കമ്യൂണിസ്റ്റ് കോട്ടയിലെ ജനാധിപത്യവാദി
ഫോബ്‌സ് മാസിക പ്രസിദ്ധീകരിച്ച ലോകത്തെ കരുത്തരായ നേതാക്കളുടെ പട്ടികയില്‍ ഒന്നാമനായി സ്ഥാനം നേടിയ ചൈനീസ് മുന്‍ പ്രസിഡന്റ് ഹ്യൂ ജിന്റാവോ ലോകരാഷ്‌ട്രീയത്തില്‍ തന്റെ സ്വാധീനശക്തി ഒരിക്കല്‍കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്. വാചകകസര്‍ത്തുകള്‍ക്കു മുതിരാതെ പ്രവൃത്തികളില്‍ മുഴുകുന്ന സ്വഭാവമാണു ഹൂ ജിന്റാവോയില്‍ കാണാന്‍ കഴിയുന്നത്. അതു തന്നെയാണ് ഒരു ഭരണാധികാരി എന്ന നിലയില്‍ അദ്ദേഹത്തെ ശക്തനാക്കുന്നതും. 69 വയസ്സുകാരനായ ഹൂ ജിന്റാവോ ചൈനയുടെ ആറാമത്തെ പ്രസിഡന്റാണ്. ലോകത്തെ അഞ്ചിലൊന്നു ജനതയെ ഉള്‍ക്കൊള്ളുന്ന ബൃഹത് രാജ്യത്തിന്റെ സാരഥി എന്ന നിലയില്‍ ഹൂ ജിന്റാവോ ശ്രദ്ധേയനായി്. ദേശീയവും അന്തര്‍ദേശീയവുമായ തര്‍ക്കവിഷയങ്ങളിലും വിവാദപരമായേക്കാവുന്ന കാര്യങ്ങളിലും തികച്ചും ബുദ്ധിപൂര്‍വകവും പക്വതയോടും കൂടിയനിലപാടുകളാണ് അദ്ദേഹം സ്വീകരിച്ചു പോന്നത്. രാജ്യത്തിന്റെ പ്രസിഡന്റ് എന്നതിനപ്പുറം ഹൂ ജിന്റാവാ ചൈനീസ് കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ സെക്രട്ടറി കൂടിയാണ്. ഹൂ ജിന്റാവോയുടെ സാമ്പത്തിക പരിഷ്‌കാരങ്ങളാണു ചൈനയെ ലോകരാഷ്‌ട്രങ്ങളുടെ മുന്‍നിരയിലേക്കു നയിക്കുന്നത്.
1942 സെപ്‌റ്റംബര്‍ 15നാണു ഹൂ ജിന്റാവോ ജനിച്ചത്. ബെയ്‌ജിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജിയോളജിയില്‍ നിന്നു ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ജിന്റാവോ തന്റെ ഔദ്യോഗിക ജീവിതം ഗാന്‍സു പ്രവിശ്യയിലാണ് ആരംഭിച്ചത്. 1986ല്‍ ബെയ്‌ജിംഗിലെ കമ്യൂണിസ്റ്റു പാര്‍ട്ടി ജനറല്‍ ഓഫീസിലേക്കെത്തി. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന സാവോ സിയാങ്ങിന്റെ കൂടെ പ്രവര്‍ത്തിച്ചു. 1998ല്‍ വൈസ് പ്രസിഡന്റായി ഉയര്‍ന്നു. 2003ല്‍ ആണ് ആദ്യമായി പ്രസിഡന്റു പദത്തിലെത്തിയത്. അതോടെ ചൈനീസ് കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ അവിഭാജ്യഘടകമായി അന്താരാഷ്‌ട്ര സമൂഹത്തിന്റെയും മാധ്യമങ്ങളുടെയും മുന്നില്‍ ഹൂ ജിന്റാവോ മാറി.
