കലയും ശാസ്ത്രവും സമാസമം ചേര്‍ന്ന ഇന്റീരിയര്‍ ഡിസൈനിംഗ് രംഗത്ത് തിളങ്ങാം
ഏതെങ്കിലും കെട്ടിടത്തിനോ നിര്‍മാണത്തിനോ പൂര്‍ണത കൈവരുത്തുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നത് ഇന്റീരിയര്‍ ഡിസൈനിംഗാണ്. അത് കൊണ്ടാണ് ഇന്റീരിയര്‍ ഡിസൈനിംഗ് ഒരേ സമയം കലയും ശാസ്ത്രവുമാണെന്നാണ് പറയുന്നത്. സ്‌പേസ് അറേഞ്ച്‌മെന്റുകള്‍, അവയുടെ കാര്യ നിര്‍വഹണം , അളവുകള്‍ എന്നിവ എല്ലാം അതിന് ശാസ്ത്രത്തിന്റെ മുഖം നല്‍കുമ്പോള്‍ കളര്‍ സ്‌കീമുകളും ഡിസൈനും മറ്റും ഇന്റീരിയര്‍ ഡിസൈനിംഗില്‍ കലാചാതുര്യത്തിന് ഊന്നല്‍ നല്‍കുന്നു.
രംഗാലങ്കാരങ്ങള്‍ നല്‍കുന്നതും ഡിസൈനിങ്ങും വര്‍ണ വ്യതിയാനം ഒരുക്കുന്നതും ഒക്കെ നിങ്ങള്‍ക്ക് സന്തോഷം തരുന്ന കാര്യങ്ങള്‍ ആണെങ്കില്‍, ധൈര്യമായി ഇന്റീരിയര്‍ ഡിസൈനിംഗ് നിങ്ങളുടെ കരിയറായി തെരഞ്ഞെടുക്കാം. കമ്പനികളും വ്യക്തികളും റിയല്‍ എസ്റ്റേറ്റ് ഏജന്റുമാരും ഒക്കെ, തങ്ങളുടെ ഓഫീസുകളും ബെഡ് റൂമുകളും ലിവിങ് റൂമുകളും ഒക്കെ അലങ്കരിച്ചൊരുക്കുവാന്‍ ഇപ്പോള്‍ വലിയ തോതില്‍ ഇന്റീരിയര്‍ ഡിസൈനര്‍മാരെ ജോലിയ്ക്കെടുക്കുന്നുണ്ട്.
വളരെ വിപുലവും വ്യത്യസ്തവുമാണ് ഈ രംഗത്തെ തൊഴില്‍ അവസരങ്ങളെങ്കിലും , മികച്ച ഇന്റീരിയര്‍ ഡിസൈനര്‍ എന്ന പേര് നേടണമെങ്കില്‍ ചില സവിശേഷ കഴിവുകള്‍ തീര്‍ച്ചയായും ഉണ്ടായിരിയ്ക്കണം . ഇന്റീരിയര്‍ ഡിസൈനിങ് വ്യവസായ രംഗത്തെ മികച്ചവരുടെ പട്ടികയില്‍ എണ്ണപ്പെടാന്‍ ഒരാള്‍ക്കുണ്ടാവേണ്ട സവിശേഷതകള്‍ എന്തൊക്കെയാണെന്ന് നമുക്കൊന്ന് പരിശോധിച്ചു നോക്കാം.
കളര്‍ ബാലന്‍സിംഗ് സ്‌കില്‍
വര്‍ണ സങ്കലനത്തിലെ വൈവിധ്യം കൊണ്ട് മായാജാലങ്ങള്‍ സൃഷ്ടിയ്ക്കുവാന്‍ കഴിയും . ഒരു ഇന്റീരിയര്‍ ഡിസൈനര്‍ക്ക് തന്റെ മേഖലയില്‍ വിജയിയ്ക്കുവാന്‍ ഏറ്റവും അത്യാവശ്യം ഉണ്ടായിരിയ്‌ക്കേണ്ട കഴിവാണ് , എപ്രകാരം വര്‍ണ സംതുലനം കൈവരിയ്ക്കാം എന്ന കാര്യത്തിലുള്ള പരിജ്ഞാനം. അത്ര വശ്യമല്ലാത്ത നിറങ്ങളെ ജീവസുറ്റ നിറങ്ങളുമായി സംയോജിപ്പിയ്ക്കുന്നത് മാത്രമല്ല അത് . ജീവസുറ്റ നിറങ്ങളെ കലാചാതുരിയോടെ പ്രിയമുള്ളതാക്കി മാറ്റുന്നതും കൂടിയാണ്. നമ്മുടെ മാനസിക നിലകളെയും വിവിധ മാന തലങ്ങളിലെ സംവേദനത്തിനെയും സ്വാധീനിയ്ക്കുവാന്‍ ശക്തിയുള്ളവയാണ് നിറങ്ങള്‍ . അതുകൊണ്ട് വര്‍ണക്കൂട്ട് ഒരുക്കുന്നതില്‍ ചാതുര്യം ഉള്ള ഒരു ഇന്റീരിയര്‍ ഡിസൈനര്‍ക്ക് വേഗത്തില്‍ രംഗത്ത് ശ്രദ്ധ നേടാനാവും.
