റഷ്യയുടെ വിമോചകന്‍ ഗോര്‍ബച്ചേവ്
2011 മാര്‍ച്ച് 2. റഷ്യയിലെ മിഖായേല്‍ ഗോര്‍ബച്ചേവിന് 80 വയസ്സു തികഞ്ഞു. റഷ്യയില്‍ ആഘോഷമില്ല. എന്നാല്‍, ലണ്ടനില്‍ മുന്‍ റഷ്യന്‍ നേതാവ് ആദരിക്കപ്പെടുന്നു. ലോകരാഷ്‌ട്രീയത്തില്‍ ദൂരവ്യാപകമായ മാറ്റങ്ങള്‍ ഉണ്ടാക്കിയ നേതാവാണ്, ഗോര്‍ബച്ചേവ്. റഷ്യയില്‍ അധികാരസോപാനത്തിന്റെ അത്യുന്നത ശ്യംഖത്തിലായിരുന്നു, ഗോര്‍ബച്ചേവ് ഉണ്ടായിരുന്നത്. 1985ല്‍ ഗോര്‍ബച്ചേവ് സോവിയറ്റു പാര്‍ട്ടിയുടെ സെക്രട്ടറിയായി. റഷ്യയില്‍ പാര്‍ട്ടി സെക്രട്ടറി രാജ്യത്തിന്റെ പ്രസിഡന്റിനെക്കാളും പ്രധാനമന്ത്രിയെക്കാളും ഏറെ ഉന്നതമായ സ്ഥാനത്തിന്റെ അധിപനാണ്.
1985ല്‍ റഷ്യ അമേരിക്കയ്‌ക്കു കിടയായ രാജ്യമായിരുന്നു. റഷ്യന്‍ പാര്‍ട്ടി സെക്രട്ടറി അമേരിക്കയിലെ പ്രസിഡന്റിനെ പോലെ അനേകം അധികാരസമിതികളുടെ നിയന്ത്രണത്തിന്റെ കീഴിലല്ല. റഷ്യന്‍ പാര്‍ട്ടിക്കാണു പരമാധികാരം. ഭരണഘടനയില്‍ തന്നെ അതു പറഞ്ഞിരുന്നു. ഭരണഘടനയിലെ ആറാം ഖണ്ഡിക വ്യവസ്ഥപ്പെടുത്തിയിരുന്നതു രാജ്യത്തിന്റെ കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം പാര്‍ട്ടിക്കാണെന്നായിരുന്നു. റഷ്യയില്‍ സുപ്രീം സോവിയറ്റും, സുപ്രീം സോവിയറ്റിനു കീഴ്‌പ്പെട്ടു നില്‌ക്കുന്ന ക്യാബിനറ്റും ഉണ്ടായിരുന്നു. സുപ്രീംസോവിയറ്റിലേക്ക് അംഗങ്ങളെ തിരഞ്ഞെടുത്തു. എന്നാല്‍, അതൊക്കെ അലങ്കാരത്തിനുവേണ്ടിയായിരുന്നു. അധികാരം ആത്യന്തികമായി പാര്‍ട്ടിയില്‍ അമര്‍ന്നു. പാര്‍ട്ടിയില്‍ കേന്ദ്രകമ്മിറ്റിയും പോളിറ്റ് ബ്യൂറോയും ഉണ്ടായിരുന്നു. എന്നാല്‍, സെക്രട്ടറിക്കായിരുന്നു പരമാധികാരം.
ഗോര്‍ബച്ചേവ് പാര്‍ട്ടി സെക്രട്ടറിയാകുമ്പോള്‍ അമേരിക്കയില്‍ റൊണാള്‍ഡ് റീഗന്‍ ആയിരുന്നു പ്രസിഡന്റ്. സോവിയറ്റ് യൂണിയനെപ്പറ്റി ഈവിള്‍ എംപെയര്‍ എന്നാണു റീഗന്‍ പറഞ്ഞിരുന്നത്. റീഗനെപ്പോലുള്ള ഒരമേരിക്കന്‍ പ്രസിഡന്റും സോവിയറ്റ് യൂണിയനിലെ പരമാധികാരിയായ പാര്‍ട്ടി സെക്രട്ടറിയും തമ്മില്‍ നയപരമായ കാര്യങ്ങളില്‍ രഞ്‌ജിക്കുക എന്നത് അചിന്ത്യമായിരുന്നു. എന്നാല്‍, അചിന്ത്യമായതു സംഭവിച്ചു.
