സണ്‍ യാത് സെന്‍ ചൈനയുടെ പിതാവ്
മഹാനായ വിപ്ലവകാരിയും ദേശീയവാദിയുമായിരുന്നു സണ്‍ യാത് സെന്‍. ജനകീയ ചൈനയുടെ പിതാവ്.
തെക്കന്‍ ചൈനയിലെ ക്വാങ്‌തുങ്ങ് പ്രവിശ്യയില്‍ ഒരു തീരദേശ ഗ്രാമത്തിലെ ദരിദ്രകര്‍ഷക കുടുംബത്തിലാണു സണ്‍ ജനിച്ചത്, 1866 നവംബര്‍ 12ന്. അദ്ദേഹത്തിന്റെ ജ്യേഷ്‌ഠന്‍ അമേരിക്കയിലേക്കു കുടിയേറിയിരുന്നതിനാല്‍ പതിമൂന്നാം വയസ്സില്‍ സെന്നും അങ്ങോട്ടുപോയി. നാലുവര്‍ഷം അവിടെ പഠിച്ചു.
1883ല്‍ സെന്‍ ചൈനയിലേക്കു മടങ്ങി. ഹോങ്കോങ്ങില്‍ വിദ്യാഭ്യാസം തുടര്‍ന്നു. കോളജ് വിദ്യാഭ്യാസത്തിനിടെ അദ്ദേഹം ക്രിസ്‌തുമതത്തില്‍ ചേര്‍ന്നു. ഹോങ്കോങ്ങിലെ മെഡിക്കല്‍ കോളജില്‍ നിന്ന് 1892ല്‍ ബിരുദം നേടി.
രാജഭരണകൂടത്തിലെ ഗവര്‍ണര്‍ ജനറലിന്, രാജ്യത്തിന്റെ സ്ഥിതി മെച്ചപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ ഒരു കത്തയച്ചുകൊണ്ടാണു സെന്‍ രാഷ്‌ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്.
1894-95ല്‍ ചൈനയും ജപ്പാനും തമ്മില്‍ ഒരു ഉഗ്രയുദ്ധമുണ്ടായി. ചൈന തോറ്റു തുന്നം പാടി. ഇതോടെ രാജഭരണത്തോടുള്ള വെറുപ്പു രാജ്യത്തു കലശലായി.
നാട്ടില്‍ തിരിച്ചെത്തിയ സണ്‍ യാത് സെന്‍ സമാനചിന്താഗതിക്കാരായ കുറെ യുവാക്കളെ അണിചേര്‍ത്ത് ഒരു രഹസ്യവിപ്ലവ സംഘടനയുണ്ടാക്കി. കാന്റണിലെ പട്ടാളത്താവളത്തിനു നേരേ ആക്രമണം നടത്തിക്കൊണ്ട് അവര്‍ വിപ്ലവത്തിനു തുടക്കം കുറിച്ചു. പക്ഷേ, വിപ്ലവം പരാജയപ്പെട്ടു. വിപ്ലവകാരികളില്‍ ചിലര്‍ കൊല്ലപ്പെട്ടു. കുറേപ്പേര്‍ തടവുകാരായി. സണ്‍ യാത് സെന്‍ ലണ്ടനിലേക്ക് ഒളിച്ചോടി.
പിന്നീടു പതിനാറു വര്‍ഷം വിവിധ രാജ്യങ്ങളിലിരുന്ന് അദ്ദേഹം ചൈനീസു വിപ്ലവത്തിനു നേതൃത്വം നല്‌കി. സെന്നിന്റെ പിന്തുണയോടെ പത്തോളം വിപ്ലവശ്രമങ്ങള്‍ ഇക്കാലയളവില്‍ ചൈനയില്‍ നടന്നു. 1911 ഒക്‌ടോബറില്‍ നടന്ന വിപ്ലവത്തില്‍ രാജഭരണകൂടം നിഷ്‌കാസിതമായി. സെന്‍ തിരിച്ചെത്തി. ചൈനീസ് റിപ്പബ്ലിക്കു സ്ഥാപിച്ചു. സെന്‍, റിപ്പബ്ലിക്കിന്റെ താത്‌കാലിക പ്രസിഡണ്ടായി.
വിപ്ലവചേരിയില്‍ ഭിന്നിപ്പ് ഒഴിവാക്കാനായി 1912ല്‍ അദ്ദേഹം പ്രസിഡന്റുപദം ഒഴിഞ്ഞുകൊടുത്തു. യുവാന്‍ഷിക്കായി പ്രസിഡന്റായി. സെന്‍ ഒരു ദേശീയവാദ രാഷ്‌ട്രീയകക്ഷിക്കു രൂപംകൊടുത്തതും ഇതേ വര്‍ഷമാണ്-കൂമിന്താങ് പാര്‍ട്ടി.
നാടുവാഴിപ്രഭുക്കളുടെ പരസ്‌പര സംഘട്ടനങ്ങള്‍ മൂലം, ഏകീകൃത ചൈന എന്ന സണ്‍ യാത് സെന്നിന്റെ ആശയം യാഥാര്‍ത്ഥ്യമായില്ല. യുവാന്‍ ഷിക്കാസിയുടെ ഭരണത്തിലുള്ള അതൃപ്‌തി നാട്ടില്‍ വര്‍ധിച്ചുവന്നു. 1921ല്‍ സെന്‍ വീണ്ടും പ്രസിഡണ്ടായി.
1923ല്‍ തന്റെ വിഖ്യാതമായ `മൂന്നു ജനകീയ തത്ത്വങ്ങള്‍' (ഠവൃലല ജൃശിരശുഹല െീള ഠവല ജലീുഹല) സെന്‍ പ്രഖ്യാപിച്ചു. ദേശീയത, ജനാധിപത്യം, സാമൂഹ്യപരിഷ്‌കാരം എന്നിവയായിരുന്നു ഈ തത്ത്വങ്ങള്‍. രാഷ്‌ട്രത്തിന്റെ അടിത്തറ ഈ തത്ത്വങ്ങളായിരിക്കുമെന്നു സെന്‍ വ്യക്തമാക്കി. പക്ഷേ, നിര്‍ഭാഗ്യവശാല്‍, സ്വന്തം സ്വപ്‌നങ്ങള്‍ സാക്ഷാത്‌കരിക്കാന്‍ സണ്‍ യാത് സെന്നിനെ വിധി അനുവദിച്ചില്ല. 1925 മാര്‍ച്ച് 12ന്, അര്‍ബുദരോഗത്തെത്തുടര്‍ന്ന് അദ്ദേഹം അന്തരിച്ചു.
https://www.facebook.com/Malayalivartha