കേരളത്തിൽ നിലനിന്നിരുന്ന ദുരാചാരങ്ങളെയും ജാതി വ്യത്യാസങ്ങളെയും ഇല്ലാതാക്കി ഒരു നവകേരളത്തിന് രൂപം കൊടുക്കാൻ പ്രയത്നിച്ചവരാണ് നമ്മൂടെ നവോത്ഥാന നായകർ...ഇന്ന് നവോത്ഥാന നായകരിൽ പ്രമുഖനായ ചാവറ കുര്യാക്കോസ് ഏലിയാസ് എന്ന ചവറ ഏലിയാസ് അച്ചനെ കുറിച്ച് കൂടുതലറിയാം
കേരളത്തിൽ നിലനിന്നിരുന്ന ദുരാചാരങ്ങളെയും ജാതി വ്യത്യാസങ്ങളെയും ഇല്ലാതാക്കി ഒരു നവകേരളത്തിന് രൂപം കൊടുക്കാൻ പ്രയത്നിച്ചവരാണ് നമ്മൂടെ നവോത്ഥാന നായകർ. സംഘടനകൾ സ്ഥാപിച്ചും പ്രക്ഷോഭങ്ങൾ നടത്തിയും ജനങ്ങളിൽ വിദ്യാഭ്യാസത്തിന്റെ വെളിച്ചമെത്തിച്ചും അവർ കേരളത്തിന് അറിവിന്റെ പുത്തനുണർവ് നൽകാൻ പരിശ്രമിച്ചു. കേരളം ഇന്ന് നമ്മൾ പറയുന്ന 'പ്രബുദ്ധകേരള"മാകുന്നതിന് ഇവർ വഹിച്ച പങ്ക് നിസ്തുലമാണ്. ഇന്ന് നവോത്ഥാന നായകരിൽ പ്രമുഖനായ ചാവറ കുര്യാക്കോസ് ഏലിയാസ് എന്ന ചവറ ഏലിയാസ് അച്ചനെ കുറിച്ച് കൂടുതലറിയാം
- 1805 - 1871)
'സാക്ഷരതയുടെ പിതാവ്" എന്നറിയപ്പെടുന്ന ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ 1805 ഫെബ്രുവരി 10 ആലപ്പുഴ ജില്ലയിലെ കൈനകരിയിൽ ജനിച്ചു .. സന്യാസ ജീവിതത്തിൽ നിന്നുകൊണ്ട് സാമൂഹ്യ പ്രവർത്തനത്തിന്റെയും മതസൗഹാർദ്ദത്തിന്റെയും മാതൃകയായി മാറാൻ ചാവറയച്ചന് കഴിഞ്ഞു .
ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെയും ഏക സഹോദരനെയും നഷ്ടമായ അദ്ദേഹം പാരമ്പര്യ വിദ്യാഭ്യാസത്തിനുശേഷം വൈദികനാവാൻ തീരുമാനിച്ചു. വൈദിക പഠനത്തിൽ നിന്നും പിന്തിരിയാൻ കുടുംബക്കാർ നിർബന്ധിച്ചെങ്കിലും ചാവറയച്ചൻ അതിന് തയ്യാറായില്ല.
1829ൽ സി.എം.ഐ സഭയിൽ പൗരോഹിത്യം സ്വീകരിച്ചു. ക്രിസ്തീയപുരോഹിതൻ എന്ന നിലയിൽ മാത്രമല്ല സാമുദായ പരിഷ്കർത്താവ് ,വിദ്യാഭ്യാസ പ്രവർത്തകൻ, ജീവകാരുണ്യപ്രവർത്തകൻ എന്നീ നിലകളിലും ശ്രദ്ധനേടിയ അദ്ദേഹം 1831 ൽ ഇന്ത്യയിലെ ആദ്യത്തെ ക്രൈസ്തവ സന്യാസി സഭയ്ക്ക് തുടക്കമിട്ടു..
