ബിരുദം നേടിക്കഴിഞ്ഞോ? ഇനി ജോലി കരസ്ഥമാക്കുന്നത് എങ്ങ നെയെന്ന് അറിയാം
ബിരുദം നേടിക്കഴിഞ്ഞാലുടനെ ജോലി ലഭിയ്ക്കണമെന്ന് ആഗ്രഹിയ്ക്കുന്ന ഏറെപ്പേരുണ്ട്. എന്നാല്‍ വിചാരിയ്ക്കുന്നത് പോലെ എളുപ്പമുള്ള കാര്യമല്ലത്. നിങ്ങള്‍ സ്വപ്നം കാണുന്ന പദവിയില്‍ എത്തിപ്പറ്റുന്നതിന് കഠിന പരിശ്രമവും പ്രതിബദ്ധതയും ആവശ്യമുണ്ട്. ബിരുദം നേടുന്നതിന് മുന്‍പേ തന്നെ അതിനുള്ള അടിത്തറ പാകിയിരിയ്ക്കണം എന്നതാണ് വസ്തുത.
കൂടാതെ ഒരു ജോലിയില്‍ കയറുന്നതിന് വളരെയധികം സമയം ചെലവഴിച്ച് ധാരാളം പടവുകള്‍ പിന്നിടേണ്ടതുണ്ട്. അനേക ഘട്ടങ്ങളിലുള്ള പരീക്ഷകളും അഭിമുഖങ്ങളും അടങ്ങിയ കടമ്പകള്‍ ഏറെ താണ്ടണം. എങ്കില്‍ മാത്രമേ നിങ്ങളാണ് ഒരു പ്രസ്തുത ജോലിയ്ക്ക് ഏറ്റവും അനുയോജ്യന്‍ എന്ന് തെളിയിയ്ക്കപ്പെടുകയുള്ളൂ. വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ബിരുദപഠനം നടത്തുന്ന കാലത്ത് തന്നെ അവരവരുടെ കഴിവുകളും ദൗര്‍ബല്യങ്ങളും തിരിച്ചറിയുകയും അതിനനുസൃതമായി തൊഴില്‍ മേഖല കണ്ടെത്തുകയും വേണം.
വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫഷണല്‍ നെറ്റ്‌വര്‍ക്കിങ് പ്ലാറ്റുഫോമുകളില്‍ തങ്ങളുടെ ശക്തമായ ഓണ്‍ലൈന്‍ സാന്നിധ്യം പ്രകടമാക്കാന്‍ രഠനകാലം ഉപയോഗിയ്ക്കുകയുമാവാം. പ്രത്യേക മേഖലയില്‍ പ്രസക്തമായ സാങ്കേതിക പരിജ്ഞാനം നേടിയെടുക്കാനും, തങ്ങളുടെ സോഫ്റ്റ് സ്‌കില്ലുകളായ നേതൃത്വ ഗുണം, ടീം വര്‍ക്ക്, ആശയവിനിമയ പാടവം , പ്രശ്‌ന പരിഹാര ശേഷി , തൊഴില്‍ രംഗത്ത് പ്രകടിപ്പിയ്‌ക്കേണ്ട നൈതികത , പരിതഃസ്ഥിതികളോട് ഇണങ്ങാനുള്ള കഴിവ്, വിവിധ തരക്കാരായ ആളുകളോട് സഹവര്‍ത്തിത്വത്തില്‍ പ്രവര്‍ത്തിയ്ക്കാനുള്ള കഴിവ് എന്നിവ എല്ലാം ഇക്കാലത്ത് തേച്ചുമിനുക്കി എടുക്കണം. ഉദാഹരണത്തിന് ഒരു ഡേറ്റാ സയന്റിസ്റ്റ് ആകാനാണ് നിങ്ങള്‍ക്ക് താല്പര്യം എങ്കില്‍, പൈത്തണ്‍ , എസ് ക്യു എല്‍ , ജൂപിറ്റര്‍ എന്നിവയില്‍ പ്രൊഫഷണല്‍ പരിശീലനം നേടുന്നതോടൊപ്പം ടീം മാനേജ്മെന്റ്, ആശയവിനിമയം, പ്രശ്‌ന പരിഹാര ശേഷി എന്നിങ്ങനെയുള്ള സോഫ്റ്റ് സ്‌കില്ലുകളും മെച്ചപ്പെടുത്താന്‍ ശ്രദ്ധിയ്ക്കണം.
