ചാവുകടൽ ചുരുളുകൾ
ഏകദേശം 50 വർഷം മുമ്പായിരുന്നു ആ സംഭവം. അറബി നാടോടിയായ ഒരു ആട്ടിടയൻ ഒരു കല്ല് ഒരു ഗുഹയിലേക്കെറിഞ്ഞു. ആ കല്ല് ഒരു മൺഭരണിയിൽകൊണ്ട് അതു പൊട്ടുന്ന ശബ്ദം അവൻ കേട്ടു. ഗുഹയ്‌ക്കുള്ളിൽ കയറി നോക്കിയ അവൻ കണ്ടത് മൺഭരണിക്കുള്ളിൽ സൂക്ഷിച്ചിരിക്കുന്ന കുറെ ചുരുളുകളാണ്. ചാവുകടൽ ചുരുളുകൾ എന്ന പേരിൽ അറിയപ്പെടാൻ ഇടയായ ചുരുളുകളിൽ ആദ്യത്തേതായിരുന്നു അവ. 20-)0 നൂറ്റാണ്ടിലെ പുരാവസ്‌തുപരമായ ഏറ്റവും വലിയ കണ്ടുപിടിത്തം എന്നാണു ചിലർ ഇതിനെ വിശേഷിപ്പിക്കുന്നത്.
ചുരുളുകളിൽ പലതും കാലപ്പഴക്കം കാരണം പൊടിഞ്ഞുതുടങ്ങിയിരുന്നു, അക്ഷരങ്ങളും മാഞ്ഞു. ഇത്രയും നാൾ ഈ ചുരുകളോരോന്നും കൈകൊണ്ടെടുത്ത് കൂട്ടിച്ചേർക്കാനുള്ള ശ്രമങ്ങളായിരുന്നു. എന്നാൽ ഇനി മുതൽ പുത്തൻ ഡിജിറ്റൽ ടൂളുകളും സോഫ്റ്റ്‌വെയറുകളും ഉപയോഗിച്ചായിരിക്കും ചുരുളുകളുടെ പൂർണരൂപം തയാറാക്കുന്നത്. സ്പെക്ട്രൽ ഇമേജിങ് എന്ന സാങ്കേതികതയാണ് ഈ ‘ജിഗ്സോ പസിലി’ൽ ഉപയോഗപ്പെടുത്തുന്നത്. 1.75 മില്യൺ ഡോളറാണ് ഡെഡ് സീ സ്ക്രോൾ പ്രോജക്ടിന്റെ ചെലവ്.
പുരാതന യഹൂദ കയ്യെഴുത്തുപ്രതികളാണ് ചാവുകടൽ ചുരുളുകൾ. അവയിൽ മിക്കവയും എബ്രായ ഭാഷയിലും ചിലത് അരമായയിലും ചുരുക്കം ചിലത് ഗ്രീക്കിലുമാണ് എഴുതിയിരിക്കുന്നത്. ചുരുളുകളും ചുരുൾശകലങ്ങളും ഉൾപ്പെടുന്ന ഇവയിൽ പലതും 2,000-ത്തിലധികം വർഷങ്ങൾ പഴക്കമുള്ളവയാണ്, അതായത് യേശു ജനിക്കുന്നതിനു മുമ്പുള്ളവ. അറബി നാടോടികളിൽനിന്നു കൈപ്പറ്റിയ ആദ്യ ചുരുളുകൾ നീളമുള്ള ഏഴ് കയ്യെഴുത്തുപ്രതികൾ ആയിരുന്നു. അവയ്‌ക്കു പലയളവിൽ ദ്രവീകരണം സംഭവിച്ചിരുന്നു. പിന്നീട്, കൂടുതൽ ഗുഹകൾ പരിശോധിക്കവെ വേറെ ചുരുളുകളും ആയിരക്കണക്കിനു ചുരുൾശകലങ്ങളും കണ്ടെടുക്കപ്പെട്ടു. 1947-നും 1956-നും ഇടയ്‌ക്കുള്ള കാലഘട്ടത്തിൽ ചാവുകടലിന് അടുത്തുള്ള കുംറാനിൽ ചുരുളുകൾ ഉള്ള മൊത്തം 11 ഗുഹകൾ കണ്ടെത്തുകയുണ്ടായി.
