പ്ലസ‌് വണ്‍ ഏകജാലക പ്രവേശനത്തിന‌് ആദ്യ മൂന്നുദിനങ്ങളില്‍ ലഭിച്ചത‌് 3,40,000 അപേക്ഷകള്‍
പ്ലസ‌് വണ്‍ ഏകജാലക പ്രവേശനത്തിന‌് ആദ്യ മൂന്നുദിനങ്ങളില്‍ ലഭിച്ചത‌് 3,40,000 അപേക്ഷകള്‍. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ വെള്ളിയാഴ്ച വൈകിട്ടുവരെ നാലായിരത്തില്‍പ്പരം ഓണ്‍ലൈന്‍ അപേക്ഷകള്‍ ലഭിച്ചു.
പ്ലസ‌് വണ്‍ ഏകജാലക പ്രവേശനത്തിന‌് ഒൻപതിനാണ് അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങിയത‌്. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന www.hscap.kerala.gov.in വെബ‌്സൈറ്റില്‍ ആദ്യദിനം ലഭിച്ചത‌് ഒന്നര ലക്ഷം അപേക്ഷകളാണ‌്. ജൂണ്‍ 13ന‌് ആരംഭിക്കുന്ന പ്ലസ‌്‌വണ്‍ കോഴ‌്സുകള്‍ക്ക‌് സംസ്ഥാനത്ത‌് 1,69,140 സര്‍ക്കാര്‍, 1,98,120 എയ‌്ഡഡ‌്, 55,593 അണ്‍ എയ‌്ഡഡ‌്/സ‌്പെഷല്‍/റസിഡന്‍ഷ്യല്‍/ടെക്നിക്കല്‍ വിഭാഗങ്ങളിലായി 4,22,853 സീറ്റാണുള്ളത‌്. ഏറ്റവും താല്‍പ്പര്യമുള്ള വിഷയവും സ്കൂളുമാണ‌് ആദ്യ ഓപ‌്ഷനായി വയ‌്ക്കേണ്ടത‌്.
ആവശ്യമായ വിവരങ്ങള്‍ പൂരിപ്പിച്ചശേഷം വിവരങ്ങള്‍ പുനഃപരിശോധിക്കുകയും ആവശ്യമായ തിരുത്തലുകള്‍ക്കുശേഷം സമര്‍പ്പിക്കുകയും ചെയ്യണം. അപേക്ഷ സമര്‍പ്പിച്ചശേഷം വെബ‌്സൈറ്റിലോ 25ന‌് നടക്കുന്ന ട്രയല്‍ അലോട്ട‌്മെന്റ‌് സമയത്തോ സമര്‍പ്പിച്ച വിവരങ്ങളില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തണം.
വിഎച്ച‌്‌എസ‌്‌ഇ പ്രവേശനത്തിന‌് ഓണ്‍ലൈന്‍ അപേക്ഷകള്‍ വ്യാഴാഴ്ച വൈകിട്ടുമുതല്‍ സ്വീകരിച്ചു തുടങ്ങി. www.vhscap.kerala.gov.in വെബ‌്സൈറ്റില്‍ 'അപ്ലൈ ഓണ്‍ലൈന്‍' ലിങ്കില്‍ അപേക്ഷിക്കുകയോ ഡൗണ്‍ലോഡ‌് ചെയ്ത അപേക്ഷ പൂരിപ്പിച്ച‌് അടുത്തുള്ള വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നേരിട്ടെത്തിക്കുകയോ ചെയ്യണം.
ഒറ്റ അപേക്ഷയില്‍ ഒരു ജില്ലയിലേക്കുള്ള സ്കൂളുകളിലേക്ക‌് മുന്‍ഗണനാ ക്രമത്തില്‍ അപേക്ഷിക്കണം. ഇത്തവണ നിലവിലുള്ള കോഴ‌്സുകള്‍ക്കു പുറമേ 66 സര്‍ക്കാര്‍ സ്കൂളുകളില്‍ 147 ബാച്ചിലായി നാഷണല്‍ സ്കില്‍ ക്വാളിറ്റി ഫ്രെയിംവര്‍ക്ക‌് പാഠ്യപദ്ധതിയും നടപ്പാക്കുന്നു. നിലവിലുള്ള കോഴ‌്സുകളുടെ വിവരങ്ങള്‍ വെബ‌്സൈറ്റില്‍ പ്രോസ‌്പെക്ടസ‌് ഒന്നിലും എന്‍എസ‌്ക്യുഎഫ‌് കോഴ‌്സുകളുടേത‌് പ്രോസ‌്പെക്ടസ‌് രണ്ടിലും ലഭ്യമാണ‌്. വൊക്കേഷണല്‍, പ്ലസ‌് വണ്‍ കോഴ‌്സുകള്‍ക്ക‌് 18വരെ അപേക്ഷിക്കാം. എല്ലാ സ്കൂളുകളിലും ഹെല്‍പ‌് ഡെസ്കുകളും പ്രവര്‍ത്തിക്കുന്നു.
https://www.facebook.com/Malayalivartha