പ്ലസ് ടു കഴിഞ്ഞാൽ ......
ഒന്നാം ക്ലാസ്സില്‍ ചേരുന്നത് മുതല്‍ പ്ലസ് ടു ആകുന്നതു വരെ ഒന്നും ചിന്തിക്കേണ്ട. നന്നായി പഠിച്ചാല്‍ ജയിച്ചങ്ങനെ പോകാം. എന്നാല്‍ പ്ലസ് ടു കഴിഞ്ഞാല്‍ ഇനിയെന്ത് എന്ന ചോദ്യമാകും പലരുടെയും മുന്നില്‍. പ്ലസ് ടു കഴിഞ്ഞാല്‍ മെഡിസിന്‍ അല്ലെങ്കില്‍ എഞ്ചിനീയറിംഗ് - ഇതായിരുന്നു പണ്ടത്തെ കീഴ്വഴക്കം.
എന്നാലിന്ന് അങ്ങനെയല്ല. ജോലി സാധ്യത ഉള്ള നിരവധി കോഴ്‌സുകളാണ് മുന്നിലുള്ളത്. എത്ര തന്നെ ജോലി സാധ്യതകള്‍ ഉള്ളവയാണെങ്കിലും പ്രഥമപരിഗണന പഠിക്കുന്ന ആളിന്റെ അഭിരുചിക്കാണ്. പ്ലസ് ടു കഴിഞ്ഞാല്‍ ചേരാവുന്ന തൊഴില്‍ സാധ്യതയുള്ള ചില കോഴ്‌സുകള്‍ പരിചയപ്പെടാം.
നിയമ പഠനം
പ്ലസ് ടു 40% മാര്‍ക്കോടെ പാസായവര്‍ക്ക് അഞ്ചു വര്‍ഷത്തെ എല്‍.എല്‍.ബി കോഴ്‌സിന് അപേക്ഷിക്കാം. പ്രവേശന പരീക്ഷയിലൂടെ ആണ് തെരെഞ്ഞെടുപ്പ്. ഒബ്ജക്റ്റീവ് മാതൃകയിലുള്ള പരീക്ഷയില്‍ ഇംഗ്ലീഷ്, പൊതു വിജ്ഞാനം, നിയമാഭിരുചി എന്നിവയാണ് ഉണ്ടാവുക.
തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെ സര്‍ക്കാര്‍ കോളേജുകളിലും സ്വകാര്യ കോളേജുകളിലും ചേര്‍ന്ന് പഠിക്കാം. എം.ജി സര്‍വകലാശാലയുടെ സ്കൂള്‍ ഓഫ് ലീഗല്‍ തോട്ട്, കണ്ണൂര്‍ സര്‍വ്വകലാശാലയുടെ സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് എറണാകുളത്തെ നുവാല്‍സ് എന്നിവയിലും കോഴ്സ് നടത്തുന്നുണ്ട്.
വക്കീല്‍,ന്യായാധിപന്‍ എന്നിവയ്ക്ക് പുറമെ വിവിധ സ്ഥാപനങ്ങളിലെ ലോ ഓഫീസര്‍, ലീഗല്‍ അഡ്‌വൈസര്‍, കോടതി ക്ലാര്‍ക്ക് എന്നീ ജോലികള്‍ക്ക് നിയമ ബിരുദം സഹായിക്കും.
സാഹസികര്‍ക്ക് മര്‍ച്ചന്റ് നേവി
യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്ന സാഹസിക മനസ്ഥിതിയുള്ളവര്‍ക്ക് ചേരാന്‍ പറ്റിയ കോഴ്സാണ് മര്‍ച്ചന്റ് നേവി. വാണിജ്യ ഷിപ്പുകളിലെ ജോലിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് സ്ട്രീമില്‍ പ്ലസ് ടു പാസായവര്‍ക്ക് പ്രവേശന പരീക്ഷയിലൂടെയാണ് തെരെഞ്ഞെടുപ്പ്.
ആറു മാസം കടലിലും ആറു മാസം കരയിലും എന്നതാണ് ജോലിയുടെ സ്വഭാവം. ധാരാളം യാത്ര ചെയ്യാം, നിരവധി രാജ്യങ്ങള്‍ കാണാം,കൂടുതല്‍ ഒഴിവുസമയം എന്നിവയൊക്കെയാണ് ഇതിന്റെ പ്രത്യേകതകള്‍.