ഏത് വിദ്യാര്‍ത്ഥിയെയും സംബന്ധിച്ച് ജോലി തിരയല്‍ എന്നത് അതീവശ്രദ്ധയും ആസൂത്രണവും ആവശ്യമുള്ള ഒരു പ്രക്രിയയാണ്. തികഞ്ഞ ക്ഷമയോടും വിശ്വസ്തതയോടും കൂടി പരിശ്രമം നടത്തിയാല്‍ ഉദ്ദേശിയ്ക്കുന്ന ഫലം ലഭ്യമാകുക തന്നെ ചെയ്യും. അതുകൊണ്ട് ശരിയായ വിധത്തില്‍ തൊഴില്‍ അന്വേഷണം നടത്തേണ്ടത് എങ്ങനെ എന്ന് മനസ്സിലാക്കുകയും സമയം ബുദ്ധിപൂര്‍വം ചെലവഴിയ്ക്കുകയും ചെയ്യുകയാണ് വേണ്ടത്.
ദീര്‍ഘ നേരം ഗൂഗിളില്‍ തിരഞ്ഞിട്ടും ഉദ്ദേശിച്ചത് കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ ആര്‍ക്കാണെങ്കിലും വല്ലാത്ത മുഷിപ്പ് ഉണ്ടാകും. അതുപോലെ തന്നെയാണ് റിക്രൂട്ടര്‍മാരുടെ കാര്യവും. റിക്രൂട്ടര്‍മാര്‍ ഒരു റെസ്യുമെ വിലയിരുത്തുമ്പോള്‍, ആ ഉദ്യോഗാര്ഥിയുടെ ഓണ്‍ലൈന്‍ സാന്നിധ്യവും ഇപ്പോള്‍ പരിശോധിയ്ക്കാറുണ്ട്. ഓണ്‍ലൈനില്‍ നിങ്ങളുടെ ഒരു റെസ്യുമെ ഇല്ലാതിരുന്നാലും, അഥവാ ഉണ്ടെങ്കില്‍ തന്നെ സുവ്യക്തമായ ഒരു റെസ്യുമെ അല്ല അതെങ്കിലും, ഒരു ഇന്റര്‍വ്യൂ കോള്‍ നിങ്ങള്‍ക്ക് ലഭിയ്ക്കാനുള്ള സാധ്യത അത് തീര്‍ത്തും ഇല്ലാതാക്കാം.
ഇക്കാലത്ത് തൊഴില്‍ദാതാക്കളില്‍ പത്തില്‍ ഏഴുപേരും ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുമ്പോള്‍ , അവരെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ സമൂഹ മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട് എന്നറിയുക. അത് കൊണ്ട് നിങ്ങളുടെ ഓണ്‍ലൈന്‍ സാന്നിധ്യം ശക്തമാണെന്ന് ഉറപ്പാക്കുക. എങ്ങനെയാണ് അത് ചെയ്യാന്‍ പറ്റുന്നത് എന്ന് നോക്കാം.
നിങ്ങളുടെ സോഷ്യല്‍, പ്രൊഫഷണല്‍ പ്രൊഫൈലുകളിലും, റെസ്യൂമെയിലും, അപേക്ഷകളിലും എല്ലാം ഉപയോഗിച്ചിരിയ്ക്കുന്ന കീവേഡ്‌സ് അനുയോജ്യമായതും ശക്തമായതുമായിരിയ്ക്കണം. അങ്ങനെയെങ്കില്‍ ഒരു തൊഴിലുടമ, താന്‍ കണ്ടെത്താന്‍ ആഗ്രഹിയ്ക്കുന്ന ഉദ്യോഗാര്‍ഥിയുമായി ബന്ധപ്പെട്ട കീവേഡ്‌സ് ഉപയോഗിച്ച് സേര്‍ച്ച് ചെയ്യുമ്പോള്‍ നിങ്ങളുടെ റെസ്യുമെ ആ വ്യക്തിയുടെ മുന്നിലെത്താന്‍ ഇടയാക്കും.
ഐ സി ഐ എം എസ്സ് നടത്തിയ ഒരു പഠനം വെളിപ്പെടുത്തുന്നത് തൊഴില്‍ അന്വേഷണം നടത്തുന്ന 69 % പേരും ഗൂഗിള്‍ സേര്‍ച്ച് ആണ് ഉപയോഗിയ്ക്കുന്നതെന്നാണ്. തൊഴില്‍ അന്വേഷണത്തിന് മികച്ച കീവേഡ്‌സ് എങ്ങനെ തെരഞ്ഞെടുക്കാമെന്ന് നോക്കാം.