ഇതിന് അദ്ദേഹത്തെ സഹായിച്ചത് പാലയ്ക്കൽ തോമാ മൽപാനും പോരുക്കര തോമാ മൽപാനുമായിരുന്നു. ഈ സഭയാണ് പിന്നീട് സി.എം.ഐ എന്ന സഭയായി മാറിയത്. സീറോ മലബാർ കത്തോലിക്ക സഭയിലെ സി.എം.ഐ (കാർമ്മലൈറ്റ്‌സ് ഓഫ് മേരി ഇമ്മാകുലേറ്റ്) സന്യാസ സഭയുടെ സ്ഥാപകരിൽ ഒരാളും ആദ്യത്തെ സുപ്പീരിയർ ജനറലുമായിരുന്നു ചാവറയച്ചൻ
ഭാരതത്തിലെ ക്രിസ്തീയ സഭകൾ തങ്ങളുടെ തനിമ നിലനിറുത്തണമെന്ന് ആഗ്രഹിച്ച അദ്ദേഹം പലയിടത്തും സെമിനാരികൾ സ്ഥാപിച്ചു. പള്ളിക്കൂട വിദ്യാഭ്യാസ സമ്പ്രദായം കൊണ്ടുവന്നത് ചാവറയച്ചനാണ്. എല്ലാ ഇടവകകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിനും ജാതിമതഭേദമന്യേ എല്ലാവർക്കും വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനും വേണ്ടി അദ്ദേഹം അക്ഷീണം പരിശ്രമിച്ചു. 1864ൽ കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ വികാരി ജനറൽ ആയിരിക്കവേ മാർ കുര്യാക്കോസ് ഏലിയാസ് ചാവറ ഒരു പള്ളിക്ക് ഒരു പള്ളിക്കൂടം എന്ന പേരിൽ എല്ലാ പള്ളികൾക്കൊപ്പവും വിദ്യാലയങ്ങൾ നിർബന്ധമാക്കിക്കൊണ്ടുള്ള കല്പന പുറപ്പെടുവിച്ചു... ഇതാണ് പിന്നീട് പള്ളിക്കൂടം എന്ന വാക്കിന്റെ ഉൽഭവത്തിന് തന്നെ കാരണമായത്
പുരോഹിതവൃത്തിയോടൊപ്പം സാമൂഹിക പ്രവർത്തനങ്ങളും കൈകാര്യം ചെയ്ത അദ്ദേഹം അറിയപ്പെടുന്ന ഒരു വിദ്യാഭ്യാസ പ്രവർത്തകൻ കൂടിയായിരുന്നു.ജാതിമതഭേദ ചിന്തകൾക്കെതിരെ പ്രവർത്തിക്കുകയും പാവപ്പെട്ട ദളിത് വിദ്യാർത്ഥികൾക്കു സൗജന്യ ഭക്ഷണം നൽകുകയും ചെയ്തു. ജാതിയുടെയും മതത്തിന്റെയും പേരിൽ അസമത്വം നിലനിന്നിരുന്ന അക്കാലത്ത് പുരോഹിതന്മാരുടെ ഭാഗത്ത് നിന്ന് ഇത്തരം സേവന പ്രവർത്തനങ്ങൾ അപൂർവ്വമായിരുന്നു.
സാധാരണക്കാർക്ക് വേണ്ടി സ്കൂളുകളിൽ ഉച്ചക്കഞ്ഞി നൽകാൻ അദ്ദേഹം കണ്ടെത്തിയ മാർഗ്ഗമായിരുന്നു പിടിയരി സമ്പ്രദായം. ഓരോ നേരവും ഭക്ഷണത്തിനുള്ള അരി അളന്ന് പാത്രത്തിലിടുമ്പോൾ ഒരു പിടി മറ്റൊരു പാത്രത്തിലിട്ട് സൂക്ഷിച്ചുവയ്ക്കാൻ പ്രേരിപ്പിച്ചു. ആഴ്ചയുടെ അവസാനം ഈ അരി ആശ്രമത്തിൽ എത്തിച്ച് പാവപ്പെട്ട വിദ്യാർഥികൾക്ക് നൽകി. ഇങ്ങനെ നൽകാൻ ജനങ്ങളെ പ്രേരിപ്പിക്കുകയുംചെയ്തു
വിദ്യാഭ്യാസത്തിലൂടെ നവോത്ഥാനത്തിന്റെ പാത തുറന്ന അദ്ദേഹം 1846ൽ മാന്നാനത്ത് ഒരു സംസ്കൃത വിദ്യാലയവും സ്ഥാപിച്ചു. ഈ വിദ്യാലയത്തിൽ പിന്നാക്കക്കാർക്കും ദളിതർക്കും അദ്ദേഹം സ്ഥാനം നൽകി. സർക്കാർ വിദ്യാലയങ്ങളിൽ പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന അധഃകൃതർക്ക് വേണ്ടി മാന്നാനത്തും ആർപ്പൂക്കരയിലും പ്രാഥമിക വിദ്യാഭ്യാസ ശാലകൾ തുടങ്ങി.
മാന്നാനത്തെ അച്ചടിശാല
കേരളത്തിലെ മൂന്നാമത്തെ അച്ചടി ശാലയും ഒരു മലയാളി സ്ഥാപിച്ച ആദ്യത്തെ അച്ചടിശാലയും ചാവറയച്ചൻ 1844ൽ തുടങ്ങിയ മാന്നാനത്തെ അച്ചടിശാലയാണ്. ജ്ഞാനപീയുഷം എന്ന പുസ്തകമാണ് ഇവിടെ നിന്നും ആദ്യമായി അച്ചടിക്കപ്പെട്ടത്. 1887ൽ ദീപിക പത്രം ഇവിടെ നിന്നാണ് ആദ്യമായി പ്രസിദ്ധീകരിച്ചുതുടങ്ങിയത്.ബഹുഭാഷാ പണ്ഡിതനായിരുന്നു ചാവറയച്ചൻ. മലയാളത്തിന് പുറമേ ഇംഗ്ളീഷ്, തമിഴ്, സംസ്കൃതം, സുറിയാനി, ലത്തീൻ, പോർച്ചുഗീസ്, ഇറ്റാലിയൻ ഭാഷകളിലും പ്രാവീണ്യം നേടി.
1871 ന് കൂനമ്മാവിൽ വച്ച് അദ്ദേഹം അന്തരിച്ചു. അദ്ദേഹത്തിന്റെ ഭൗതിക ശരീരം മാന്നാനത്തെ പള്ളിയിലാണ്.
1986ൽ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ട ചാവറയച്ചനെ 2014 നവംബറിൽ കത്തോലിക്കാ സഭ വിശുദ്ധ പദവിയിലേക്കുയർത്തി.
https://www.facebook.com/Malayalivartha