിശീലനവും അവര്‍ക്ക് ലഭിച്ചിട്ടുണ്ടായിരിക്കയുമില്ല. ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഏറ്റവും വലിയ ന്യൂനതകളില്‍ ഒന്നാണിത്.
ഇന്ത്യന്‍ കരിക്കുലത്തില്‍ , ആങ്കര്‍ മാനേജ്മെന്റ് ( കോപം നിയന്ത്രിക്കല്‍ ), സ്‌ട്രെസ് മാനേജ്മെന്റ് ( സമ്മര്‍ദം നേരിടല്‍ ), കോണ്‍ഫിഡന്‍സ് ആന്‍ഡ് സെല്‍ഫ് എസ്റ്റീം ബില്‍ഡിങ് ( ആത്മവിശ്വാസവും ആത്മാഭിമാനവും വികസിപ്പിയ്ക്കല്‍), ഫൈറ്റിംഗ് പിയര്‍ പ്രഷര്‍ (സഹപാഠികളില്‍ നിന്നുള്ള സമ്മര്‍ദം കൈകാര്യം ചെയ്യല്‍), അഡിക്ഷന്‍ ( ലഹരി പോലുള്ള ശീലങ്ങള്‍ക്ക് അടിമപ്പെടാതിരിയ്ക്കല്‍) എന്നിങ്ങനെയുള്ള 'ലൈഫ് സ്‌കില്ലുകളില്‍ ' പരിശീലനം നല്‍കാനുള്ള യാതൊരു പദ്ധതിയും ഉള്‍പ്പെടുത്തിയിട്ടില്ല എന്നുള്ളത് സങ്കടകരമായ വസ്തുതയാണ്.
20,000 -ത്തോളം കൗമാരക്കാരെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് നടത്തിയ ഒരു സര്‍വേയില്‍ സ്‌ട്രെസ്സ് അഥവാ സമ്മര്‍ദത്തെ കുറിച്ച് പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവരില്‍ 45 % പേരും പറഞ്ഞത് പഠന കാലയളവില്‍ മുഴുവന്‍ സമയവും അവര്‍ക്ക് സമ്മര്‍ദം അനുഭവപ്പെടാറുണ്ടെന്നാണ്.
കുടുംബം, അധ്യാപകര്‍, സഹപാഠികള്‍ , വിദ്യാലയം എന്നിങ്ങനെ വിവിധ ഇടങ്ങളില്‍ നിന്നും തങ്ങള്‍ക്ക് സ്‌ട്രെസ്സ് നേരിടേണ്ടി വരുന്നുണ്ടെന്നാണ് അവര്‍ പഞ്ഞത്. തങ്ങള്‍ക്ക് ചുറ്റുമുള്ള മത്സരത്തോടൊപ്പം ഉണ്ടാകുന്ന വര്‍ധിത സമ്മര്‍ദം കൈകാര്യം ചെയ്യാന്‍ അവരുടെ ശേഷിയും അതോടൊപ്പം വര്‍ദ്ധിയ്ക്കുന്നില്ല എന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ എക്കാലത്തെയും കാള്‍ കൂടുതല്‍ സമ്മര്‍ദം ഇപ്പോള്‍ അനുഭവിയ്ക്കുന്നുണ്ട്. ചിലരൊക്കെ ചിലപ്പോഴൊക്കെ തോല്‍ക്കാനിടയുണ്ട് എന്ന സത്യം തിരിച്ചറിയുകയും, അത്തരം ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കൈത്താങ്ങിന്റെ ആവശ്യമുണ്ടെന്ന് മനസ്സിലാക്കി എല്ലാ സംസ്ഥാനങ്ങളിലേയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ലൈഫ് സ്‌കില്‍സ് ട്രെയിനിംഗ് പ്രോഗ്രാമുകള്‍ നിര്‍ബന്ധമാക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
ജീവിത പന്ഥാവില്‍ തങ്ങള്‍ക്ക് മുന്‍പില്‍ വരുന്ന പ്രതിബന്ധങ്ങളെ എങ്ങനെ തരണം ചെയ്യണമെന്നതിന് ആവശ്യമായ പരിശീലനം നല്‍കേണ്ടത് പരമ പ്രാധാന്യം അര്‍ഹിയ്ക്കുന്ന സംഗതി ആയതിനാല്‍ അവ നടപ്പാക്കുന്നതില്‍ തീരെ കാലതാമസം വരുത്തരുത്. ലൈഫ് സ്‌കില്‍സില്‍ പരിശീലനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ കാര്യക്ഷമതയും ആത്മവിശ്വാസവും പക്വതയും ആര്‍ജിയ്ക്കും. തൊഴില്‍ രംഗവുമായി ബന്ധപ്പെട്ട നിര്‍ണായകമായ തെരഞ്ഞെടുപ്പിന്റെ ്ഘട്ടങ്ങളിലും അഭിമുഖങ്ങളിലുമൊക്കെ തങ്ങളെ വ്യത്യസ്തമായി അവതരിപ്പിയ്ക്കാന്‍ ആര്‍ജ്ജവം കാട്ടും.
