സംസ്‌കൃതിയുടെയും കലയുടെയും സ്ഥാന്‍
ഭാരതത്തിന്റെ ചരിത്രവുമായി ഗാഢബന്ധമുള്ള നാടാണ് അഫ്‌ഗാനിസ്ഥാന്‍. മഹാഭാരതത്തിലെ ഗാന്ധാരിയുടെ ജന്മദേശമായ ഗാന്ധാരമാണിതെന്നും വിശ്വാസമുണ്ട്. സുദീര്‍ഘമായ ചരിത്രമുള്ള അഫ്‌ഗാന്‍മണ്ണിലൂടെ ഓരോ കാലഘട്ടത്തിലും ഭിന്ന ജനഗോത്രങ്ങള്‍ കടന്നുപോയി. വന്‍ പടകളും കുടിയേറ്റക്കാരുമെല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു. വംശീയവും സാംസ്‌കാരികവും ഭാഷാപരവുമായ വ്യത്യസ്‌ത മുദ്രകള്‍ അവശേഷിപ്പിച്ചാണ് അവര്‍ പോയി മറഞ്ഞത്. ആധുനിക കാലത്തും എത്രയോ പടയോട്ടങ്ങളും സര്‍വനാശകമായ ഏറ്റുമുട്ടലുകളും അവിടെ നടന്നു. സര്‍വാധിപത്യങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും അവിടം വേദിയായി. ആഭ്യന്തരയുദ്ധങ്ങളുടെയും അധിനിവേശത്തിന്റെയും തീവ്രവാദത്തിന്റെയും വേദനാജനകമായ ചരിത്രമാണു സമകാലിക അഫ്‌ഗാനിസ്ഥാനു പറയാനുള്ളത്.
നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് അഫ്‌ഗാന്‍ സംസ്‌കാരത്തിന്. ഇസ്ലാം, ഹിന്ദു, ബുദ്ധമതങ്ങള്‍ അതില്‍ സ്വാധീനം ചെലുത്തി. ഇന്ത്യ, ഇറാന്‍, മധ്യേഷ്യ എന്നിവിടങ്ങളിലെ സംസ്‌കാരത്തിന്റെ അംശങ്ങള്‍ അഫ്‌ഗാന്‍ ജീവിതത്തില്‍ കലര്‍ന്നിട്ടുണ്ട്. പ്രാചീനകാലത്ത് ആര്യന്മാരുടെ നാട് എന്ന അര്‍ത്ഥത്തില്‍ `ആര്യാന' യെന്നാണ് അഫ്‌ഗാനിസ്ഥാന്‍ അറിയപ്പെട്ടിരുന്നത്. ആര്യന്‍, ആര്യാന എന്നിവ ഇപ്പോഴും രാജ്യത്തെ പ്രചാരമുള്ള വ്യക്തിനാമങ്ങളാണ്. അഫ്‌ഗാനിസ്ഥാന്റെ ദേശീയ വിമാനക്കമ്പനിയുടെ പേരുതന്നെ ആര്യാന എയര്‍ലൈന്‍സ് എന്നാണ്. ആധുനിക അഫ്‌ഗാനിസ്ഥാന്റെ രൂപപ്പെടലില്‍ മുഖ്യപങ്കുവഹിച്ച പഷ്‌തൂണ്‍ അഥവാ അഫ്‌ഗാന്‍ ഗോത്രത്തിന്റെ പേരു പിന്നീടു രാജ്യത്തിനും കിട്ടി. ബ്രിട്ടനും പഷ്‌തൂണുകളും തമ്മിലുള്ള വിവിധ കരാറുകളില്‍ അഫ്‌ഗാന്‍ ലാന്‍ഡ് എന്നാണ് ഉപയോഗിച്ചിരുന്നത്. ഇതു പിന്നീട് അഫ്‌ഗാനികള്‍ സ്വീകരിക്കുകയും അഫ്‌ഗാനും ``ലാന്‍ഡ്'' എന്നതിന്റെ തത്സമമായ സ്ഥാനും കൂട്ടിച്ചേര്‍ത്ത് അഫ്‌ഗാനിസ്ഥാന്‍ എന്നു മാറ്റുകയും ചെയ്‌തു.
പ്രമുഖമായ അഫ്‌ഗാന്‍ കലാശൈലിയാണു ഗാന്ധാരകല. എ.ഡി 1-7 നൂറ്റാണ്ടുകളില്‍ ബുദ്ധമതസ്വാധീനത്താല്‍ പടര്‍ന്നു പന്തലിച്ചതാണു ഗാന്ധാരകല. മഥുര ശൈലിയുമായി അതിനു സമാനതകള്‍ ഏറെയുണ്ട്. റോമുമായി കുശാന രാജവംശത്തിനുണ്ടായിരുന്ന വ്യാപാരബന്ധം ക്ലാസിക്കല്‍ റോമന്‍ കലയിലെ ബിംബങ്ങള്‍ (മുന്തിരിവള്ളികള്‍, സ്വര്‍ഗദൂതര്‍, പുഷ്‌പമാല്യങ്ങള്‍, കുതിരമനുഷ്യര്‍) ഗാന്ധാരകലയില്‍ കലരാന്‍ ഇടയാക്കി. ബുദ്ധമത കഥകളാണു ഗാന്ധാരശില്‌പങ്ങളില്‍ ആവിഷ്‌കരിക്കപ്പെട്ടത്.
ബാമിയന്‍ പ്രവിശ്യയിലെ വിഖ്യാതമായ പ്രാചീന ബുദ്ധശില്‌പങ്ങള്‍ താലിബാന്‍ നശിപ്പിച്ചതു ലോകവ്യാപക പ്രതിഷേധം സൃഷ്‌ടിച്ചിരുന്നു. ഹരിറുദ് താഴ്‌വരയിലെ ജാം മീനാരത്തെ ലോകപൈതൃക കേന്ദ്രമായി യുനെസ്‌കോ അംഗീകരിച്ചിട്ടുണ്ട്. ബാമിയനും ലോകപൈതൃക കേന്ദ്രമാണ്.
https://www.facebook.com/Malayalivartha