ക്യൂബയും കമ്യൂണിസത്തോടു വിടപറയുന്നു
സോഷ്യലിസ്റ്റു ക്യൂബയുടെ സമ്പദ്‌വ്യവസ്ഥ നവമുതലാളിത്തത്തോടു സന്ധി ചെയ്യുന്നു. ഇന്നു ക്യൂബ കമ്യൂണിസം കൈവിടുകയാണ്.
ആഗോളീകരണത്തിന്റെയും ഉദാരീകരണത്തിന്റെയും കാലത്തു ക്യൂബയിലെ സമ്പദ്‌വ്യവസ്ഥയെ തകരാതെ പിടിച്ചു നിര്‍ത്തുന്നതിനുള്ള മാര്‍ഗമാവിഷ്‌ക്കരിക്കുകയായിരുന്നു ഹവാനയില്‍ ഏപ്രില്‍ 12നു സമാപിച്ച ക്യൂബന്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ എട്ടാം കോണ്‍ഗ്രസിന്റെ ലക്ഷ്യം.
സോഷ്യലിസ്റ്റ് വ്യവസ്ഥയില്‍ സ്വകാര്യ സ്വത്ത് പാടില്ലെന്ന തത്ത്വം അവസാനിപ്പിച്ചുകൊണ്ട് വീടും ഭൂമിയും വില്‌ക്കാനും വാങ്ങാനും ക്യൂബയിലെ പൗരന്മാര്‍ക്ക് അനുമതി നല്‌കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.
ഇപ്പോള്‍ വീടും സ്ഥലവും അനന്തരാവകാശികള്‍ക്കു കൈമാറാന്‍ മാത്രമേ അനുമതിയുള്ളൂ. വാഹനങ്ങള്‍ വാങ്ങുന്നതിനും വില്‌ക്കുന്നതിനുമുള്ള നിയന്ത്രണങ്ങളും നീക്കും. പൊതുമേഖലയിലെ പത്തുലക്ഷത്തോളം തസ്‌തികകള്‍ ഒഴിവാക്കുന്നതിനും സമ്മേളനം അംഗീകാരം നല്‌കി. ഈ പരിഷ്‌ക്കാരങ്ങളില്‍ പലതും ഘട്ടംഘട്ടമായി നേരത്തെ തന്നെ നടപ്പാക്കാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും പാര്‍ട്ടിയുടെ ഔപചാരിക അംഗീകാരം ലഭിക്കുന്നത് ഇപ്പോഴാണ്. പാര്‍ട്ടിയിലും ഭരണകൂടത്തിലുമുള്ള നേതൃപദവികള്‍ക്ക് കാലപരിധി ഏര്‍പ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശവും സമ്മേളനം പാസ്സാക്കി. ഇതനുസരിച്ച് രണ്ട് അഞ്ചുവര്‍ഷ കാലാവധികളിലായി പരമാവധി പത്തുവര്‍ഷമേ ഒരാള്‍ക്ക് നേതൃത്വത്തിലിരിക്കാന്‍ പറ്റൂ.
ഫീഡലിന്റെ അനിയനും രാജ്യത്തിന്റെ പ്രസിഡണ്ടുമായ റൗള്‍ കാസ്‌ട്രോയാണു പാര്‍ട്ടിയുടെ പുതിയ ഒന്നാം സെക്രട്ടറി. സ്വകാര്യസ്വത്ത് അനുവദിക്കാനും നേതൃപദവികള്‍ക്കു കാലപരിധി ഏര്‍പ്പെടുത്താനും കാര്‍ഷിക വ്യവസ്ഥ വികേന്ദ്രീകരിക്കാനും നാലുദിവസത്തെ പാര്‍ട്ടി കോണ്‍ഗ്രസ് അനുമതി നല്‌കിയിട്ടുണ്ട്.
1959 മുതല്‍ വിപ്ലവ ക്യൂബയുടെ ഭരണത്തലവനായിരുന്ന ഫീഡല്‍ കാസ്‌ട്രോ 1965ല്‍ ക്യൂബന്‍ കമ്യൂണിസ്റ്റു പാര്‍ട്ടി നിലവില്‍ വന്നതു മുതല്‍ ഒന്നാം സെക്രട്ടറിയായിരുന്നു അദ്ദേഹം ഇപ്പോള്‍ സ്ഥാനമൊഴിഞ്ഞു.
https://www.facebook.com/Malayalivartha