തൃശൂര്‍ കേരള കലാമണ്ഡലത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സാംസ്‌കാരിക സര്‍വകലാശാലയാക്കി മാറ്റാന്‍ ആലോചന...
തൃശൂര്‍ കേരള കലാമണ്ഡലത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സാംസ്‌കാരിക സര്‍വകലാശാലയാക്കി മാറ്റാന്‍ ആലോചന. നിലവില്‍ കല്‍പിത സര്‍വകലാശാലാ പദവിയുള്ള കലാമണ്ഡലത്തിന്റെ ചാന്‍സലര്‍ മല്ലിക സാരാഭായ് ആണ്. പൂര്‍ണ സര്‍വകലാശാലയാകുമ്പോഴും അവര്‍ തുടരാനാണു സാധ്യതയേറെ. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു തന്നെ പുറത്താക്കുന്ന ബില്ലിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ല.
പുതിയ സര്‍വകലാശാലയുടെ തലപ്പത്തു സര്‍ക്കാര്‍ നിയമിക്കുന്ന ചാന്‍സലര്‍ വരുന്നത് ഗവര്‍ണറുടെ നിലപാട് ദുര്‍ബലമാക്കും. പുതിയ സര്‍വകലാശാല രൂപീകരിച്ചു നിയമസഭ പാസാക്കുന്ന ബില്ലിനു ഗവര്‍ണറുടെ അംഗീകാരം വേണം. ചാന്‍സലര്‍ പദവിയില്‍നിന്നു തന്നെ പുറത്താക്കുന്നതിന്റെ ഉദ്ദേശ്യം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് മുന്‍പ് പാസാക്കിയ ബില്‍ അദ്ദേഹം തടഞ്ഞുവച്ചിട്ടുള്ളത്.
എന്നാല്‍, സാംസ്‌കാരിക സര്‍വകലാശാലയു ടെ ചാന്‍സലറായി തന്നെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പുതിയ ബില്‍ തടഞ്ഞുവയ്ക്കാന്‍ ഗവര്‍ണര്‍ക്കു കഴിയില്ല. പുതിയ സര്‍വകലാശാലയ്ക്കു കേരളം മുഴുവന്‍ അധികാരപരിധിയുണ്ടാകും. കേരള സാംസ്‌കാരിക സര്‍വകലാശാല എന്ന പേരാണ് ആദ്യം. എന്നാല്‍ കലാമണ്ഡലത്തിന്റെ പേരു നിലനിര്‍ത്തിക്കൊണ്ട് കലാമണ്ഡലം സാംസ്‌കാരിക സര്‍വകലാശാല എന്ന പേരാകും നല്‍കുകയെന്നറിയുന്നു. കരടുബില്‍ തയ്യാറാക്കി വരികയാണ്. അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും. പൂര്‍ണ സര്‍വകലാശാലയാകുന്നതോടെ യുജിസി ധനസഹായം വര്‍ധിക്കും.
സംഗീത കോളജുകള്‍, ഫൈന്‍ ആര്‍ട്‌സ് കോളജുകള്‍, സ്‌കൂള്‍ ഓഫ് ഡ്രാമ തുടങ്ങിയവ പുതിയ സര്‍വകലാശാലയ്ക്കു കീഴില്‍ വരുമോ എന്നു വ്യക്തമല്ല. ഇവ ഇപ്പോള്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സര്‍വകലാശാലകളിലാണ്.
https://www.facebook.com/Malayalivartha