ഇന്ന് പൂക്കോട്ടൂര്‍ കലാപവാര്‍ഷികം
ഇന്ത്യയില്‍ നടന്ന ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളിലെ ഒരു പ്രധാന അധ്യായമാണ് 1921 ല്‍ മലബാറില്‍ നടന്ന കാലപം, മലബാര്‍ കലാപം ഖിലാഫത്ത് ലഹള, കാര്‍ഷിക കുടിയാന്‍ പ്രക്ഷോഭം തുടങ്ങി വ്യത്യസ്ത നാമങ്ങളില്‍ പ്രശസ്തി നേടിയ കലാപത്തിലെ മുഖ്യ അംശം പൂക്കോട്ടൂര്‍ പ്രദേശവും അവിടെവെച്ചു നടന്ന കലാപവുമായിരുന്നു. ടോട്ടോഹാം തന്റെ മാപ്പിള റിബല്യന്‍ എന്ന ഗ്രന്ഥത്തില്‍ പൂക്കോട്ടൂര്‍ ബാറ്റില്‍ ( Pookkottoor Battle) എന്നാണിതിനെ വിശേഷിപ്പിക്കുന്നത്. മലബാര്‍ കലാപത്തോടനുബന്ധിച്ച് 1921 ഓഗസ്റ്റ് ഇരുപത്തിയാറിനു വെള്ളിയാഴ്ചയാണ് പൂക്കോട്ടൂര്‍ യുദ്ധം നടന്നത്.
സാമ്രാജ്യത്വ ജന്മിത്വ അധിനിവേശങ്ങള്‍ക്കെതിരെ 1920 മാര്‍ച്ച് അവസാനത്തിലും ഏപ്രില്‍ ആദ്യത്തിലുമാണ് പൂക്കോട്ടൂര്‍ ഖിലാഫത്ത് കമ്മിറ്റി നിലവില്‍ വരുന്നത്. കറുത്തേടത്ത് പള്ളിയാലി ഉണ്ണിമൊയ്തു പ്രസിഡന്റ്, കാരാട്ട് മൊയ്തീന്‍ കുട്ടി ഹാജി വൈസ് പ്രസിഡന്റ്, കറുത്തേടത്ത് കോടാംപറമ്പില്‍ അലവി സെക്രട്ടറി, പാറാഞ്ചേരി കുഞ്ഞറമുട്ടി അസിസ്റ്റന്റ് സെക്രട്ടറി, മന്നേത്തൊടി ചെറിയ കുഞ്ഞാലന്‍ ഖജാന്‍ജി, വടക്കുവീട്ടില്‍ മമ്മുദു മാനേജര്‍ എന്നിവരായിരുന്നു കമ്മിറ്റി ഭാരവാഹികള്‍.
ഖിലാഫത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന കലാപത്തിന്റെ സിരാകേന്ദ്രം തിരൂരങ്ങാടിയായിരുന്നു. എന്നാല്‍ മലബാര്‍ കലാപത്തില്‍ ഏറെ ദുരന്തം ഏറ്റുവാങ്ങിയത് പൂക്കോട്ടൂരാണ്. ഖിലാഫത്ത് പ്രസ്ഥാനം ശക്തിപ്പെട്ട പൂക്കോട്ടൂര്‍ വെള്ളക്കാരന്റെ കണ്ണിലെ കരടായിരുന്നു. അവരെ അടിച്ചമര്‍ത്താനായി കണ്ണൂരില്‍നിന്ന് പൂക്കോട്ടൂരിലേക്ക് പട്ടാളം പുറപ്പെട്ടു. ഈ വിവരം ഖിലാഫത്ത് ഓഫീസിലെത്തി. ക്യാപ്റ്റന്‍ മെക്കന്റോയിയുടെ നേതൃത്വത്തില്‍ 125 പട്ടാളക്കാരും പൊലീസും 22 ബസുകളിലും ലോറിയിലുമായാണ് മലപ്പുറത്തേക്ക് പുറപ്പെട്ടത്.
കോഴിക്കോട് പാലക്കാട് റൂട്ടില്‍ പാലം പൊളിച്ചും മരങ്ങള്‍ മുറിച്ചിട്ടും അവരുടെ കടന്നുവരവ് തടസപ്പെടുത്തുകയായിരുന്നു ആദ്യം. മുന്നോട്ടുപോവാനാവാതെ വന്നതോടെ അറവങ്കര പാപ്പാട്ടുങ്ങലില്‍ നിന്നും കൊണ്ടോട്ടിയിലേക്ക് മടങ്ങുകയും പിറ്റേന്നു മടങ്ങിവന്നു താത്കാലിക പാലം പണിതു മുന്നോട്ടു നീങ്ങുകയുമായിരുന്നു പട്ടാളം. പൂക്കോട്ടൂരിനും പിലാക്കലിനുമിടയിലായി കാത്തിരുന്ന രണ്ടായിരത്തോളം യോദ്ധാക്കളാണ് യുദ്ധത്തിനു തയാറെടുത്തിരുന്നത്. പട്ടാളമെത്തിയത് ഇരുപത്തിരണ്ട് ലോറികളിലായിട്ടാണ്. വെടിവെപ്പു തുടങ്ങിയതോടെ പുകബോംബെറിയുകയും ചെയ്തു. അതിന്റെ മറവില്‍ യന്ത്രത്തോക്കുകള്‍ സജ്ജമാക്കുകയും പോരാളികളെ വെടിവെക്കുകയുമാണ് ചെയ്തത്.