സാങ്കേതിക കാര്യങ്ങളിലെ അറിവ്
പുത്തന്‍ യുഗത്തിലെ സോഫ്‌ട്വെയറുകള്‍ ഇന്റീരിയര്‍ ഡിസൈനിംഗ് രംഗത്ത് വമ്പന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്നതിനാല്‍ ഇന്ന് സാങ്കേതിക പരിജ്ഞാനം ആര്‍ജിയ്‌ക്കേണ്ടത് ഈ രംഗത്ത് വിജയം കൊയ്യാന്‍ ആഗ്രഹിയ്ക്കുന്ന ഓരോ ഇന്റീരിയര്‍ ഡിസൈനറുടെയും ചുമതലയായി മാറിയിരിയ്ക്കുന്നു. കുറ്റമറ്റതും കൃത്യതയാര്‍ന്നതുമായ ആവിഷ്‌കാരത്തിനും ഡിസൈനിംഗിനും സഹായിയ്ക്കുന്നതിനാല്‍ ഇന്ന് ഇന്റീരിയര്‍ ഡിസൈനിങ് രംഗം കമ്പ്യൂട്ടറുകളെ ധാരാളമായി ആശ്രയിയ്ക്കുന്നുണ്ട്. ആസൂത്രണത്തിനും ആവിഷ്‌കാരത്തിനും സഹായകമായ അത്തരം വ്യത്യസ്ത തരം സോഫ്റ്റ് വെയറുകളുടെ ശേഖരം കൈവശമുണ്ടായിരിയ്‌ക്കേണ്ടത് ഈ രംഗത്ത് മികവ് നേടുന്നതിന് വഴിയൊരുക്കും.
നിര്‍മാണ സംബന്ധിയായ ചട്ടങ്ങളെയും വകുപ്പുകളേയും (ബില്‍ഡിംഗ് കോഡ് ) സംബന്ധിച്ചുള്ള അറിവ്
കാര്യ പ്രാപ്തിയുള്ള ഇന്റീരിയര്‍ ഡിസൈനര്‍ എന്ന അംഗീകാരം നേടണമെങ്കില്‍ ഇലക്ട്രിക്കല്‍ , ബില്‍ഡിങ് എന്നിവ സംബന്ധിച്ച ചട്ടങ്ങളെയും വകുപ്പുകളെയും കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. കണ്‍സ്ട്രക്ഷന്‍ കോഡുകളെന്ന് അറിയപ്പെടുന്ന ഇവയെ കുറിച്ച് വ്യക്തമായ ധാരണ ഉള്ള ഒരു ഡിസൈനര്‍ക്ക് മാത്രമേ ഫലപ്രദമായ ഡിസൈനിംഗ് പ്ലാനുകള്‍ ഒരുക്കുന്നതിന് സാധിയ്ക്കുകയുള്ളൂ. ഇലക്ട്രിഷന്‍ , ജലക്കുഴല്‍ പണിക്കാരന്‍ ( പ്ലംബര്‍ ) എന്നിവരുമായി നല്ല ഏകോപനത്തോടെ പ്രവര്‍ത്തിക്കാനായാല്‍, നിങ്ങളുടെ ജോലികള്‍ വേഗത്തില്‍ തീരുമെന്ന് മാത്രമല്ല, പ്ലാനുകള്‍ക്ക് ഇടയ്ക്കിടെ മാറ്റം വരുത്തേണ്ട സാഹചര്യവും ഉണ്ടാകയില്ല.
മികച്ച ആശയ വിനിമയ പാടവം
ഇന്റീരിയര്‍ ഡിസൈനിംഗ് രംഗത്ത് പ്രാമുഖ്യം നേടിയ ഒരു ഡിസൈനര്‍ക്ക് വ്യാപാരികള്‍, മറ്റു കക്ഷികള്‍ , ഡിസൈനിങ് പ്രക്രിയയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിയ്ക്കുന്നവര്‍ എന്നിങ്ങനെ വിവിധ തരത്തിലുള്ള ആളുകളുമായി ഇടപെട്ട് പ്രവര്‍ത്തിയ്‌ക്കേണ്ടി വരും. അത് കൊണ്ട് സുഗ്രാഹ്യമായ വിധത്തില്‍ ആശയ വിനിമയം നടത്താനുള്ള കഴിവ് ഉണ്ടായിരിയ്‌ക്കേണ്ടത് വളരെ ആവശ്യമാണ്. തങ്ങളുടെ കക്ഷികളുടെ ആവശ്യം എന്തെന്ന് വ്യക്തമായി മനസ്സിലാക്കുവാനും സംശയ നിവാരണം നടത്തുന്നതിനും നല്ല ഭാഷാ സ്വാധീനം ഉണ്ടായിരിയ്‌ക്കേണ്ട് അത്യാവശ്യമാണ്. എങ്കില്‍ മാത്രമേ തങ്ങളുടെ കക്ഷികള്‍ക്ക് അവരുടെ ആവശ്യ പ്രകാരമുള്ള സേവനങ്ങള്‍ തന്നെയാണ് നാം നല്‍കുന്നത് എന്ന് ഉറപ്പ് വരുത്താനാകുകയുള്ളൂ.