നിങ്ങള്‍ അന്വേഷിയ്ക്കുന്ന ജോലിയുടെ / പദവിയുടെ പേര് കൃത്യമായി രേഖപ്പെടുത്തണം. ഉദാഹരണത്തിന് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് എന്ന ജോലിയ്ക്കായി ആണ് ശ്രമിയ്ക്കുന്നതെങ്കില്‍ അത് അങ്ങനെ തന്നെ പ്രൊഫൈലുകളില്‍ എഴുതണം. എല്ലാ സ്ഥാപനങ്ങളും ഒരേ ജോലിയ്ക്ക് / പദവിയ്ക്ക് ഒരേ പേര് അല്ല ഉപയോഗിയ്ക്കുന്നതെന്നും അറിയണം. അത് കൊണ്ട് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് ജോലി ചെയ്യാന്‍ ആഗ്രഹിയ്ക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഉണ്ടോ എന്ന് തിരയുന്ന തൊഴിലുടമയുടെയും , ഇതേ ജോലിയ്ക്ക് മറ്റൊരു പേര് പറയുന്ന തൊഴിലുടമയുടെയും മുന്‍പില്‍ നിങ്ങളുടെ പ്രൊഫൈല്‍ കടന്നു വരണമെങ്കില്‍, ഒരേ പദവിയ്ക്ക് ഉപയോഗിയ്ക്കുന്ന വിവിധ പേരുകള്‍ എല്ലാം നിങ്ങളുടെ പ്രൊഫൈലില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകണം.
ധാരാളം ജോലികള്‍ ഏതെങ്കിലും പ്രമുഖ വ്യവസായ ശൃംഖലയെയോ, പ്രത്യേക തൊഴില്‍ മേഖലയെയോ ഒക്കെ ടാഗ് ചെയ്യാറുണ്ട്. അത് കൊണ്ട് നിങ്ങള്‍ ഇപ്പോള്‍ ബന്ധപ്പെട്ടിരിയ്ക്കുന്ന വ്യവസായ -തൊഴില്‍ മേഖലയുടെ പേര് കൊടുത്തു കൊണ്ട് തന്നെ തൊഴില്‍ അവസരങ്ങള്‍ തിരയാം. നിങ്ങളുടെ പ്രത്യേക വൈദഗ്ധ്യം തെളിയിയ്ക്കുന്ന വാക്കുകള്‍ കീവേഡ്‌സ് ആയി ഉപയോഗിയ്ക്കാം. ഉദാഹരണത്തിന് 'ഫേസ്ബുക് ആഡ്സ് ', എന്നോ 'ലീഡ് ജനറേഷന്‍ ' എന്നോ 'കണ്ടന്റ് മാനേജ്മെന്റ് സിസ്റ്റംസ് ' എന്നോ 'സെര്‍ച്ച് എന്‍ജിന്‍ ഒപ്ടിമൈസേഷന്‍ ' എന്നോ ഒക്കെ ഉപയോഗിയ്ക്കാവുന്നതാണ്. ഇപ്രകാരമുള്ള കീവേര്‍ഡ്സില്‍ ഊന്നിയുള്ള തിരയല്‍, തങ്ങളുടെ വൈദഗ്ധ്യത്തിന് ഇണങ്ങുന്ന ജോലി എവിടെയുണ്ടെന്ന് കണ്ടെത്താന്‍ വിദ്യാര്‍ത്ഥികളെ സഹായിയ്ക്കും.
ജോലി തിരയുമ്പോള്‍ പാലിയ്‌ക്കേണ്ട ചില സാമാന്യ മര്യാദകളുണ്ട്. അവ പാലിയ്ക്കുമ്പോഴാണ് ഒരു വ്യക്തി തൊഴില്‍പരമായി എത്ര ചിട്ടയുള്ള ആളാണെന്ന് തെളിയുന്നത്. നിങ്ങളുടെ തൊഴില്‍മേഖലയെ സംബന്ധിച്ച് വ്യക്തമായ അവബോധം നേടണം. നിങ്ങളുടെ പ്രൊഫൈലിലൂടെ അത് വെളിപ്പെടുമ്പോഴാണ് അനുയോജ്യനായ വ്യക്തിയ്ക്കരികില്‍ തങ്ങള്‍ എത്തി എന്ന് തൊഴില്‍ ദാതാക്കള്‍ക്ക് തോന്നുകയുള്ളൂ. തൊഴിലുടമയെ കുറിച്ച് അവരുടെ സോഷ്യല്‍ നെറ്റ്വര്‍ക്കില്‍ നിന്നും ലഭ്യമാക്കാവുന്ന വിവരങ്ങള്‍ മനസ്സിലാക്കുക. പ്രസ്തുത തൊഴില്‍ മേഖലയില്‍ അവര്‍ക്ക് എത്ര കാലത്തെ അനുഭവ പരിചയം ഉള്ളവരാണെന്ന് തിരിച്ചറിയുന്നത് ഗുണകരമായിരിയ്ക്കും.