യന്ത്രത്തോക്കുകളും പീരങ്കികളും സൃഷ്ടിച്ച ഭീകരാന്തരീക്ഷത്തോടു കൈത്തോക്കും വടിവാളും കയ്യില്‍ കിട്ടിയതെന്തും ആയുധമാക്കിയ ഗ്രാമീണ ജനതയുടെ പോരാട്ടവീര്യ മായിരുന്നു ചരിത്രം സൃഷ്ടിച്ചത്. മണിക്കൂറുകള്‍ നീണ്ട പോരാട്ടത്തില്‍ മരിച്ചുവീണ മാപ്പിള പോരാളികളുടെ നെഞ്ചത്തായിരുന്നു വെടികൊണ്ടതെന്ന് ചരിത്രകാരന്‍മാര്‍ പറയുന്നു. അതവരുടെ അസാധാരണമായ ധൈര്യത്തേയും അചഞ്ചലമായ വിശ്വാസത്തെയും തെളിയിക്കുന്നതായിരുന്നു. പൂക്കോട്ടൂരിലും തിരൂരങ്ങാടിയിലെ പോരാട്ടത്തിലും വാഗണ്‍ ട്രാജഡിയിലും എണ്ണമറ്റ ഖിലാഫത്ത്ബ്രിട്ടീഷ് ഏറ്റുമുട്ടലുകളിലുമെല്ലാമായി ആയിരക്കണക്കിനു പോരാളികളാണ് മരണപ്പെട്ടത്. ചരിത്രയേടുകളില്‍ ഇടമില്ലാത്ത പോരാട്ട സ്മരണകളായി അവ നിലകൊള്ളുകയാണി്‌പ്പോഴും. രാജ്യത്തിന്റെ വിമോചന പോരാളികളുടെ ചരിത്രം പിന്നെ വായിക്കപ്പെടുന്നത് വര്‍ഗീയമായും സ്വതന്ത്ര ഏറ്റുമുട്ടലുകളുമെല്ലാമായാണ്. എന്നാല്‍ മാപ്പിള പോരാളികളുടെ സമര ജീവിതം മാറ്റിയെഴുത്തിനുള്ള വ്യഗ്രതയില്‍ കാണാതെ പോവുന്ന ഒരു സംഭവമുണ്ട്. ഖിലാഫത്ത് നേതാവ് വടക്കേവീട്ടില്‍ മുഹമ്മദിനെ കള്ളക്കേസില്‍ പീഡിപ്പിച്ച നിലമ്പൂര്‍ കോവിലകത്തെ ആറാം തിരുമുല്‍പാടിനോടു പകരം ചോദിക്കാനെത്തിയ പോരാളികളുടെ കഥ.
കോവിലകത്തേ പടിക്കലില്‍ കാവല്‍ക്കാരുമായി ഏറ്റുമുട്ടുകയും ഇതില്‍ 17 പേര്‍ വധിക്കപ്പെടുകയും ചെയ്തു. കാവല്‍ക്കാരെ കീഴടക്കിയ പോരാളികള്‍ അകത്ത് കടന്നു തമ്പുരാനെ പിടിക്കാനൊരുങ്ങവെ ഇളയതമ്പുരാന്‍ ഇറങ്ങിവന്നു തമ്പുരാനു പകരം തന്നെ കൊല്ലാമെന്നു പറയുന്നുണ്ട്. മാപ്പിളമാര്‍ ആരെയും ഒന്നും ചെയ്തില്ലെന്നു മാത്രമല്ല അവരുടെ ധീരതയെ പുകഴ്ത്തി സ്ഥലം വിട്ടുവെന്നു ചരിത്രത്തിലുണ്ട്.
