കോര്‍പ്പറേറ്റ് രംഗത്തെ അഭിഭാഷകവൃത്തി: തേച്ചു മിനുക്കണം ഈ കഴിവുകള്‍
കോര്‍പറേറ്റ് ലോ എന്നത് ഒരു മികച്ച കരിയര്‍ ഓപ്ഷന്‍ ആയി പ്രാധാന്യം ആര്‍ജിച്ചതോടെ ഇന്ത്യയിലെ നിയമവുമായി ബന്ധപ്പെട്ട തൊഴില്‍മേഖലയില്‍ വന്‍ വ്യതിയാനം ആണ് ഉണ്ടായത്.
രാജ്യം അതിവേഗത്തില്‍ കൈവരിച്ചു കൊണ്ടിരിയ്ക്കുന്ന സാമ്പത്തിക വളര്‍ച്ചയും, രാജ്യത്ത് സംരംഭക സൗഹൃദ പശ്ചാത്തലം വികസിച്ചതും ഒക്കെ കോര്‍പറേറ്റ് അഭിഭാഷകന്മാരുടെ ആവശ്യകത വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ കരിയര്‍ തെരഞ്ഞെടുക്കാന്‍ അഭിരുചിയുള്ളവര്‍ക്ക് മുന്നില്‍ അവസരങ്ങളുടെ വലിയ വാതായനങ്ങളാണ് അത് തുറന്നിടുന്നത്.
മികച്ച നിലയിലുള്ള തുടക്ക ശമ്പളം, കോര്‍പറേറ്റ് ലോകത്തേയ്ക്ക് കാല്‍വയ്ക്കാന്‍ ലഭിയ്ക്കുന്ന വമ്പന്‍ അവസരം , കോര്‍പറേറ്റ് ലോകത്തെ ഭീമന്‍ കമ്പനികളുമായി ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കാന്‍ കിട്ടുന്ന സാഹചര്യം എന്നിവയൊക്കെ കാരണം ധാരാളം യുവ അഭിഭാഷകന്മാരും നിയമ വിദ്യാര്‍ത്ഥികളും ഒക്കെ ഈ രംഗത്ത് കരിയര്‍ കരുപ്പിടിപ്പിക്കാന്‍ ഇപ്പോള്‍ മുന്നോട്ട് വരുന്നുണ്ട് .
ഇന്ത്യയില്‍ സ്റ്റാര്‍ട്ട് അപ്പ് വ്യവസായങ്ങള്‍ പച്ചപിടിച്ചുകൊണ്ടിരിയ്ക്കുന്ന സമയമായതിനാല്‍, കോര്‍പറേറ്റ് നിയമങ്ങള്‍ക്ക് കൂടുതല്‍ പ്രസക്തി കൈവരും. അത് കൊണ്ട് തന്നെ കൂടുതലായി അഭിഭാഷകന്മാരും നിയമം കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളും വേണ്ടി വരും. ഈ മേഖലയില്‍ ഉണ്ടായികൊണ്ടിരിയ്ക്കുന്ന തൊഴില്‍ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് യുവ ബിരുദ ധാരികളും ചെറുപ്പക്കാരും വര്‍ധിത താല്പര്യം പ്രകടിപ്പിച്ചു കാണുന്നതിനാല്‍ കോര്‍പറേറ്റ് ലോ-യില്‍ സ്‌പെഷ്യലൈസ് ചെയ്യുവാന്‍ അവസരം നല്‍കുന്ന കൂടുതല്‍ ലോ കോളേജുകള്‍ രാജ്യത്ത് ഉണ്ടാവേണ്ടിയിരിയ്ക്കുന്നു എന്നതാണ് സത്യം.
കോര്‍പറേറ്റ് ലോ എന്താണെന്നും അതിന്റെ അധികാര പരിധി എങ്ങനെയാണെന്നും മനസ്സിലാക്കുന്നതിനും ആ മേഖലയില്‍ പ്രവര്‍ത്തിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്ന നിയമ ബിരുദധാരികള്‍ക്ക് ഉണ്ടായിരിയ്‌ക്കേണ്ട വൈദഗ്ധ്യവും പ്രതിഭയും എന്താണെന്നതിനെ കുറിച്ചുമൊക്കെ ഒരു അവലോകനം നടത്തി നോക്കാം.
നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള കാര്യങ്ങള്‍ എന്താണെന്നും സര്‍ക്കാരും മറ്റ് കാര്യ നിര്‍വഹണ കേന്ദ്രങ്ങളും പാസ്സാക്കിയിട്ടുള്ള ചട്ടങ്ങളും വ്യവസ്ഥകളും എന്തൊക്കെയാണെന്നും ഉള്ളതിനെ കുറിച്ച് കോര്‍പറേറ്റ് അഭിഭാഷകര്‍ക്ക് വ്യക്തമായ ധാരണ ഉണ്ടായിരിയ്ക്കണം. എന്നാല്‍ മാത്രമേ നിയമ പരിധിയ്ക്കുള്ളില്‍ നിന്നുകൊണ്ട് തങ്ങളുടെ ബിസിനസ്സ് ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ തങ്ങളുടെ കക്ഷികളെ സഹായിക്കാന്‍ അവര്‍ക്ക് കഴിയുകയുളൂ.
മെര്‍ജേഴ്‌സ് ആന്‍ഡ് അക്യുസിഷന്‍സ്, പ്രൈവറ്റ് ഇക്വിറ്റി , പ്രോജക്ട് ഫൈനാന്‍സിംഗ് , ബാങ്കിംഗ് , കാപിറ്റല്‍ മാര്‍ക്കറ്റുകള്‍ , ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്നോളജി എന്നിങ്ങനെ വിവിധങ്ങളായ മേഖലകളെ കുറിച്ചുള്ള വിപുലമായ അറിവ് ഉള്ള ഒരു കോര്‍പറേറ്റ് അഭിഭാഷകന് മാത്രമേ , തങ്ങളുടെ ബിസിനസ് സ്ഥാപനങ്ങള്‍ നടത്തുന്ന കൊടുക്കല്‍ വാങ്ങലുകള്‍ക്ക് നിയമത്തിന്റെ ചട്ടക്കുടിനുള്ളില്‍ വരുന്ന രീതിയില്‍ കൃത്യതയോടെ രൂപം നല്‍കേണ്ടതെങ്ങനെ എന്ന കാര്യത്തില്‍ നിയമോപദേശം നല്‍കാനാവൂ.
കോണ്‍ട്രാക്ട് ലോ, ടാക്‌സ് ലോ, കമ്പനി ലോ , ബാങ്ക്‌റപ്സി , ഐ പി ആര്‍ , ലൈസന്‍സിങ് , എന്നിവ കൂടാതെ ബിസിനസ്സിന്റെ ചില പ്രത്യേക ഘടകങ്ങളെ സംബന്ധിച്ച ചട്ടങ്ങളേയും വകുപ്പുകളേയും കുറിച്ചൊക്കെ ഒരു കോര്‍പറേറ്റ് നിയമ വിദ്യാര്‍ത്ഥിയ്ക്ക് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. മേല്‍ പറഞ്ഞ മേഖലകളില്‍ തങ്ങളുടെ സീനിയര്‍മാരും സഹ കമ്പനികളും പിന്തുടരുന്ന 'കോര്‍പ്പറേറ്റ് പ്രവര്‍ത്തന രീതികള്‍' എന്തൊക്കെയാണെന്നതിനെ കുറിച്ചും ഗ്രാഹ്യമുണ്ടായിരിയ്ക്കണം .
ഓരോ ബിസിനസ് കോര്‍പ്പറേറ്റിന്റെയും ബിസിനസ് ഇടപാടുകളും കൊടുക്കല്‍ വാങ്ങലുകളും വ്യത്യസ്തമാണെന്നതിനാല്‍, വ്യക്തതയോടെ ചിന്തിച്ച് തീരുമാനം എടുക്കാനുള്ള കഴിവ്, മികച്ച ആശയ വിനിമയ പാടവം, എന്നിവ കൂടാതെ നന്നായി എഴുതുവാനുള്ള കഴിവും കോര്‍പ്പറേറ്റ് നിയമ മേഖലയില്‍ അഭിലഷണീയമായി കണക്കാക്കുന്നു.
