റൗള്‍ വായിക്കുന്നു കാലത്തിന്റെ ചുവരെഴുത്ത്
ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയുടെ വാക്കുകളില്‍ പ്രതിഫലിക്കുന്നതു മാറ്റത്തിനുവേണ്ടിയുള്ള അദമ്യമായ ആവേശമാണ്. 2011 ഏപ്രില്‍ 17നു ക്യൂബന്‍ തലസ്ഥാനമായ ഹവാനയില്‍ ആരംഭിച്ച നാലുദിനം നീണ്ട ആറാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അദ്ദേഹമുയര്‍ത്തിയ അഭിപ്രായപ്രകടനങ്ങളും നിര്‍ദേശങ്ങളും ഇത് ഊട്ടിയുറപ്പിക്കുന്നു. അഞ്ചുവര്‍ഷത്തെ തുടര്‍ച്ചയായ രണ്ടു തവണയ്‌ക്കപ്പുറം, അതായതു 10 വര്‍ഷത്തില്‍ കൂടുതല്‍ ആരും ഉന്നത രാഷ്‌ട്രീയപദവി കൈയാളേണ്ടെന്നും തനിക്കും ഇതു ബാധകമാണെന്നുമുള്ള അദ്ദേഹത്തിന്റെ പ്രഖ്യാപനമാണു ലോക ശ്രദ്ധ പിടിച്ചുപറ്റിയത്. 25 വര്‍ഷങ്ങള്‍ക്കുശേഷമാണു പാര്‍ട്ടി കോണ്‍ഗ്രസ് സമ്മേളിക്കുന്നത്. 1986ലായിരുന്നു ഇതിനു മുമ്പത്തെ കോണ്‍ഗ്രസ്. ക്യൂബയുടെ ആഭ്യന്തര, വിദേശ നയങ്ങളിലും നിലപാടുകളിലും, വീക്ഷണത്തില്‍ തന്നെയും അടിമുടി പൊളിച്ചെഴുത്തിനു നാന്ദി കുറിക്കലായും ആറാം പാര്‍ട്ടി കോണ്‍ഗ്രസ് മാറി.
2008 ഫെബ്രുവരി 24നാണു റൗള്‍, ക്യൂബയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. രോഗങ്ങള്‍ മൂലം ആരോഗ്യം തകര്‍ന്ന ക്യൂബന്‍ വിപ്ലവനായകന്‍ ഫിഡലിനു ശേഷം റൗള്‍ എന്ന ആര്‍ക്കും സംശയമില്ലാത്ത, മുന്‍വിധിയെ ശരിവയ്‌ക്കുന്ന ഒരു സ്ഥാനാരോഹണമായിരുന്നു. എന്നാല്‍, മാറ്റത്തിന്റെ കാഹളമുയര്‍ത്തലായിരുന്നു പ്രസിഡന്റു പദവിയിലിരുന്നുള്ള റൗളിന്റെ ഓരോ പ്രസ്‌താവനയും. ലോകരാഷ്‌ട്രങ്ങളുമായുള്ള പരസ്‌പരസഹകരണത്തിന്റെ അഭാവത്തില്‍ രാജ്യത്തിനു പുരോഗതി ഉണ്ടാവില്ല എന്ന വലിയ പാഠമാണു റൗളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അടിസ്ഥാനം. കഴിഞ്ഞ അരനൂറ്റാണ്ടായി ക്യൂബയുടെ ബദ്ധവൈരിയായി പ്രഖ്യാപിച്ചിരുന്ന അമേരിക്കയെപ്പോലും ആ കൂട്ടുകെട്ടില്‍ നിന്നു റൗള്‍ മാറ്റിനിര്‍ത്തുന്നില്ല. ലോകസമ്പദ്‌ഘടനയ്‌ക്കു തന്നെ കനത്ത ആഘാതമേല്‌പിച്ച ആഗോള സാമ്പത്തികമാന്ദ്യം കാര്യങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കി. പുതിയ സ്വദേശ, വിദേശ സ്വകാര്യനിക്ഷേപനയം റൗള്‍ പ്രഖ്യാപിച്ചു. ഈ മാറ്റങ്ങളെ ഈജിപ്‌തിലെയും ലിബിയയിലെയും ജനകീയമുന്നേറ്റം ശരിയായ വിധത്തില്‍ സ്വാധീനിക്കുകയാണെങ്കില്‍ അതു സ്വാഗതാര്‍ഹം തന്നെ. സ്വേച്ഛാധിപത്യത്തിനും അധികാരകേന്ദ്രീകരണത്തിനും ജനങ്ങള്‍ നല്‌കുന്ന മറുപടി, അത് എത്രതന്നെ വൈകിയാലും കഠിനമായിരിക്കുമെന്ന യാഥാര്‍ത്ഥ്യം റൗള്‍ ഉള്‍ക്കൊണ്ടെങ്കില്‍ വിദൂരമല്ലാത്ത ഭാവിയില്‍ ക്യൂബയും ജനാധിപത്യത്തിലേക്കും ബഹുകക്ഷി രാഷ്‌ട്രീയത്തിലേക്കും പദമൂന്നും.
https://www.facebook.com/Malayalivartha