എല്ലാ ചുരുളുകളും ചുരുൾശകലങ്ങളും തരംതിരിച്ചു വെച്ചപ്പോൾ ഏകദേശം 800 കയ്യെഴുത്തുപ്രതികൾ ഉണ്ടായിരുന്നു. അവയിൽ 200-ലധികം കയ്യെഴുത്തുപ്രതികൾ എബ്രായ ബൈബിൾ പാഠഭാഗങ്ങളുടെ പകർപ്പുകളാണ്. കൂടാതെ, ഉത്തര കാനോനിക ഗ്രന്ഥങ്ങളും യഹൂദ വ്യാജസാഹിത്യങ്ങളും അടങ്ങുന്ന ബൈബിളേതര യഹൂദ ലിഖിതങ്ങളുടെ കയ്യെഴുത്തുപ്രതികളും അവയിൽ ഉൾപ്പെടുന്നു.*
മുമ്പ് അറിയപ്പെടാതിരുന്ന ചില ലിഖിതങ്ങളുടെ ചുരുളുകളാണു ഇതെന്നതാണ് പണ്ഡിതന്മാരെ ഏറ്റവും ആവേശഭരിതരാക്കിയിരിക്കുന്നത്. യഹൂദ നിയമ വ്യാഖ്യാനങ്ങൾ, കുംറാനിൽ ജീവിച്ചിരുന്ന മതവിഭാഗക്കാർക്കു മാത്രമായുള്ള നിയമങ്ങൾ, മതാനുഷ്‌ഠാനങ്ങളുടെ ഭാഗമായ പദ്യങ്ങളും പ്രാർഥനകളും, ബൈബിൾ പ്രവചനങ്ങളുടെ നിവൃത്തിയെയും അന്ത്യനാളുകളെയും സംബന്ധിച്ച വീക്ഷണങ്ങൾ വെളിപ്പെടുത്തുന്ന ലോകാവസാനത്തോടു ബന്ധപ്പെട്ട ലിഖിതങ്ങൾ എന്നിവ അതിൽ പെടുന്നു. അനുപമമായ ബൈബിൾ വ്യാഖ്യാനങ്ങളും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ഇന്നുള്ള വാക്യാനുവാക്യ ബൈബിൾ വ്യാഖ്യാനങ്ങളുടെ മുന്നോടികളായിരുന്നു അവ.
408 ബിസിക്കും 318 എഡിക്കും ഇടയിലാണ് ഇതെഴുതിയതെന്നാണു കരുതുന്നത്.
1967-ലെ ഷഡ്‌ദിന യുദ്ധത്തോടെ പൂർവ യെരൂശലേമും അവിടത്തെ ചുരുളുകളും ഇസ്രായേലിന്‍റെ അധീനതയിലായി. എങ്കിലും ചുരുൾ ഗവേഷണ സംഘത്തിന്‍റെ നയത്തിന് ഒരു മാറ്റവും ഉണ്ടായില്ല. നാലാം ഗുഹയിൽനിന്നു കണ്ടെടുത്ത ചുരുളുകളിലെ വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ വർഷങ്ങളല്ല, ദശകങ്ങൾതന്നെ എടുക്കുന്നു എന്നു കണ്ടപ്പോൾ പല പണ്ഡിതന്മാരും അതിനെതിരെ ശബ്ദമുയർത്തി. 1977-ൽ, ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ ഗേസാ വെർമെഷ് അതിനെ 20-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ പാണ്ഡിത്യ കുംഭകോണം എന്നു വിളിച്ചു. ആ ചുരുളുകളിലെ വിവരങ്ങൾ ക്രിസ്‌ത്യാനിത്വത്തിനു ഹാനികരമാണെന്നും തന്മൂലം അവ മറെച്ചുവെക്കാൻ കത്തോലിക്കാ സഭ മനപ്പൂർവം ശ്രമിക്കുകയാണെന്നുമുള്ള ശ്രുതി പരന്നു തുടങ്ങി.
