ഈ വര്‍ഷത്തെ സിവില്‍ സര്‍വീസസ് പരീക്ഷയുടെ ആദ്യ ഘട്ടമായ പ്രിലിമിനറി പരീക്ഷയ്ക്ക് അപേക്ഷിക്കാം
ഈ വര്‍ഷത്തെ സിവില്‍ സര്‍വീസസ് പരീക്ഷയുടെ ആദ്യ ഘട്ടമായ പ്രിലിമിനറി പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ്, ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ്, ഇന്ത്യന്‍ പൊലീസ് സര്‍വീസ്, രാജ്യത്തെ വിവിധ ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി സര്‍വീസുകള്‍ എന്നിവയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അനുയോജ്യരായവരെ തെരഞ്ഞെടുക്കാനാണ് സിവില്‍ സര്‍വീസസ് പരീക്ഷ നടത്തുന്നത്.
സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ സിവില്‍ സര്‍വീസസ് (മെയിന്‍) പരീക്ഷ, ഇന്റര്‍വ്യൂ/ പഴ്‌സണാലിറ്റി ടെസ്റ്റ് എന്നിവ അഭിമുഖീകരിക്കണം. ഇത്തവണ 23 സര്‍വീസുകളിലായി 979 ഒഴിവുകളാണ് ഉള്ളത്. മെയ് 25നാണ് പ്രിലിമിനറി പരീക്ഷ.
ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പരീക്ഷയ്ക്കും അപേക്ഷിക്കാവുന്നതാണ്. ഇതിന്റെയും പ്രാഥമികപരീക്ഷയാണ് സിവില്‍ സര്‍വീസസ് പ്രിലിമിനറി. upsconline.gov.in വഴി ഫെബ്രുവരി 11-ന് വൈകീട്ട് ആറുവരെ ഓണ്‍ലൈനായി നല്‍കാവുന്നതാണ്. സിവില്‍ സര്‍വീസസ് പരീക്ഷയ്ക്കും ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പരീക്ഷയ്ക്കും അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പൊതുവായ അപേക്ഷ നല്‍കിയാല്‍ മതി. രണ്ടിലേക്കുമുള്ള താല്‍പര്യം അപേക്ഷയില്‍ രേഖപ്പെടുത്തണം.
പ്രായം: 1.8.2025ന് 21 വയസ്സ് ആയിരിക്കണം. പക്ഷേ, 32 വയസ്സ് ആയിരിക്കരുത്. 1993 ഓഗസ്റ്റ് രണ്ടിനുമുന്‍പോ 2004 ഓഗസ്റ്റ് ഒന്നിനുശേഷമോ ജനിച്ചതായിരിക്കരുത്. പട്ടികവിഭാഗക്കാര്‍ക്ക് അഞ്ചും ഒബിസി വിഭാഗക്കാര്‍ക്ക് മൂന്നും പിഡബ്ല്യുബിഡി വിഭാഗക്കാര്‍ക്ക് 10-ഉം വര്‍ഷത്തെ ഇളവ് ഉയര്‍ന്ന പ്രായപരിധിയില്‍ ലഭിക്കും.
മറ്റുചില വിഭാഗക്കാര്‍ക്കും ഇളവുണ്ട്. വിശദാംശങ്ങള്‍ upsc.gov.in -ലെ വിജ്ഞാപനത്തിലുണ്ട്. ഏതെങ്കിലും വിഷയത്തില്‍ ഗ്രാജ്വേറ്റ് ബിരുദമുള്ളവര്‍ക്ക് സിവില്‍ സര്‍വീസസ് പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ് എന്നാല്‍ ഫോറസ്റ്റ് സര്‍വീസ് പരീക്ഷ എഴുതുന്നവര്‍ക്ക് ആനിമല്‍ ഹസ്ബന്‍ഡറി ആന്‍ഡ് വെറ്ററിനറി സയന്‍സ്, ബോട്ടണി, കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, സുവോളജി എന്നിവയിലൊരു വിഷയമെങ്കിലും പഠിച്ചുള്ള ബാച്ച്ലര്‍ ബിരുദമോ അഗ്രിക്കള്‍ച്ചര്‍, ഫോറസ്ട്രി, എന്‍ജിനിയറിങ് ബാച്ച്ലര്‍ ബിരുദമോ ഉണ്ടായിരിക്കണം.
സിവില്‍ സര്‍വീസസ് പരീക്ഷ ആറുതവണ മാത്രമേ ഒരാള്‍ക്ക് അഭിമുഖീകരിക്കാനായി കഴിയൂകയുള്ളൂ. ഒബിസി വിഭാഗക്കാര്‍ക്കും ഭിന്നശേഷിവിഭാഗങ്ങള്‍ക്കും ഒന്‍പത് ചാന്‍സുകള്‍ ലഭ്‌യമാകും. പട്ടികവിഭാഗക്കാര്‍ക്ക് എത്രതവണ വേണമെങ്കിലും അഭിമുഖീകരിക്കാവുന്നതാണ്.
" f
https://www.facebook.com/Malayalivartha