2008ല്‍ രണ്ടാം തവണയും പ്രസിഡന്റായി സ്ഥാനമേറ്റെടുത്ത ഹൂ ജിന്റാവോയ്‌ക്ക് ആദ്യ തവണത്തെക്കാള്‍ ശക്തമായ വെല്ലുവിളികളെയാണു നേരിടേണ്ടിയിരുന്നത്. അതില്‍ ഗുരുതരമായത് ആഗോള സാമ്പത്തികമാന്ദ്യമുയര്‍ത്തിയ വെല്ലുവിളിയായിരുന്നു. ലോകത്തെ വ്യവസായവത്‌കൃതവും സാമ്പത്തിക മുന്നേറ്റത്തില്‍ മുന്നില്‍ നില്‌ക്കുന്നതുമായ ചൈനയെ സാമ്പത്തികമാന്ദ്യം ബാധിച്ചതില്‍ ആശ്ചര്യപ്പെടാനില്ല. എങ്കിലും അതിന്റെ തീവ്രത നിയന്ത്രിച്ചു രാജ്യത്തിന്റെ വളര്‍ച്ചാനിരക്കും മേല്‌കൈയും നിലനിര്‍ത്താന്‍ കഴിഞ്ഞതില്‍ ഹൂ ജിന്റാവോക്ക് അഭിമാനിക്കാം.
ലോകത്തെ സ്വാധീനിച്ച, ലോകം കാതോര്‍ക്കുന്ന ഒരു നേതാവാണു ഹൂ ജിന്റാവോ എന്നതില്‍ സംശയമില്ല. ഗള്‍ഫു നാടുകളിലെയും മറ്റും ഭരണകൂടങ്ങള്‍ക്കെതിരായ ജനകീയപ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ജിന്റാവോ നടത്തിയ പ്രസ്‌താവനകളും ഏറെ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ചൈനയില്‍ ബഹുകക്ഷി രാഷ്‌ട്രീയത്തിനോ ഭരണത്തിനോ യാതൊരു സാധ്യതയും വിദൂരഭാവിയില്‍ പോലുമില്ലെന്നും അത്തരമൊരു സാഹചര്യം രൂപപ്പെടാന്‍ തങ്ങള്‍ അനുവദിക്കില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. എത്രയൊക്കെ ഗുണഗണങ്ങള്‍ ഉണ്ടായാലും ഇത്തരം പ്രസ്‌താവനകളെ അംഗീകരിച്ചുകൊടുക്കാന്‍ ജനാധിപത്യവിശ്വാസികള്‍ക്കാവില്ല. എങ്കിലും ഒരു ചൈനീസ് ഭരണാധികാരിക്ക് ഇങ്ങനെയേ പ്രതികരിക്കാനാവൂ എന്ന പ്രായോഗിക യാഥാര്‍ത്ഥ്യവും മറക്കേണ്ട.
ഹൂ ജിന്റാവോക്ക് ഒരു ഏകാധിപതിയുടെ പരിവേഷമില്ല. തന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടു ജനാഭിമുഖ്യമുള്ള ഒരു ഭരണാധിപനാകാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. 2003ല്‍ പ്രസിഡന്റു പദമേറ്റെടുത്ത ശേഷം ബെയ്‌ജിംഗ് ഉള്‍പ്പെടെയുള്ള രാജ്യത്തെ സമ്പന്നതയുടെ ഭൂഭാഗങ്ങള്‍ക്കു പുറമേ തികച്ചും പിന്നോക്കം നില്‌ക്കുന്ന ഗ്രാമപ്രദേശങ്ങള്‍ കൂടി സന്ദര്‍ശിച്ച ഹൂ ജിന്റാവോയില്‍ ഒരു ജനാധിപത്യവാദിയും മനുഷ്യസ്‌നേഹിയും ഒളിഞ്ഞിരിപ്പുണ്ട്.
https://www.facebook.com/Malayalivartha