തങ്ങളുടെ ഉള്ളില്‍ നിന്നുള്ള അങ്കത്തില്‍ അവര്‍ക്ക് മേല്‍ക്കൈ നേടാനായാല്‍ പുറമെയുള്ള ഏത് പ്രശ്‌നവും തങ്ങള്‍ക്ക് കൈകാര്യം ചെയ്യാനാവും എന്ന മാനസിക നില സ്വാഭാവികമായി കൈവരും. ഹാപ്പിനെസ്സ് ഡ്രൈവ് , ആങ്കര്‍ മാനേജ്മെന്റ് എന്നിങ്ങനെയുള്ള ലൈഫ് സ്‌കില്‍ പരിശീലനം കൂടി ഉള്‍പ്പെടുത്തിയിട്ടുള്ള കരിക്കുലത്തില്‍ പഠനം കഴിഞ്ഞെത്തുന്ന വിദ്യാര്‍ത്ഥികളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ വളരെ വലുതാണെന്ന് പഠനങ്ങള്‍ കാണിയ്ക്കുന്നു. കാരണം ഇത്തരം പരിശീലന പരിപാടികള്‍ അവരുടെ വ്യക്തിത്വത്തില്‍ ഇതുവരെ സ്പര്‍ശിയ്ക്കാതെ കിടന്ന മേഖലകളിലാണ് കടന്നുകയറുകയും പരിവര്‍ത്തനം ഉണ്ടാക്കുകയും ചെയ്യുന്നത്.
ഇത്തരം പരിശീലനത്തിന് ശേഷം വിദ്യാര്‍ത്ഥികളുടെ ജീവിത വീക്ഷണത്തിന് സകാരാത്മകമായ വ്യതിയാനം ഉണ്ടാകുന്നതായും ഒരു വിശാല കാഴ്ചപ്പാടോടെ ജീവിതത്തെ സമീപിയ്ക്കുവാന്‍ ശ്രമിയ്ക്കുന്നതായും ആണ് കണ്ടുവരുന്നത്. അവരുടെ സര്‍ഗ്ഗശേഷിയും അന്വേഷണ ത്വരയും വര്‍ദ്ധിയ്ക്കുന്നതിനാല്‍ ജീവിത വിജയം നേടാന്‍ അത്യുത്സാഹമുള്ളവരായി മാറുകയും ചെയ്യുന്നു.
നാളെയുടെ ദീപവാഹകരായ വിദ്യാര്‍ത്ഥികള്‍ ബിരുദ പഠനം പൂര്‍ത്തിയാക്കി കലാശാല വിട്ടിറങ്ങുമ്പോള്‍ അവരുടെ പക്കല്‍ ഉണ്ടാവേണ്ടത് വെറുമൊരു ബിരുദം മാത്രമല്ല. പുറംലോകത്തെ ചുറ്റുപാടുകളും സമ്മര്‍ദങ്ങളും അഭിമുഖീകരിയ്ക്കുവാനും അവ പ്രതിബന്ധങ്ങളായി മാറുന്നത് ഒഴിവാക്കുവാനും സാമൂഹ്യജീവി എന്ന നിലയില്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ സാഹചര്യങ്ങളോട് പ്രതികരിയ്ക്കുവാനും അതു വഴി തൊഴില്‍ മേഖലയില്‍ കൂടുതല്‍ സ്വീകാര്യനായ ഉദ്യോഗാര്‍ഥി ആകുവാനും കഴിയുന്നതിന് അവരുടെ ആവനാഴിയില്‍ ലൈഫ് സ്‌കില്‍ പരിശീലനം എന്ന മൂര്‍ച്ചയുള്ള ശരങ്ങളും ഉണ്ടാവണം.
വിജയമന്ത്രങ്ങള്‍ സ്വന്തമാക്കേണ്ടതിന്റെ പ്രാധാന്യം എത്ര പറഞ്ഞാലും അധികമാവില്ല, സന്തോഷജീവിതവും ജീവിതവിജയവും സമ്മാനിക്കുന്നതില്‍ നിര്‍ണായ പങ്ക് ഇത്തരം ലൈഫ് സ്‌കില്ലുകള്‍ക്ക് ഉണ്ട് എന്ന കാര്യം നിസ്തര്‍ക്കമാണ്.
https://www.facebook.com/Malayalivartha