കാലത്തിനു
ചേര്‍ന്നതല്ലാത്ത റഷ്യ
ഗോര്‍ബച്ചേവ്, 1956ലെ സ്റ്റാലിന്‍ വിമര്‍ശനത്തോടെ നികിത ക്രൂഷ്‌ചേവ് തുടങ്ങിവച്ച ഉദാരമായ രാഷ്‌ട്രീയത്തിന്റെ കളരിയില്‍ പരിശീലനം സിദ്ധിച്ച നേതാവായിരുന്നു. റഷ്യയിലെ കാര്യങ്ങളൊന്നും കാലത്തിനു ചേര്‍ന്നതല്ല എന്നു ഗോര്‍ബച്ചേവ് വിശ്വസിച്ചു. റഷ്യയെ സംബന്ധിച്ചു രണ്ടാണു പ്രധാനമായി വേണ്ടത്. 1. പെരിസ്‌ട്രോയിക്ക 2. ഗ്ലസ്‌നോസ്റ്റ്. രാഷ്‌ട്ര പുനഃസംഘടനയും സ്വാതന്ത്ര്യങ്ങളും എന്നു സാമാന്യ ഭാഷയില്‍ ആ വാക്കുകളെ പരിഭാഷപ്പെടുത്താം.
ഗേര്‍ബച്ചേവ് മുഖ്യമായി ഒന്നു ചെയ്‌തു. ഭരണകൂടത്തിന്റെ മേല്‍ പാര്‍ട്ടിക്കുള്ള അധീശാധികാരം റദ്ദാക്കി. അദ്ദേഹം ചെയ്‌ത മറ്റൊരു കാര്യം തിരഞ്ഞെടുപ്പില്‍ ആര്‍ക്കും, എത്ര ആള്‍ക്കും ഓരോ മണ്ഡലത്തില്‍ നിന്നും മത്സരിക്കാമെന്നുള്ളതായിരുന്നു. മുമ്പ് ഒരു മണ്ഡലത്തില്‍ ഒറ്റ സ്ഥാനാര്‍ത്ഥി; പാര്‍ട്ടി നിശ്ചയിച്ച സ്ഥാനാര്‍ത്ഥി മാത്രം മത്സരിക്കുകയെന്നുള്ളതായിരുന്നു വ്യവസ്ഥ. തിരഞ്ഞെടുക്കപ്പെടുന്നവരൊക്കെ പാര്‍ട്ടിക്കാര്‍. അതു തിരഞ്ഞെടുപ്പായിരുന്നില്ല. നാമനിര്‍ദ്ദേശത്തിന്റെ രൂപാന്തരമായിരുന്നു. ഒന്നിലധികം സ്ഥാനാര്‍ത്ഥികള്‍ക്കു മത്സരിക്കാമെന്ന അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പു നടന്നപ്പോള്‍, മോസ്‌കോ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന പാര്‍ട്ടി സെക്രട്ടറി തോറ്റു. പിന്നീട്, റഷ്യയുടെ പ്രസിഡന്റായ ബോറിസ് യെറ്റ്‌സിന്‍ ആണു പാര്‍ട്ടി സെക്രട്ടറിയെ തോല്‌പിച്ചത്.
അച്ചുകൂടങ്ങള്‍ സ്ഥാപിക്കാനും പ്രസിദ്ധീകരണങ്ങള്‍ ആരംഭിക്കാനും ജനങ്ങള്‍ക്ക് അവകാശം നല്‌കി, ഗോര്‍ബച്ചേവ്. സോവിയറ്റു ഭരണത്തിലെ നിഗൂഢതകള്‍ പത്രങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. കമ്യൂണിസ്റ്റ് അധികാരത്തിന്റെ കീഴില്‍ രാജ്യത്തുണ്ടായ കൂട്ടവധങ്ങളുടെ വിവരങ്ങള്‍ പത്രങ്ങള്‍ പ്രസിദ്ധീകരിച്ചു. സ്റ്റാലിന്റെ സ്ഥാനത്തിന് 1956ല്‍ തന്നെ ഇളക്കമുണ്ടായിക്കഴിഞ്ഞിരിക്കുന്നു. സ്റ്റാലിന്‍ പ്രതിമകള്‍ രാജ്യത്തു നോക്കുന്നിടത്തൊക്കെയുണ്ടായിരുന്നു. ആ പ്രതിമകള്‍ തകര്‍ക്കുന്നതില്‍ ജനങ്ങള്‍ ആവേശം കാണിച്ചു.