ലിങ്ക്ഡ് ഇന്‍ മുഖേനെയോ ഇ-മെയില്‍ വഴിയോ അവരുമായി വ്യക്തിപരമായ ബന്ധം സ്ഥാപിയ്ക്കുന്നതില്‍ തെറ്റില്ല. ആ മെസ്സേജില്‍, നിങ്ങള്‍ ഇപ്പോള്‍ എന്ത് ചെയ്യുന്നുവെന്നും, അവരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചതിന്റെ ഉദ്ദേശമെന്തെന്നും, നിങ്ങളുടെ വിദ്യാഭ്യാസപരമായ യോഗ്യതകള്‍ എന്തെന്നും എല്ലാം വ്യക്തമാക്കിയിരിയ്ക്കണം. അത്തരത്തില്‍ ഒരു ബന്ധം സ്ഥാപിച്ചെടുക്കാനായാല്‍ അതിന് പിന്നാലെ നിങ്ങളുടെ റെസ്യുമെ അയച്ചു കൊടുക്കുകയുമാവാം. അതിനു ശേഷവും സമ്പര്‍ക്കം നിലനിര്‍ത്തുക. ഇനി അഥവാ മറുപടി കിട്ടിയില്ലെങ്കില്‍ ഇടയ്ക്കിടെ ബന്ധപ്പെടാന്‍ ശ്രമിച്ച് മുഷിപ്പിയ്ക്കരുത്. അതുകൊണ്ട് നെറ്റ്‌വര്‍ക്കിംഗ് എന്നതിന് വളരെ പ്രാധാന്യം ഉണ്ടെങ്കിലും അതീവ ക്ഷമയും കാത്തിരിപ്പും ആവശ്യമുള്ള സംഗതി കൂടിയാണ് അത് എന്ന് മനസ്സിലാക്കണം.
നിങ്ങളുടെ ജോബ് പ്രൊഫൈല്‍ വേറിട്ടതായിരിയ്ക്കണം. വിവിധ ജോബ് പോര്‍ട്ടലുകളില്‍ നിങ്ങളുടെ റെസ്യുമെ അപ്ലോഡ് ചെയ്യുന്നത് കൊണ്ട് നിങ്ങളുടെ ജോലി കഴിഞ്ഞെന്ന് കരുതരുത്. പുതിയ പുതിയ സ്‌കില്ലുകള്‍ നേടുകയും റെസ്യൂമെയില്‍ അവ ഉള്‍പ്പെടുത്തി പരിഷ്‌കരിയ്ക്കുകയും ചെയ്തുകൊണ്ടിരിക്കണം. ഒരു ജോലി നേടിയെടുക്കാന്‍ നിങ്ങള്‍ എത്ര ഉത്സുകനാണെന്ന് റിക്രൂട്ടര്‍മാര്‍ക്ക് അത് ഒരു സൂചനയാകും. എങ്കിലും പഠിയ്ക്കുന്നതിനിടെ പുതിയ പുതിയ സ്‌കില്ലുകള്‍ കൈവരിച്ച് റെസ്യുമെ അപ്‌ഗ്രേഡ് ചെയ്യുക എന്നത് ശ്രമകരമാണ് എന്നതും സത്യമാണ്.
ഒരു തവണ റെസ്യുമെ അപ്ലോഡ് ചെയ്തതിനു ശേഷം പിന്നെ അതിനെ തീര്‍ത്തും മറന്നുകളയരുത് . ഇടയ്ക്കിടെ അതില്‍ അപ്ഡേഷന്‍ നടത്തിക്കൊണ്ടിരിയ്ക്കണം. ഔപചാരിക വേഷവിധാനങ്ങളോടെയുള്ള ഒരു ചിത്രമാവണം അതോടൊപ്പം ഉണ്ടാവേണ്ടത് . റെസ്യൂമേയുടെ തലവാചകം ശ്രദ്ധ പിടിച്ചുപറ്റുന്ന കീവേഡ്‌സ് ഉപയോഗിച്ചുള്ളതാവണം. നിങ്ങളുടെ ഹോബികളെ കുറിച്ച് പരാമര്‍ശിയ്ക്കുന്നത് നിങ്ങളുടെ വ്യക്തിത്വത്തെ കുറിച്ച് ഒരു ധാരണ നല്‍കുവാന്‍ ഇടയാക്കും.
നിങ്ങളുടെ നേട്ടങ്ങള്‍ പെട്ടെന്ന് മനസ്സിലാവുന്ന രീതിയില്‍ അക്കമിട്ട് കാണിയ്ക്കണം. ഏറ്റവും പ്രധാന വിവരങ്ങള്‍ പെട്ടെന്ന് ശ്രദ്ധ കിട്ടുന്ന രീതിയില്‍ ചുരുക്കി എഴുതിയതാകണം റെസ്യുമെ. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ അവര്‍ നിങ്ങളെ നേരിട്ട് കാണാന്‍ ആഗ്രഹിയ്ക്കട്ടെ.
https://www.facebook.com/Malayalivartha