കായിക വിദ്യാഭാസം
കായിക രംഗത്തു താല്പര്യമുള്ളവര്‍ക്ക് ഏറെ സാധ്യതയുള്ള ഒന്നാണ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോഴ്‌സുകള്‍. മികച്ച കായിക പരിശീലകരെ സൃഷ്ടിക്കുക എന്നതാണ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോഴ്‌സിന്റെ ലക്ഷ്യം. വിദ്യാഭാസ സ്ഥാപനങ്ങളില്‍ കായികാദ്ധ്യാപകരാകാനും ഈ കോഴ്സ് സഹായിക്കും.
വിനോദസഞ്ചാര മേഖലയില്‍ ദിനംപ്രതി തൊഴിലവസരങ്ങള്‍ കൂടി വരികയാണ്. കേരളം ടൂറിസം വകുപ്പിന് കീഴിലുള്ള കേരളം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസില്‍ പ്ലസ് ടുക്കാര്‍ക്ക് ചേരാവുന്ന നിരവധി കോഴ്‌സുകളുണ്ട്.
വിവിധ കോളേജുകളില്‍ ടൂറിസത്തില്‍ ബിരുദ ബിരുദാനന്തര കോഴ്‌സുകളും നടത്തി വരുന്നു.
ഫാഷന്‍ ഡിസൈനിങ്
ഒരിക്കലും പ്രിയം നഷ്ടപ്പെടാത്ത മേഖലയാണ് ഫാഷന്‍. മനുഷ്യകുലം ഉള്ളടത്തോളം കാലം ഫാഷന്‍. ഉണ്ടാകും. അതോടൊപ്പം ദിനംപ്രതി ഫാഷന്‍ മാറി മാറി വരികയാണ്. അല്‍പ്പം കാലാഭിരുചിയും ഭാവനയുമുള്ളവര്‍ക്ക് ഈ രംഗത്തു തിളങ്ങാം.
വസ്ത്ര വ്യവസായം, സിനിമാരംഗം തുടങ്ങി ഫാഷന്‍ ഡിസൈനര്‍മാര്‍ക്ക് അവസരങ്ങള്‍ക്ക് പഞ്ഞമില്ല. കേന്ദ്ര സര്‍ക്കാരിന്റെ ടെക്സ്റ്റൈല്‍ മന്ത്രലയത്തിനു കീഴിലുള്ള അപ്പാരല്‍ എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സിലിന് കീഴിലുള്ള ദി അപ്പാരല്‍ ട്രെയിനിങ് ആന്‍ഡ് ഡിസൈനിങ് സെന്റര്‍ ഈ മേഖലയില്‍ നിരവധി കോഴ്‌സുകള്‍ നടത്തുന്നു.
കണക്കിലെ മിടുക്കര്‍ക്ക്
കൊല്‍ക്കത്തയിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിട്യൂട്ടിന്റെ രണ്ട് പ്രധാന കോഴ്‌സുകളാണ് ബി സ്റ്റാറ്റും ബി മാത്‍സും. പ്ലസ് ടുവിനു മാത്തമാറ്റിക്സ് പഠിച്ചവര്‍ക്ക് ഇതിനു ചേരാം. ഇവിടെ തന്നെ പി.ജി പഠനത്തിനും സൗകര്യമുണ്ട്. പഠിതാക്കള്‍ക്ക് സ്റ്റൈപെന്‍ഡും ലഭിക്കും.
പത്രപ്രവര്‍ത്തനം
പത്രപ്രവര്‍ത്തനത്തില്‍ അഭിരുചിയുള്ളവര്‍ക്ക് ഡിഗ്രി കഴിഞ്ഞാണ് ഇത്തരം കോഴ്‌സുകളില്‍ ചേരാന്‍ കഴിയുക.ഇതുകൂടാതെ പത്രപ്രവര്‍ത്തനത്തില്‍ ബിരുദ പഠനം നടത്താവുന്ന കോഴ്‌സുകളും ഇന്ന് ചില കോളേജുകളില്‍ നടത്തി വരുന്നുണ്ട്.
https://www.facebook.com/Malayalivartha