കക്ഷികളോടുള്ള പ്രതിബദ്ധത
ഏതൊരു ഇന്റീരിയര്‍ ഡിസൈനറും തങ്ങളുടെ കക്ഷികളുടെ നിര്‍ദേങ്ങള്‍ക്കാണ് എപ്പോഴും ഒന്നാം സ്ഥാനം നല്‍കേണ്ടത്. തങ്ങളുടെ കക്ഷികളുടെ ആവശ്യവും ആഗ്രഹവും മനസ്സിലാക്കി വേണം ഓരോ ഡിസൈനറും തങ്ങളുടെ ഡിസൈന്‍ ഒരുക്കേണ്ടത്. നിങ്ങളുടെ സര്‍ഗ്ഗശേഷിയും ഭാവനാ വൈഭവവും കക്ഷികളുടെ ആവശ്യങ്ങള്‍ക്കനുരൂപമായ ആശയങ്ങളുമായി സമന്വയിപ്പിയ്ക്കാന്‍ കഴിയുമ്പോഴാണ് ഏറ്റവും മികച്ച ഡിസൈനുകള്‍ക്ക് ജീവന്‍ വയ്ക്കുന്നത്.
തുണിത്തരങ്ങളെ കുറിച്ചുള്ള അറിവ്
ഡിസൈനുകളുടെയും നിറങ്ങളുടെയും മാത്രം ലോകമാണ് ഇന്റീരിയര്‍ ഡിസൈനിംഗ് എന്ന് പറഞ്ഞാല്‍ അത് തെറ്റാകും. ഗൃഹോപകരണങ്ങള്‍ക്കും, ജനാലകള്‍ക്കും വാതിലുകള്‍ക്കും അനുയോജ്യമായ തിരശീല ഒരുക്കുന്ന ചുമതലയും ഇപ്പോള്‍ ഇന്റീരിയര്‍ ഡിസൈനറുടേതാണ് . ഏത് മുറിയ്ക്കു വേണ്ടിയാണ്, എന്ത് തരത്തിലുള്ള കാലാവസ്ഥ ഉള്ള പ്രദേശത്താണ് കെട്ടിടം, സൂര്യപ്രകാശത്തിന്റെ ലഭ്യത എന്നിങ്ങനെ വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് തിരശീലകള്‍ തെരഞ്ഞെടുക്കുന്നത്.
നിര്‍മ്മാണം പൂര്‍ത്തിയായി കഴിഞ്ഞാല്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ള നിറത്തിലുള്ള പെയിന്റ് വാങ്ങി കെട്ടിടം മോടി പിടിപ്പിച്ചിരുന്ന കാലവും വീടിന്റെ ഉള്‍വശം തങ്ങളുടെ സൗകര്യവും ഭാവനയും അനുസരിച്ച് അലങ്കരിച്ചിരുന്ന കാലവും എല്ലാം കടന്നുപോയി. ഇന്ന് എല്ലാവരും ഏറ്റവും ചെറിയ ഒരു പ്രോജക്ടിന് പോലും ഒരു ' വിദഗ്ധന്റെ കരസ്പര്‍ശം ' ഉണ്ടായി കാണാനാണ് ആഗ്രഹിയ്ക്കുന്നത് . അത് ഒരു ഇന്റീരിയര്‍ ഡിസൈനറെ കൊണ്ട് മാത്രമേ സാധ്യമാകൂ.
വര്‍ധിച്ചു വരുന്ന ഡിമാന്‍ഡിന് പര്യാപ്തമായ എണ്ണം ഇന്റീരിയര്‍ ഡിസൈനര്‍മാര്‍ ഇന്ന് ലഭ്യമല്ല. അത് കൊണ്ട് കാലഘട്ടത്തിന്റ ആവശ്യമായി മാറിക്കഴിഞ്ഞിരിയ്ക്കുന്നു ഇന്റീരിയര്‍ ഡിസൈനര്‍മാര്‍. ആത്മവിശ്വാസവും ഭാവനാശേഷിയും കൈമുതലായുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഈ രംഗത്തേയ്ക്ക് ചുവട് വയ്ക്കാം.
https://www.facebook.com/Malayalivartha