പി.എസ്.സി. വഴിയുള്ള സ്‌കൂള്‍ അധ്യാപക നിയമനം ഇനി വെറും പേരിനുമാത്രം
സ്ഥലം മാറ്റവും തസ്തിക മാറ്റവും ഹൈസ്‌കൂള്‍ അധ്യാപക തസ്തികയില്‍ നേരിട്ടുള്ള നിയമനം കുറയ്ക്കുന്നതിന് കാരണമാകുന്നു. അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിനുപുറമേ തസ്തികമാറ്റത്തിനും ഒഴിവുകള്‍ കൂടുതലായി മാറ്റുന്നതിനാലാണിത്. ഭാഷാവിഷയങ്ങള്‍ക്ക് 40 ശതമാനവും സോഷ്യല്‍ സയന്‍സിന് 30 ശതമാനവും ഒഴിവുകളാണ് തസ്തികമാറ്റത്തിന് എച്ച്.എസ്.എ.യ്ക്ക് മാറ്റിവെയ്ക്കുന്നത്. ഉദ്യോഗാർത്ഥികൾക്കേറ്റ കനത്ത പ്രഹരമായി ഇതിനെ കണക്കാക്കാം.
അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിന് മറ്റുവകുപ്പുകള്‍ 10 ശതമാനം ഒഴിവുകള്‍ നീക്കിവെയ്ക്കുമ്പോള്‍ എച്ച്.എസ്.എ.യ്ക്ക് ഇത് മുപ്പതും പ്രൈമറി അധ്യാപകര്‍ക്ക് മുപ്പത്തിയഞ്ചും ശതമാനമാണ്. ഇതോടെ, സംസ്ഥാനത്തെ സ്‌കൂളുകളിലെ അധ്യാപക തസ്തികയിലേക്ക് പി.എസ്.സി. വഴിയുള്ള നിയമനം കുറഞ്ഞു.
1999 മെയ് മാസത്തിൽ പൊതുവിദ്യാഭ്യാസവകുപ്പ് പുറത്തിറക്കിയ ഉത്തരവിലാണ് അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിനും തസ്തികമാറ്റത്തിനുമുള്ള വിഹിതം വര്‍ധിപ്പിച്ചത്.
എച്ച്.എസ്.എ.യില്‍ നേരിട്ടുള്ള നിയമനം ഇങ്ങനെ:
ഭാഷാവിഷയം 30%
സോഷ്യല്‍ സയന്‍സ് 40%
സയന്‍സ് 50%.
മറ്റ് വകുപ്പുകളിലെ തസ്തികകളില്‍ 70% വരെയാണ് നേരിട്ടുള്ള നിയമനം.
ഭാഷാധ്യാപകരുടെ 30% ഒഴിവുകള്‍ പ്രൈമറി അധ്യാപകരില്‍നിന്നും 10% ക്ലാര്‍ക്ക്/ടൈപ്പിസ്റ്റുമാരില്‍നിന്നുമാണ് നികത്തുന്നത്. പി.എസ്.സി.യുടെ അനുമതിയില്ലാതെ പുറത്തിറക്കിയതിനാല്‍ 1999-ലെ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് ഉദ്യോഗസ്ഥ-ഭരണ പരിഷ്‌കാരവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഉത്തരവ് റദ്ദാക്കി അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിനുള്ള വിഹിതം പൊതുവ്യവസ്ഥയ്ക്കനുസരിച്ച് പുതുക്കിനിശ്ചയിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകിയതിനെ തത്കാലം പരിഗണിക്കേണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി നിര്‍ദേശിച്ചത്.
ഇതിനുപുറമേ അധ്യാപക ബാങ്കില്‍നിന്നുള്ള പുനര്‍വിന്യാസം കൂടിയായതോടെ പി.എസ്.സി. വഴിയുള്ള സ്‌കൂള്‍ അധ്യാപക നിയമനം പേരിനുമാത്രമായി.
https://www.facebook.com/Malayalivartha