അധികാരം കൈയൊഴിഞ്ഞ ലാമ
1959 വരെ ഇന്ത്യയ്‌ക്കൊരു അയല്‍രാജ്യമുണ്ടായിരുന്നു- തിബത്ത്. ഇന്ന് ആ രാജ്യം ഭൂമുഖത്തില്ല. പകരം ചൈനയുടെ തെക്കു കിഴക്കന്‍ പ്രദേശമായി അതു പരിണമിച്ചിരിക്കുന്നു. അതു സ്വമേധയാ ഇല്ലാതായതല്ല. മഞ്ഞക്കടുവ വിഴുങ്ങിയതാണ്, 1959ല്‍.
തിബത്തിന്റെ പരമാധികാരിയുടെ പേരു ദലായ് ലാമ. ബുദ്ധമത വിശ്വാസികളായ ജനതയ്‌ക്കു ദൈവം തെരഞ്ഞെടുത്തു നല്‌കിയിരുന്ന പ്രതിപുരുഷന്‍. ഒരേ സമയം ആത്മീയാധികാരിയും രാഷ്‌ട്രീയാധികാരിയും.
ഇന്നു ദലായ് ലാമയുടെ വാസസ്ഥലം ഇന്ത്യയിലാണ്. ഹിമാചല്‍പ്രദേശിലെ ധര്‍മശാലയില്‍. 1959ല്‍ ചൈന, തിബത്തു പിടിച്ചടക്കിയപ്പോള്‍ അന്നത്തെ ലാമ അവിടെ നിന്ന് ഓടിരക്ഷപെട്ടു. ഇന്ത്യയിലെത്തിയ അദ്ദേഹത്തിനു രാഷ്‌ട്രീയാഭയം നല്‌കി. അതിനും കൊടുക്കേണ്ടി വന്നു നമ്മള്‍ വലിയ വില.1962ലെ ഇന്തോ-ചൈനാ യുദ്ധത്തിലൂടെ.
1959 മുതല്‍ ഇന്ത്യയില്‍ അഭയം ലഭിച്ചുകഴിയുന്ന ദലായ് ലാമ പക്ഷേ, ഇന്നും പ്രതീകാത്മകമായി തിബത്തിന്റെ രാഷ്‌ട്രത്തലവനാണ്. ഒരു രാഷ്‌ട്രവും ഇതിന് ഔദ്യോഗികമായ അംഗീകാരം നല്‌കിയിട്ടില്ലെങ്കിലും, കമ്യൂണിസ്റ്റു രാജ്യങ്ങളൊഴികെ എല്ലാവരും തന്നെ അദ്ദേഹത്തെ ഒരു രാഷ്‌ട്രത്തലവനെപ്പോലെ സ്വീകരിക്കുകയും ആദരിക്കുകയും ചെയ്‌തു പോരുന്നു. നോബല്‍ സമ്മാന സമിതി സമാധാനത്തിനുള്ള സമ്മാനം നല്‌കി അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‌കുകയും ചെയ്‌തു. ഇന്ത്യ അദ്ദേഹത്തിനു സംരക്ഷണവും സാമ്പത്തിക സഹായവും നല്‌കുന്നു.
2011 മാര്‍ച്ച് പത്തു വ്യാഴാഴ്‌ച , എഴുപത്തഞ്ചുകാരനായ ദലായ് ലാമ ഒരു പ്രഖ്യാപനം നടത്തി. താന്‍ `അധികാരം' ഒഴിയുന്നു. ഇനി തെരഞ്ഞെടുക്കപ്പെട്ട ഒരു പിന്‍ഗാമിക്ക് അധികാരം കൈമാറും. എങ്കിലും സ്വതന്ത്രതിബത്തിനു വേണ്ടിയുള്ള തന്റെ പോരാട്ടം അവസാനിപ്പിക്കുകയില്ല. ധര്‍മശാലയില്‍ തിബത്തിന്റെ രാഷ്‌ട്ര നഷ്‌ടത്തിന്റെ അമ്പത്തി രണ്ടാം വാര്‍ഷികാനുസ്‌മരണവേളയിലാണു ലാമയുടെ ഈ പ്രഖ്യാപനം ഉണ്ടായത്.
ഇതൊന്നും മുഖവിലയ്‌ക്കെടുക്കാന്‍ തയ്യാറില്ലാത്ത ചൈന ലാമയുടെ പ്രഖ്യാപനത്തോടു പ്രതികരിച്ചതിങ്ങനെ: അന്താരാഷ്‌ട്ര സമൂഹത്തെ കബളിപ്പിക്കാനുള്ള വെറും തന്ത്രം! ചൈനയുടെ വിദേശകാര്യ വക്താവു ശ്രീമതി ജിയാങ് യൂച്ചി പറഞ്ഞു. ദലായ് ലാമയുടെ പ്രവാസി ഗവണ്‍മെണ്ടു നിയമവിരുദ്ധമായ ഒരു രാഷ്‌ട്രീയ സംഘം മാത്രം. അതിനെ ആരു പരിഗണിക്കാന്‍?
ഇല്ലാത്ത അധികാരം ഒഴിയുന്നു എന്നു കേട്ടാല്‍, യഥാര്‍ത്ഥ അധികാരം കൈയടക്കി ഒരു ജനതയുടെ സ്വാതന്ത്ര്യത്തിന്റെ കഴുത്തു ഞെരിച്ച ചൈനയ്‌ക്കു ചിരിക്കാനല്ലേ തോന്നൂ!
https://www.facebook.com/Malayalivartha