നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 123 -ാം ജന്മദിനം രാജ്യം ഇന്ന് ആഘോഷിക്കുകയാണ്. അടിമത്ത ഭാരതത്തിന്റെ രക്ഷക്കായി ഇന്ത്യന്‍ നാഷണല്‍ ആര്‍മി എന്ന പേരില്‍ ഭാരതീയമായ സൈനിക വ്യൂഹം ഉണ്ടാക്കിയ സുഭാഷ് ചന്ദ്രബോസ് 1897 ജനുവരി 23നാണ് ജനിച്ചത്
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 123 -ാം ജന്മദിനം രാജ്യം ഇന്ന് ആഘോഷിക്കുകയാണ്. അടിമത്ത ഭാരതത്തിന്റെ രക്ഷക്കായി ഇന്ത്യന്‍ നാഷണല്‍ ആര്‍മി എന്ന പേരില്‍ ഭാരതീയമായ സൈനിക വ്യൂഹം ഉണ്ടാക്കിയ സുഭാഷ് ചന്ദ്രബോസ് 1897 ജനുവരി 23നാണ് ജനിച്ചത്. ഒഡീഷയിലെ കട്ടക്കില്‍ ജാനകി നാഥ് ബോസിന്റേയും പ്രഭാവതീ ദത്ത് ബോസിന്റെയും മകനായിട്ടാണ് ജനനം.14 മക്കളില്‍ 9-ാമനായിരുന്നു സുഭാഷ് ബോസ്
ബ്രിട്ടീഷ് സാമ്രാജ്യത്വത്തോട് കലഹിച്ച് സ്വാതന്ത്ര്യം നേടാൻ ഗാന്ധിയൻ സമരമാർഗ്ഗത്തിന് പരിമിതികളുണ്ടെന്ന് മനസ്സിലാക്കി സായുധ മാർഗ്ഗം തിരഞ്ഞെടുത്ത ഭാരതത്തിന്റെ വീരപുത്രനാണ് ബോസ്.
. 1945 ല്‍ ആ നക്ഷത്രം അസ്തമിച്ചു. സ്വപ്‌നം കണ്ട സ്വാതന്ത്ര്യ പുലരി കാണാന്‍ കാത്തു നിന്നില്ലെങ്കിലും ഇന്ത്യയെ സ്നേഹിക്കുന്ന മനസ്സുകളില്‍ ഊര്‍ജത്തിന്റെ പൊന്‍തിളക്കമായി ബോസ് ഇന്നും നിലനില്‍ക്കുന്നു. ഇന്ത്യയെ അടക്കിഭരിച്ച ബ്രിട്ടീഷുകാര്‍ക്കെതിരെ ഇന്ത്യക്ക് പുറത്തുനിന്ന് ഏങ്ങനെ മറ്റ് രാജ്യങ്ങളെ കൂട്ടുപിടിച്ച് പോരാടാം എന്ന രാജ്യാന്തര യുദ്ധതന്ത്രം ആദ്യമായി പയറ്റി വിജയിച്ചയാളായിരുന്നു സുഭാഷ് ബോസ്.
ആസാദ് ഹിന്ദ് ഫൗജ് എന്ന് ഹിന്ദിയില്‍ പേരിട്ടുവിളിച്ച തദ്ദേശീയ സൈന്യത്തിലേക്ക് സായുധ സ്വാതന്ത്ര്യ സമരത്തില്‍ ഉറച്ചുവിശ്വസിച്ച നിരവധിപേര്‍ ചേര്‍ന്നു. അന്നത്തെ ഇന്ത്യന്‍ യുവത്വം ഏറ്റവും ആരാധിച്ചിരുന്ന സ്വാതന്ത്ര്യ സമരനേതാവും സുഭാഷ് ചന്ദ്രബോസായിരുന്നു. നേതാജി ജയന്തി 'പ്രവാസി സ്വാഭിമാന്‍ ദിവസ്' ആയി പ്രവാസി ക്ഷേമ സമിതി കേരളമാകെ ആചരിക്കുന്നു
ഇംഗ്ലണ്ടില്‍, സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ രണ്ടാം റാങ്കുകാരനായിട്ടും ഔദ്യോഗിക ജീവിതം വിട്ട് മാതൃഭൂമിയുടെ സേവനത്തിനിറങ്ങിയ ഭാരത പുത്രനാണ് ബോസ്. നാടിന്റെ വിമോചന പ്രസ്ഥാനമായിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ മുഴുവന്‍ സമയ പ്രവര്‍ത്തകനായി മാറി. 1923-ൽ അദ്ദേഹം സിവിൽ സർവീസ് ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് തിരിച്ചു പോന്നു. തുടർന്ന് അദ്ദേഹം ചിത്തരഞ്ജൻ ദാസിന്റെ പ്രേരണയാൽ കോൺഗ്രസ് പാർട്ടിയിൽ ചേർന്ന് സ്വാതന്ത്ര്യ സമരത്തിനുവേണ്ടി യത്നിച്ചു. ...