എന്ത് തരം വ്യവസായമാണ് എന്നതും, സിംഗിള്‍ മാര്‍ക്കറ്റ് ബിസിനസ്സ് ആണോ മള്‍ട്ടി മാര്‍ക്കറ്റ് ബിസിനസ് ആണോ എന്നതും, അതില്‍ ഉള്‍പ്പെട്ടിട്ടുള്ള കമ്പനികളുടെ വലിപ്പം എന്നിങ്ങനെയുള്ള ഘടകങ്ങള്‍ മൂലം ഓരോ കോര്‍പറേറ്റും വ്യത്യാസപ്പെട്ടിരിയ്ക്കുന്നു. തങ്ങളുടെ കക്ഷികള്‍ക്ക് വേണ്ടത് എന്താണെന്നതിനെ കുറിച്ച് വ്യക്തമായ ധാരണയും ബിസിനസ്സുമായി ബന്ധമുള്ള ഓരോ പ്രത്യേക മേഖലയിലെ വൈദഗ്ധ്യവും, പരിതസ്ഥിതികളോട് അനുരൂപമാകാനുള്ള കഴിവ്, എന്നിവ കൂടാതെ സേവന മനസ്ഥിതി കൂടി ഉണ്ടെങ്കിലേ ഏത് ബിസിനസും വിജയം നേടുകയുള്ളൂ.
വിവിധ തരക്കാരായ ആളുകളോട് അവര്‍ക്കിണങ്ങും വിധം ഇടപെടാനും ആശയ വിനിമയം നടത്താനുമുള്ള മികച്ച കഴിവും, കണക്കും സംഖ്യകളും കൈകാര്യം ചെയ്യാന്‍ സവിശേഷമായ നൈപുണ്യവും, ബിസിനസിനെ കുറിച്ചുള്ള ഒരു പൊതുബോധവും, ഉത്തരവാദിത്തമുള്ള മനോഭാവവും, അപഗ്രഥന പാടവവും പ്രശ്‌ന പരിഹാരത്തിനുള്ള കഴിവും, ഗവേഷണ ചാതുര്യവും, കക്ഷികളുടെ വിശ്വസ്തത നിലനിര്‍ത്താനുള്ള കഴിവും ഒക്കെ ഉള്ള നിയമ വിദ്യാര്‍ത്ഥികള്‍ക്കേ കോര്‍പറേറ്റ് അഭിഭാഷകന്‍ എന്ന നിലയില്‍ വിജയം നേടാനാവൂ.
ഒരു കോര്‍പറേറ്റ് നിയമ സ്ഥാപനവുമായി ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കണോ അതോ ഒരു ഇന്‍ ഹൗസ് കൗണ്‍സില്‍ ആകുവാനാണോ താല്പര്യം എന്ന് സ്വയം ചിന്തിച്ച് തീരുമാനിയ്ക്കാം. കോര്‍പറേറ്റ് നിയമ സ്ഥാപനവുമായി ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കുമ്പോള്‍ ധാരാളം കക്ഷികളുമായും പ്രോജക്ടുകളുമായും ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കാന്‍ അവസരം ലഭിയ്ക്കും. അല്ലെങ്കില്‍ ഒരു ഇന്‍ ഹൗസ് കൗണ്‍സില്‍ എന്ന നിലയില്‍ ഏതെങ്കിലും കമ്പനിയുടെ നിയമ വിഭാഗത്തില്‍ വിശ്വസ്തതയോടെ പ്രവര്‍ത്തനം നടത്താനാവും .
പുതിയ പുതിയ സാങ്കേതിക വിദ്യയ്ക്ക് അനുസരിച്ച് ബിസിനസ് രംഗം, അനുദിനം മാറിക്കൊണ്ടിരിയ്ക്കുന്നതിനാല്‍ ഒരു കോര്‍പറേറ്റ് അഭിഭാഷകന്‍ കോര്‍പറേറ്റ് നിയമ മേഖലയില്‍ ഉണ്ടാകുന്ന ഓരോ വ്യതിയാനങ്ങളെ കുറിച്ചും അപ്പപ്പോള്‍ അറിഞ്ഞുകൊണ്ടിരിയ്ക്കണം. ഇപ്രകാരം നിരന്തരമുള്ള അറിവ് നേടലില്‍ എത്ര താല്‍പര്യം കാട്ടുന്നു എന്നതാണ് ആകര്‍ഷകവും ധനലാഭവുമുള്ള ഈ തൊഴില്‍ രംഗത്ത് വിജയം നേടിത്തരുന്നത്.
https://www.facebook.com/Malayalivartha