ഒടുവിൽ, 1980-കളിൽ ഗവേഷണ സംഘത്തിലെ പണ്ഡിതന്മാരുടെ എണ്ണം 20 ആക്കി. പിന്നീട്, 1990-ൽ മുഖ്യ പത്രാധിപരായി നിയമിക്കപ്പെട്ട, ഹീബ്രൂ സർവകലാശാലയിലെ ഇമ്മാനുവൽ ടോവിന്‍റെ നേതൃത്വത്തിൻ കീഴിൽ ഗവേഷകരുടെ എണ്ണം 50-ലധികമായി വർധിപ്പിച്ചു. തുടർന്ന്, ശേഷിച്ച ചുരുളുകളുടെ ഗവേഷണ ഫലങ്ങളെല്ലാം പ്രസിദ്ധീകരിക്കുന്നതിനു കർശനമായ ഒരു സമയപരിധി നിശ്ചയിക്കുകയും ചെയ്‌തു.
1991-ൽ അപ്രതീക്ഷിതമായി ഈ രംഗത്ത് വലിയ ഒരു പുരോഗതി ഉണ്ടായി. ആദ്യം, പ്രസിദ്ധീകരിക്കപ്പെടാത്ത ചാവുകടൽ ചുരുളുകളുടെ പ്രാഥമിക പതിപ്പ് (ഇംഗ്ലീഷ്) പ്രസിദ്ധീകരിക്കപ്പെട്ടു. ആ ഗവേഷക സംഘത്തിന്‍റെ കൺകോർഡൻസിന്‍റെ ഒരു പ്രതിയെ ആസ്‌പദമാക്കി കമ്പ്യൂട്ടറിന്‍റെ സഹായത്തോടെയാണ് അത് ഉണ്ടാക്കിയത്. തുടർന്ന്, ഏതൊരു പണ്ഡിതനും ചുരുളുകളുടെ മുഴു ചിത്രങ്ങളും ലഭ്യമാക്കുന്നതാണെന്ന് കാലിഫോർണിയയിലെ സാൻ മറൈനോയിലുള്ള ഹണ്ടിങ്‌ടൺ ഗ്രന്ഥശാല പ്രഖ്യാപിച്ചു. താമസിയാതെ, ചാവുകടൽ ചുരുളുകളുടെ ഒരു തനിപ്പകർപ്പ് (ഇംഗ്ലീഷ്) പുറത്തിറങ്ങിയതോടെ, മുമ്പ് പ്രസിദ്ധീകരിക്കാതിരുന്ന ചുരുളുകളുടെ ചിത്രങ്ങൾ ലഭ്യമായി.
കണ്ടെടുത്ത തൊള്ളായിരത്തോളം ചുരുളുകളിൽ മിക്കതും വായിച്ചെടുക്കാനായിട്ടുണ്ടെങ്കിലും ചില ചുരുളുകളിലെ എഴുത്തോ ഭാഷയോ തിരിച്ചറിയാൻ ഗവേഷകർക്ക് ഇനിയുമായിട്ടില്ല. അവയുടെ പൂർണരൂപം ഡിജിറ്റൽ എഡിഷനായി തയാറാക്കിക്കഴിഞ്ഞാൽ പരിശോധന കൂടുതൽ എളുപ്പമാകും. ഒരുപക്ഷേ അവയിലാകാം ശാസ്ത്രത്തെയും ചരിത്രത്തെയും ഞെട്ടിപ്പിക്കുന്ന വിവരങ്ങളുണ്ടാവുക
https://www.facebook.com/Malayalivartha