ഹ്രസ്വമായ കാലത്തിനുള്ളില്‍ തന്നെ ഗാന്ധിജിയുടെ പ്രിയങ്കരനായ യുവസുഹൃത്തായി ബോസ് മാറി. ദേശീയ സേവാദള്‍ സ്ഥാപിച്ച് അതിന്റെ ക്യാപ്റ്റനാക്കിയപ്പോള്‍ സുഭാഷിനെ ഗാന്ധിജി വിശേഷിപ്പിച്ചത് 'ദേശാഭിമാനികളിലെ രാജകുമാരന്‍' എന്നാണ്.
അക്കാലത്താണ് അദ്ദേഹം സ്വരാജ് എന്ന പത്രം തുടങ്ങുന്നത്. കൽക്കത്താ മുനിസിപ്പൽ കോർപ്പറേഷന്റെ സിഇഒ ആയും അദ്ദേഹം അക്കാലത്ത് പ്രവർത്തിച്ചിരുന്നു. 1925ൽ ബോസ് അറസ്റ്റിലായി . 1927ൽ ജയിൽ മോചിതനായ ബോസ് കോൺഗ്രസ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി നെഹ്രുവിനോപ്പം സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുന്നുണ്ട്. സായുധ വിപ്ലവ ചിന്തകളുമായി കോൺഗ്രസ്സ് നേതൃത്വം യോജിക്കാതെ വരുമ്പോൾ അദ്ദേഹം അവരുമായി വേർപിരിയുന്നു. തുടർന്ന് അന്താരാഷ്ട്ര തലത്തിൽ സ്വാതന്ത്ര്യസമരത്തിന് പിന്തുണ സംഘടിപ്പിക്കാനായി അദ്ദേഹത്തിന്റെ പരിശ്രമങ്ങൾ. ഇതിന്റെ ഭാഗമായിരുന്നു ജപ്പാനുമായുള്ള അദ്ദേഹത്തിന്റെ ബന്ധവും ഐഎൻഎ രൂപീകരണവും
രണ്ടാം ലോകമഹായുദ്ധത്തോടു കൂടി ബ്രിട്ടനിലുണ്ടായ രാഷ്ട്രീയ അസ്ഥിരത പരമാവധി മുതലെടുത്ത് ഇന്ത്യ സ്വാതന്ത്ര്യം നേടിയെടുക്കണം എന്നായിരുന്നു ബോസിന്റെ അഭിപ്രായം. മറ്റു രാജ്യങ്ങളിൽ നിന്നുള്ള രാഷ്ട്രീയവും, സൈനികവും, നയതന്ത്രപരവുമായുള്ള പിന്തുണ ലഭിച്ചാലേ ഇന്ത്യക്ക് സ്വാതന്ത്ര്യം പൊരുതി നേടാനാകൂ എന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു.
യുദ്ധം തുടങ്ങിയപ്പോൾ കോൺഗ്രസ് നേതൃത്വത്തിനോട് കൂടിയാലോചിക്കാതെ ബ്രിട്ടീഷ് സർക്കാർ ഇന്ത്യയെയും യുദ്ധപങ്കാളിയാക്കി. ഇതിനെതിരെ അദ്ദേഹം പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാൻ ശ്രമിച്ചു. അപ്പോൾ അധികൃതർ അദ്ദേഹത്തെ ജയിലിലടച്ചു. പക്ഷേ ജയിലിൽ തുടങ്ങിയ നിരാഹാരസമരം 7 ദിവസമായപ്പോഴേക്കും അദ്ദേഹത്തെ മോചിപ്പിച്ചു, പക്ഷേ കൽക്കട്ടയിലെ ബോസിന്റെ വസതി പോലീസ് നിരീക്ഷണത്തിലായിരുന്നു.
