അസമാധാനദൂതന്‍
വാളെടുത്തവന്‍ വാളാല്‍ എന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്നതായിരുന്നു ഒസാമ ബിന്‍ലാദന്റെ അന്ത്യം. മനുഷ്യക്കുരുതി, അത് എന്തു കാരണത്തിന്റെ പേരിലാണെങ്കിലും പൊതുസമൂഹത്തിന് അംഗീകരിച്ചുകൊടുക്കാന്‍ കഴിയില്ല. അല്‍ഖ്വയ്‌ദ എന്ന തീവ്രവാദശൃംഖലയുടെ തലവനായിരുന്ന ഒസാമ ബിന്‍ലാദന്റെ ചെയ്‌തികളെ അതുകൊണ്ടുതന്നെയാണു ലോകരാഷ്‌ട്രങ്ങള്‍ ഒന്നടങ്കം അപലപിച്ചുപോന്നതും. 2011 മെയ് രണ്ടിനു പുലര്‍ച്ചെ പാകിസ്‌താനിലെ അബാട്ടാബാദില്‍, പ്രത്യേക പരിശീലനം ലഭിച്ച, അമേരിക്കന്‍ ആക്രമണസംഘമായ `സീല്‍' ലാദനെ വധിച്ചപ്പോള്‍, ചാവേര്‍ ആക്രമണങ്ങളും ബോംബുസ്‌ഫോടനങ്ങളും ഇല്ലാത്ത സമാധാനപൂര്‍ണമായ ഒരു നല്ല നാളെയിലേക്കുള്ള വലിയ ചുവടുവയ്‌പായി അതിനെ വിശേഷിപ്പിച്ച കോടാനുകോടിപ്പേര്‍ ഉണ്ട്. തീവ്രവാദത്തിന്റെ കെടുതികള്‍ കണ്ടും അനുഭവിച്ചും മനസ്സിലാക്കിയവര്‍. 1998ല്‍ കെനിയയിലെയും ടാന്‍സാനിയയിലെയും അമേരിക്കയുടെ എംബസികളില്‍ അല്‍ഖ്വയ്‌ദ നടത്തിയ ബോംബാക്രമണത്തില്‍ 231 പേര്‍ കൊല്ലപ്പെടുകയും അയ്യായിരത്തിലധികംപേര്‍ക്കു പരിക്കേല്‌ക്കുകയും ചെയ്‌തു. അമേരിക്കയുടെ കപ്പലായ യു.എസ്.എസ്. കോള്‍ യെമനില്‍ വച്ച് ആക്രമിച്ച് 17 നാവികരെ വധിച്ചതും അല്‍ഖ്വയ്‌ദ തന്നെ. 2001 സെപ്‌റ്റംബര്‍ 11നു യാത്രാവിമാനങ്ങള്‍ തട്ടിയെടുത്തു നടത്തിയ ചാവേര്‍ ആക്രമണങ്ങളില്‍ ന്യൂയോര്‍ക്കിലെ ലോകവ്യാപാരകേന്ദ്രസമുച്ചയം കത്തിച്ചാമ്പലായി. മൂവായിരത്തോളംപേര്‍ക്കു ജീവന്‍ നഷ്‌ടമായി. ചരിത്രത്തിലെ തന്നെ ഏറ്റവും നീചവും നിന്ദ്യവുമായ മനുഷ്യക്കുരുതിയാണിതെന്നു പ്രത്യേകം പറയേണ്ടതില്ല. 2002ല്‍ ഇന്തോനേഷ്യയിലെ ബാലിയില്‍ വിനോദസഞ്ചാരകേന്ദ്രത്തില്‍ നടത്തിയ ആക്രമണത്തില്‍ 202 പേര്‍ കൊല്ലപ്പെട്ടു. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ 2003ല്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 34 ജീവനുകളാണു പൊലിഞ്ഞത്. മാഡ്രിഡില്‍ ട്രെയിന്‍ കേന്ദ്രീകരിച്ചു നടത്തിയ ബോംബാക്രമണത്തില്‍ ഇരുന്നൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടു. 2005ല്‍ ലണ്ടനില്‍ നടത്തിയ ആക്രമണത്തില്‍ 52 പേര്‍ക്കാണു ജീവന്‍ നഷ്‌ടമായത്. ഈ ആക്രമണങ്ങളുടെയെല്ലാം ഉത്തരവാദിത്വം അല്‍ഖ്വയ്‌ദ ഏറ്റെടുത്തിട്ടുള്ളതാണ്. മുഖ്യപ്രതി ഒസാമ ബിന്‍ലാദനും.
1957 മാര്‍ച്ച് 10നു സൗദി അറേബ്യയിലെ റിയാദില്‍ അതിസമ്പന്നകുടുംബത്തിലാണു ലാദന്‍ ജനിച്ചത്. മുഴുവന്‍ പേര്‍ ഒസാമ ബിന്‍ മൊഹമ്മദ് ബിന്‍ അവാദ് ബിന്‍ ലാദന്‍. പിതാവു സൗദിയിലെ തന്നെ ഏറ്റവും വലിയ ബില്‍ഡറായിരുന്ന മൊഹമ്മദ് ബിന്‍ അവാദ് ബിന്‍ ലാദന്‍. സൗദി രാജകുടുംബവുമായിപ്പോലും വലിയ അടുപ്പം. ജിദ്ദയിലെ കിംഗ് അബ്‌ദുള്ള യൂണിവേഴ്‌സിറ്റിയില്‍ സിവില്‍ എന്‍ജിനീയറിംഗിനു പഠിക്കുന്ന അവസരത്തിലാണ് ഒസാമയുടെ മനസ്സില്‍ കടുത്ത യാഥാസ്ഥിതിക ചിന്തകള്‍ മുള പൊട്ടിയതും, പിന്നീട് അതു വളര്‍ന്നു തീ്രവവാദത്തിന്റെ ഭീകരരൂപം പൂണ്ടതും. ആറു ഭാര്യമാരിലായി ഒസാമയ്‌ക്കു 20 മുതല്‍ 26 വരെ മക്കള്‍ ഉള്ളതായാണു വിവരം.
ലാദന്റെ വധവുമായി ബന്ധപ്പെട്ട് ഒരു രാജ്യത്തിന്റെ പരമാധികാരത്തെയും നയതന്ത്രമര്യാദകളെയും കുറിച്ചു വാചാലരാകുന്നവര്‍, ന്യൂയോര്‍ക്കിലെ ഗ്രൗണ്ട് സീറോയില്‍ മൂകസാക്ഷികളായി നിന്നു വിങ്ങിപ്പൊട്ടുന്നവരുടെ ഹൃദയങ്ങളില്‍ നിന്നുള്ള തേങ്ങലുകള്‍ക്ക് ഒന്നു കാതോര്‍ക്കുന്നതു നന്നായിരിക്കും.
https://www.facebook.com/Malayalivartha