എന്‍ജിനീയറിങ്/ഫാര്‍മസി കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള കേരള എന്‍ട്രന്‍സ് ബുധനാഴ്ച ... കേരളത്തിലെ 336 കേന്ദ്രങ്ങളിലും ദുബൈ, ഡല്‍ഹി, മുംബൈ കേന്ദ്രങ്ങളിലുമായി പരീക്ഷ നടക്കും
എന്‍ജിനീയറിങ്/ഫാര്‍മസി കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള കേരള എന്‍ട്രന്‍സ് ബുധനാഴ്ച നടക്കും. കേരളത്തിലെ 336 കേന്ദ്രങ്ങളിലും ദുബൈ, ഡല്‍ഹി, മുംബൈ കേന്ദ്രങ്ങളിലുമായി പരീക്ഷ നടക്കും.
1,23,623 പേരാണ് പരീക്ഷക്ക് അപേക്ഷിച്ചത്. ഇതില്‍ 96,940 പേര്‍ എന്‍ജിനീയറിങ് പരീക്ഷക്ക് അപേക്ഷിച്ചവരാണ്. രാവിലെ 10 മുതല്‍ 12.30 വരെ പേപ്പര്‍ ഒന്ന് ഫിസിക്‌സ്, കെമിസ്ട്രി പരീക്ഷയും ഉച്ചക്ക് രണ്ടര മുതല്‍ വൈകുന്നേരം അഞ്ച് വരെ പേപ്പര്‍ രണ്ട് മാത്‌സ് പരീക്ഷയും നടക്കും. ഫാര്‍മസി പരീക്ഷ മാത്രം എഴുതുന്നവര്‍ പേപ്പര്‍ ഒന്ന് മാത്രവും എന്‍ജിനീയറിങ് പരീക്ഷ എഴുതുന്നവര്‍ പേപ്പര്‍ ഒന്നും രണ്ടും പരീക്ഷകളാണ് എഴുതേണ്ടത്. പരീക്ഷ തുടങ്ങുന്നതിന് അരമണിക്കൂര്‍ മുമ്പായി പരീക്ഷ ഹാളിലെത്തേണ്ടതാണ്.
പരീക്ഷാര്‍ഥികള്‍ ശ്രദ്ധിക്കാന്‍... പരീക്ഷ കേന്ദ്രത്തില്‍ അഡ്മിറ്റ് കാര്‍ഡിനു പുറമെ, ഫോട്ടോ പതിച്ച സാധുവായ തിരിച്ചറിയല്‍ രേഖയും കൊണ്ടുവരണം. സ്‌കൂള്‍ ഐ.ഡി കാര്‍ഡ്/ 12ാം ക്ലാസ് പരീക്ഷയുടെ ഫോട്ടോയുള്ള അഡ്മിറ്റ് കാര്‍ഡ്/ ആധാര്‍ കാര്‍ഡ്/ ഫോട്ടോ സഹിതമുള്ള ഇ-ആധാര്‍/വോട്ടര്‍ ഐ.ഡി കാര്‍ഡ്/ ഫോട്ടോ പതിച്ച ബാങ്ക് പാസ്ബുക്ക്/ പാന്‍ കാര്‍ഡ്/ ഡ്രൈവിങ് ലൈസന്‍സ്/പാസ്‌പോര്‍ട്ട്/ ഗസറ്റഡ് ഓഫിസര്‍ അല്ലെങ്കില്‍ 12ാം തരം പഠിച്ച സ്‌കൂള്‍ മേധാവി സാക്ഷ്യപ്പെടുത്തിയ ഫോട്ടോയുള്ള തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ തിരിച്ചറിയല്‍ രേഖയായി പരിഗണിക്കും.
പരീക്ഷ ആരംഭിക്കുന്നതിന് 30 മിനിറ്റ് മുമ്പ് പരീക്ഷ ഹാളിലെത്തണം. പരീക്ഷ തുടങ്ങി അര മണിക്കൂര്‍ കഴിഞ്ഞുവരുന്നവരെ പരീക്ഷ ഹാളില്‍ പ്രവേശിപ്പിക്കില്ല. പരീക്ഷ പൂര്‍ത്തിയാകാതെ ഹാളില്‍ നിന്ന് പുറത്തുപോകാനും അനുവദിക്കില്ല. വിദ്യാര്‍ഥി നീല അല്ലെങ്കില്‍ കറുപ്പ് മഷിയുള്ള ബാള്‍ പോയന്റ് പേന കൊണ്ടുവരണം.
പ്ലെയിന്‍ കാര്‍ഡ് ബോര്‍ഡ്/ ക്ലിപ് ബോര്‍ഡ് എന്നിവ പരീക്ഷ ഹാളില്‍ അനുവദിക്കും. കാല്‍ക്കുലേറ്റര്‍, ലോഗ് ടേബിള്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, പെന്‍സില്‍, ഇറേസര്‍ തുടങ്ങിയ അനുവദിക്കില്ല. പരീക്ഷാര്‍ഥി പൂര്‍ണമായും അച്ചടക്കം പാലിക്കണം. അച്ചടക്ക ലംഘനം നടത്തിയാല്‍ അയോഗ്യതയുള്‍പ്പെടെയുള്ള നടപടികള്‍ക്ക് വിധേയനാകും. അഡ്മിറ്റ് കാര്‍ഡിലും പരീക്ഷാഹാളില്‍ ലഭിക്കുന്ന ചോദ്യബുക്ക് ലെറ്റിലും രേഖപ്പെടുത്തിയ വേര്‍ഷന്‍ കോഡ് ഒന്ന് തന്നെയെന്ന് ഉറപ്പാക്കണം.
ഒ.എം.ആര്‍ ഷീറ്റില്‍ നിര്‍ദേശിച്ച സ്ഥലത്ത് പരീക്ഷാര്‍ഥി വേര്‍ഷന്‍ കോഡ് എഴുതുകയും ബബിള്‍ കറുപ്പിക്കുകയും ചെയ്യണം. ഒ.എം.ആര്‍ ഷീറ്റില്‍ വേര്‍ഷന്‍ കോഡ്, റോള്‍ നമ്പള്‍, ക്വസ്റ്റ്യന്‍ ബുക്ക്‌ലെറ്റ് സീരിയല്‍ നമ്പര്‍, പരീക്ഷാര്‍ഥിയുടെ പേര്, വിഷയം എന്നിവ നിര്‍ദേശിച്ച സ്ഥലത്ത് പൂരിപ്പിക്കുകയും ഒപ്പിടുകയും ചെയ്യണം. പരീക്ഷ പൂര്‍ത്തിയാകുമ്പോള്‍ പരീക്ഷാര്‍ഥി ഒ.എം.ആര്‍ ഷീറ്റ് ഇന്‍വിജിലേറ്റര്‍ക്ക് കൈമാറണം. ഇന്‍വിജിലേറ്റര്‍ ഷീറ്റിലെ കാന്‍ഡിഡേറ്റ് ഭാഗവും ഉത്തരം രേഖപ്പെടുത്തിയ ഭാഗവും പരീക്ഷാര്‍ഥിയുടെ സാന്നിധ്യത്തില്‍ വേര്‍പ്പെടുത്തണം.
പരീക്ഷ കേന്ദ്രത്തിന്റെ പരിസരത്ത് മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഇലക്‌ട്രോണിക് വിനിമയ ഉപകരണങ്ങളുടെ ഉപയോഗം വിലക്കിയിട്ടുമുണ്ട്.
"
https://www.facebook.com/Malayalivartha