കിഴക്കും പടിഞ്ഞാറും
ഗോര്‍ബച്ചേവ് പശ്ചാത്യ രാജ്യങ്ങളുമായി സൗഹൃദത്തില്‍ വര്‍ത്തിച്ചു. റഷ്യന്‍ ആധിപത്യത്തില്‍ സാമന്തരാജ്യങ്ങളായിരുന്ന പൂര്‍വ യൂറോപ്പിലെ `ജനകീയ ജനാധിപത്യരാജ്യങ്ങള്‍' സ്വതന്ത്രങ്ങളായി. ജനകീയ ജനാധിപത്യം നിഷ്‌ഠൂരമായ കമ്യൂണിസത്തിന്റെ മറ്റൊരു പേരായിരുന്നു. രാഷ്‌ട്രീയ പദാവലിയില്‍ കിഴക്ക് എന്നു പറഞ്ഞാല്‍ റഷ്യയും കമ്യൂണിസവും ആയിരുന്നു. പടിഞ്ഞാറ് എന്നു പറഞ്ഞാല്‍ ജനാധിപത്യ രാജ്യങ്ങള്‍. ഈ രണ്ടു വക രാജ്യസമൂഹങ്ങളെ വേര്‍തിരിച്ചു നിര്‍ത്തിയതു ബെര്‍ളിന്‍ ഭിത്തി ആയിരുന്നു. ഗോര്‍ബച്ചേവിന്റെ അധ്യക്ഷതയില്‍ എന്നു പറയട്ടെ, ബെര്‍ളിന്‍ ഭിത്തി തകര്‍ക്കപ്പെട്ടു. ജര്‍മനി രണ്ടായിരുന്നു. 1. കമ്യൂണിസ്റ്റ് ജര്‍മനി, 2. ഫെഡറല്‍ ജര്‍മനി. ബെര്‍ളിന്‍ ഭിത്തിയുടെ തകര്‍ച്ചയ്‌ക്കു പുറകെ ജര്‍മനിയുടെ രണ്ടായി ഭിന്നിച്ചുള്ള നില അവസാനിച്ചു.
വളരെ വിസ്‌തരിച്ചു പറയേണ്ട കാര്യങ്ങളാണിവ. അതിനു ഞാന്‍ മുതിരുന്നില്ല. സംഗ്രഹിച്ചു പറയാം. സോവിയറ്റു യൂണിയന്‍ നാമാവശേഷമായി. യൂണിയനിലെ റിപ്പബ്ലിക്കുകള്‍ വേറിട്ടു പോയി. കമ്യൂണിസത്തിന്റെ പേരിലുള്ള രാജാധിപത്യ സമാനമായ ജനാധിപത്യം അനേകം രാജ്യങ്ങളില്‍ പഴങ്കഥയായി.
റഷ്യയിലെ മാറ്റങ്ങളുടെ പ്രാധാന്യം ലോകര്‍ ശരിയായി മനസ്സിലാക്കിയിട്ടില്ല. കമ്യൂണിസ്റ്റുകാര്‍ ഗോര്‍ബച്ചേവിനെ വര്‍ഗവഞ്ചകനായി കാണുന്നു. റഷ്യയിലെ ജനങ്ങളില്‍ വലിയ വിഭാഗവും ഗോര്‍ബച്ചേവിനെ റഷ്യയുടെ ലോക നേതൃത്വം കളഞ്ഞുകുളിച്ചനേതാവായിട്ടാണു കാണുന്നത്. തന്റെ പരിഷ്‌കാരങ്ങള്‍ തന്റെ അധികാരത്തിന്റെ അന്ത്യമായതില്‍ ഗോര്‍ബച്ചേവ് ഖേദിക്കുന്നുണ്ടാകുമോ?
അറിഞ്ഞുകൊണ്ട് സോവിയറ്റ് ഏകാധിപത്യ ഭരണ സംവിധാനത്തിന് അറുതി വരുത്താന്‍ ശ്രമിച്ച് അതില്‍ വിജയിച്ചു, എന്നാകാം ഗോര്‍ബച്ചേവ് വിചാരിക്കുന്നത്. ചരിത്രത്തില്‍ ഒരു ഭരണാധികാരിക്കും കൈവശമായിരുന്നിട്ടില്ലാത്തത്ര വിപുലമായ അധികാരത്തിനധിപനായിരുന്നു, 1985ല്‍ പാര്‍ട്ടി സെക്രട്ടറിയായി സ്ഥാനമേറ്റ ഗോര്‍ബച്ചേവ്. പാര്‍ട്ടി, സെക്രട്ടറിയുടെ റബര്‍ സ്റ്റാമ്പ്.
കൃതാര്‍ത്ഥന്‍
ജനാധിപത്യത്തില്‍ ഭരണാധികാരിക്കു പരമാധികാരമില്ല. ഏകാധിപതികള്‍ക്കും സമ്രാട്ടുകള്‍ക്കും മാത്രമാണു പരമാധികാരമുള്ളത്. ഗോര്‍ബച്ചേവ് അതിരില്ലാത്ത അധികാരത്തെ ഭരണപരിഷ്‌കാരത്തിലൂടെ കയ്യില്‍ നിന്ന് ഊര്‍ന്നുപോകാന്‍ അനുവദിച്ചു കൃതാര്‍ത്ഥനായി.
എണ്‍പതാം വയസ്സില്‍ സംതൃപ്‌തനായി, സ്വതന്ത്രനായി, താനായി ജനാധിപത്യ സ്വാതന്ത്യങ്ങളനുവദിച്ചനുഗ്രഹിച്ച ജനങ്ങളില്‍ ഒരുവനായി ജീവിക്കുന്നു, ഗോര്‍ബച്ചേവ്. ഇതിന്റെ പൊരുളറിയാത്തവര്‍ സ്വാതന്ത്ര്യമെന്തെന്നറിയുന്നില്ല.
https://www.facebook.com/Malayalivartha