കോവിലകത്തുണ്ടായിരുന്ന സ്ത്രീകളും കുട്ടികളടക്കമുള്ള ആരേയും അവര്‍ ഉപദ്രവിച്ചിരുന്നില്ല എന്നും ചരിത്രത്തിലുണ്ട്. തിരിച്ചു വരുമ്പോള്‍ മഞ്ചേരിയിലെ ഗവണ്‍മെണ്ട് ഖജനാവ് തകര്‍ക്കുകയും അളവറ്റ പണവുംസമ്പത്തും പാവങ്ങള്‍ക്ക് വാരിയെറിഞ്ഞു കൊടുക്കുകയും ചെയ്തു. കോവിലകത്തെ കാവല്‍ക്കാരില്‍ കുറേ മാപ്പിളമാര്‍ ഉണ്ടായിരുന്നുവെന്നതിനാല്‍ തമ്പുരാന് മാപ്പിളമാരോടോ, മാപ്പിളമാര്‍ക്ക് തമ്പുരാനോടോ സാമുദായിക വിദ്വേഷമുണ്ടായിരുന്നില്ല എന്നു മനസ്സിലാക്കാമെന്ന് 'മലബാര്‍ സമരം എം.പി നാരായാണമേനോനും സഹപ്രവര്‍ത്തകരും' എന്ന ഗ്രന്ഥത്തില്‍ പ്രൊഫ: എം.പി.എസ് മേനോന്‍ പറയുന്നുണ്ട്. ഇദ്ദേഹത്തിന്റെ കുടിയാന്‍ ദ്രോഹനയവും വടക്കേ വീട്ടില്‍ മുഹമ്മദിനെ കള്ളക്കേസില്‍ കുടുക്കിയതും മാത്രമായിരുന്നു കാരണമായത്. മറ്റൊരാളെയും ഉപദ്രവിച്ചില്ലെന്ന ഈ ചരിത്ര യാഥാര്‍ത്ഥ്യം സൗകര്യപൂര്‍വ്വം തമസ്‌കരിക്കുകയാണ് മലബാര്‍ സമരത്തിനപ്പുറത്തെ മാപ്പിള ലഹള വായനകള്‍. വര്‍ഗീയതയുടെ നിറം കാണാന്‍ പൂക്കോട്ടൂര്‍ യുദ്ധത്തിനാകില്ല. സമരസജ്ജരായ ഒരുനാട് മുഴുക്കെ സൃഷ്ടിച്ച പ്രതിരോധം അടര്‍ത്തിമാറ്റി അവതരിപ്പിക്കാനാണ് ശ്രമങ്ങളുണ്ടായത്. മലബാറിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ഖിലാഫത്ത് സമരത്തിലെ മുന്നണി പോരാളികളിലെ മുസ്‌ലിമേതര നാമങ്ങളെ കാണാതെ പോയിക്കൂടാ. മാപ്പിളമാര്‍ അധികമായി അധിവസിക്കുന്ന ഗ്രാമീണ പ്രദേശങ്ങളും ആത്മീയമായി അവരില്‍ പ്രചോദനം നല്‍കിയ നേതൃത്വവും അധിനിവേശത്തോടു സ്വീകരിച്ച നിലപാടുകള്‍ ഇവിടെ പ്രകടനമാണ്. ഇതിനെ വര്‍ഗീയമായി വ്യാഖ്യാനിച്ചേ അടങ്ങൂവെന്ന ദുര്‍വാശി, കലാപത്തില്‍ മാപ്പിള പോരാളികളോടു തോളുചേര്‍ന്നു പോരാടിയ ഹിന്ദു വിഭാഗങ്ങളുള്‍പ്പടെയുള്ള പോരാളികളെ കാണാതെ പോവുകയാണ്. എല്ലാ സമുദായത്തില്‍ പെട്ടവരും ഉണ്ടായിരുന്നുവെന്നല്ലാതെ പൂക്കോട്ടൂരിലെ ഖിലാഫത്ത് സമരത്തില്‍ വര്‍ഗീയതയുടെ നിറം തന്നെ കാണാനാകില്ല.
ഏഴുമാസം നീണ്ടുനിന്ന ഈ കലാപത്തില്‍ 2,399 പേര്‍ കൊല്ലപ്പെടുകയും 1652 പേര്‍ക്ക് പരിക്ക് പറ്റുകയും 45303 പേരെ തടവുകാരായി പിടിയ്ക്കുകയും ചെയ്തതായിട്ടാണ് സര്‍ക്കാര്‍ രേഖകള്‍ പറയുന്നത്. യാഥാര്‍ത്ഥ്യം അതിലേറെ വരുമെന്നതില്‍ സംശയമില്ലല്ലോ. പോരാട്ടത്തില്‍ മരിച്ചവര്‍, ആന്തമാനിലേക്കു നാടുകടത്തിയവര്‍, പരുക്കേറ്റവര്‍ തുടങ്ങി അനേകം രക്ത സാക്ഷികളാണ് പൂക്കോട്ടൂര്‍ കലാപത്തില്‍ ഉള്ളത്. അവരുടെ ദേശസ്‌നേഹത്തിനും ധീരതക്കും മുന്നില്‍ നമുക്ക് മനസ്സുകൊണ്ട് നമിക്കാം.
https://www.facebook.com/Malayalivartha