ജനാധിപത്യത്തിന്റെ ദൈവദൂതന്
ഒരു ജീവിതത്തില്‍ ഒട്ടേറെ ജീവിതങ്ങള്‍ ജീവിച്ച ചാരിതാര്‍ത്ഥ്യവുമായി ഇതാ, ഒരു മഹാപുരുഷന്‍ എണ്‍പത് പിന്നിട്ടിരിക്കുന്നു. അതു മറ്റാരുമല്ല, സോവിയറ്റ് യൂണിയന്റെ അവസാനത്തെ രാഷ്‌ട്രപതി മിഖായേല്‍ ഗോര്‍ബച്ചേവാണ്.
ലോകമെമ്പാടുമുള്ള ജനാധിപത്യ പ്രേമികള്‍ക്ക് ആ പേരു മധുരമുള്ളതാണ്. ചില രാജ്യങ്ങളില്‍ ഇന്നും അവശേഷിക്കുന്ന കമ്യൂണിസ്റ്റു സഖാക്കള്‍ക്കാവട്ടെ അതു കേള്‍ക്കുന്നതേ അലര്‍ജിയുമാണ്!
ലോകത്തിന്റെ രാഷ്‌ട്രീയ ചരിത്രത്തില്‍ ഗോര്‍ബച്ചേവിനുള്ള ഇടം ആര്‍ക്കും അതിക്രമിച്ചെടുക്കാവുന്നതല്ല. സൂര്യരശ്‌മികള്‍ക്കു പോലും പ്രവേശനം ഇല്ലാതിരുന്ന ക്രെംലിന്‍ കൊട്ടാരത്തിന്റെ വാതിലുകള്‍ ജനാധിപത്യത്തിന്റെ ഇളം കാറ്റിനു കടന്നെത്താന്‍ പാകത്തില്‍ തുറന്നുകൊടുത്ത മഹാനായ ജനനേതാവു കൂടിയാണദ്ദേഹം.
1985ല്‍ സോവ്യറ്റു കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ ഒന്നാം സെക്രട്ടറിയും രാഷട്രത്തലവനുമായി ചുമതലയേറ്റതിനുശേഷം അദ്ദേഹം പ്രഖ്യാപിച്ച രണ്ടു നയങ്ങള്‍, പെരിസ്‌ട്രോയിക്കയും ഗ്ലാസ്‌നസ്റ്റും, ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ ആകര്‍ഷിച്ച പരിവര്‍ത്തന കാഹളങ്ങളായിരുന്നു. അതിന്റെ സ്വാഭാവിക പരിണാമമായിരുന്നു റഷ്യയിലെ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ തകര്‍ച്ചയും ജനാധിപത്യ പുനഃസ്ഥാപനവും.
എങ്കിലും ചിലരദ്ദേഹത്തെ കുറ്റപ്പെടുത്തുന്നുണ്ട്, സോവ്യറ്റ് യൂണിയന്‍ തകരാതെ തന്നെ ഈ മാറ്റങ്ങളൊക്കെ വരുത്താന്‍ അദ്ദേഹം എന്തുകൊണ്ടു കരുതലെടുത്തില്ല എന്ന്. അതു സാധ്യമായിരുന്നില്ല എന്നു ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകും. അധികാരത്തിന്റെ ഉരുക്കുമുഷ്‌ടി ഉപയോഗിച്ച് അയല്‍ രാജ്യങ്ങളെ റഷ്യയോടു യോജിപ്പിച്ചാണു ലെനിനും സ്റ്റാലിനും സോവ്യറ്റു രാഷ്‌ട്രനിര്‍മിതി സാധിച്ചത്. ഏതിനുമൊരു പരിധിയുണ്ടല്ലൊ. ആ പരിധി കഴിഞ്ഞപ്പോള്‍ അധികാരത്തിന്റെ പിടി അയഞ്ഞു. അയല്‍രാഷ്‌ട്രങ്ങള്‍ വീണ്ടും വീണ്ടും സ്വതന്ത്രമായി. അതിനു നിമിത്തമാകുക എന്ന നിയോഗമേ ഗോര്‍ബച്ചേവിനുണ്ടായിരുന്നുള്ളു.
അധികാരം നഷ്‌ടപ്പെട്ടതിനുശേഷം ഗോര്‍ബച്ചേവു തികഞ്ഞ അക്കാദമിഷ്യനും മനുഷ്യാവകാശപ്രവര്‍ത്തകനുമായി എഴുത്തും പ്രഭാഷണങ്ങളുമായി കഴിയുന്നു. രണ്ടു പ്രസ്ഥാനങ്ങളുണ്ടദ്ദേഹത്തിന്. ഗോര്‍ബച്ചേവ് ഫൗണ്ടേഷനും പരിസ്ഥിതി കൂട്ടായ്‌മയായ ഗ്രീന്‍ ക്രോസ് ഇന്റര്‍നാഷണലും.
ഇന്നത്തെ റഷ്യന്‍ അധികാരികളുടെ പ്രവര്‍ത്തനശൈലിയില്‍ അദ്ദേഹം സംതൃപ്‌തനല്ല. കപട ജനാധിപത്യമാണവരുടേതെന്ന പരാതിയും അദ്ദേഹത്തിനുണ്ട്. `ജനദ്രോഹപരമായി ഒന്നും ചെയ്യാന്‍ എനിക്കിഷ്‌ടമില്ലായിരുന്നു. എപ്പോഴും ഞാന്‍ ജനങ്ങളുടെ ക്ഷേമവും സന്തോഷവുമാണു പ്രധാനമായി കരുതിയത്' എന്ന് ആത്മാര്‍ത്ഥതയോടും ചാരിതാര്‍ത്ഥ്യത്തോടും കൂടി പറയാന്‍ കഴിയുന്ന ജനാധിപത്യത്തിന്റെ ദൈവദൂതന് ഇങ്ങനെ ഉത്‌കണ്‌ഠപ്പെടാതിരിക്കാനാവില്ലല്ലൊ.
https://www.facebook.com/Malayalivartha