1941 ജനുവരി 19 ന് തന്റെ അനന്തരവനായ ശിശിർ .കെ ബോസിനോടൊപ്പം നിരീക്ഷകരുടെ കണ്ണു വെട്ടിച്ച് ബോസ് രക്ഷപ്പെട്ടു. പേഷാവറിലേക്കാണ് അദ്ദേഹം പോയത്. അവിടെ നിന്ന് അഫ്‌ഗാനിസ്ഥാനും, സോവിയറ്റ് യൂണിയനും കടന്ന് ജർമ്മനിയിലെത്തി. വേഷം മാറിയാണ് ബോസ് സഞ്ചരിച്ചത്. ആദ്യം സിയാവുദ്ദീൻ എന്ന പേരിൽ പത്താൻ വംശജനായ ഇൻഷുറൻസ് ഏജന്റിന്റെ വേഷത്തിൽ അഫ്‌ഗാനിസ്ഥാനിൽ എത്തി. അവിടെ നിന്നും കൌണ്ട് ഒർലാണ്ടോ മസ്സോട്ട എന്ന ഇറ്റലിക്കാരനായി മോസ്കോയിലെത്തി. അവിടെ നിന്നും റോമിലും അവസാനം ജർമ്മനിയിലും എത്തിച്ചേർന്നു.
ജര്‍മനിയില്‍ നിന്നു സാഹസികമായി അന്തര്‍വാഹിനിയില്‍, അദ്ദേഹം ജപ്പാനിലെത്തി. ആത്മവിശ്വാസവും മനശ്ശക്തിയും കൈമുതലായ ബോസ് 40,000 വരുന്ന ആസാദ് ഹിന്ദ് സൈന്യവും 'സ്വാതന്ത്ര്യ ഭാരത സര്‍ക്കാരും' രൂപീകരിച്ച് ജപ്പാന്‍ കേന്ദ്രീകരിച്ച് സൈനിക നീക്കങ്ങള്‍ നടത്തി. ബോസിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ ആര്‍മി കോഹിമ വരെയെത്തി.
മലേഷ്യയിലും ബര്‍മ്മയിലും സഖ്യസേനയുമായി ബോസിന്റെ സൈന്യം ഏറ്റുമുട്ടി. 1945ൽ ജപ്പാൻ രണ്ടാം ലോകമഹായുദ്ധത്തിൽ പരാജയപ്പെടുന്നതോടെയാണ് നേതാജി തായ്‌വാനിൽ നിന്നും രക്ഷപ്പെടാൻ തീരുമാനിക്കുന്നത്.
നെടുകെ പിളർന്ന് അഗ്നിനാളങ്ങൾ വിഴുങ്ങിയ വിമാനത്തിൽ നിന്നും പുറത്തെടുത്ത നേതാജിക്ക് ഗുരുതരമായ പൊള്ളലേറ്റിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ഏതാനും മണിക്കൂറുകൾക്കകം മരിച്ചു എന്നും രണ്ടാം ദിവസം ദഹിപ്പിക്കപ്പെട്ടു എന്നുമാണ് ജപ്പാൻ ഗവണ്മെന്റിന്റെ വാദം.
എന്നാൽ അന്നത്തെ അദ്ദേഹത്തിന്റെ സന്തത സഹചാരികൾ ആരെയും അന്ന് ആ വിമാനത്തിൽ കൂടെപ്പോവാൻ അനുവദിച്ചിരുന്നില്ല. ആരും തന്നെ അപകടശേഷം അദ്ദേഹത്തെ കണ്ടിട്ടില്ല. മരിച്ച ശേഷവും അദ്ദേഹത്തെ കാണാൻ ആർക്കും അവസരം കൊടുത്തില്ല. ഒന്നിന്റെയും ഒരു ഫോട്ടോഗ്രാഫ് പോലും ഇല്ല. മരണസർട്ടിഫിക്കറ്റോ പോസ്റ്റുമോർട്ടം റിപ്പോർട്ടോ ഒന്നുമില്ല. അതുകൊണ്ടു തന്നെ നേതാജിയുടെ ജീവൻ രക്ഷിക്കാനായി ജപ്പാൻ നടത്തിയ ഒരു നാടകമായിരുന്നു ഈ വിമാനാപകടം എന്നുവിശ്വസിക്കുന്നവർ ധാരാളമുണ്ട് ഇതിനോടനുബന്ധിച്ച് പല ഊഹാപോഹ കഥകളും പ്രചരിക്കുന്നുണ്ട് .
എന്നാൽ "ഷാനവാസ് കമ്മിറ്റി, ജസ്റ്റിസ് ജി ഡി ഖോസ്‌ലാ കമ്മീഷൻ, ജസ്റ്റിസ് മുഖർജി കമ്മീഷൻ എന്നിവ നടത്തിയ അന്വേഷണങ്ങളുടെ റിപ്പോർട്ടുകൾ പഠിച്ചതിൽ നിന്നും നേതാജി സുഭാഷ് ചന്ദ്രബോസ് 1945-ൽ തായ്‌വാനിൽ നടന്ന വിമാനാപകടത്തിൽ മരണപ്പെട്ടു എന്നുള്ള നിഗമനത്തിൽ ഗവണ്മെന്റ് എത്തിച്ചേരുന്നു
https://www.facebook.com/Malayalivartha