പി.എസ്.സി വിജ്ഞാപനം ഒച്ചിന്റെ വേഗത്തിൽ
സര്‍ക്കാര്‍ വകുപ്പുകള്‍ ഒഴിവുകള്‍ അറിയിച്ചിട്ടും വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിക്കുന്നതിന് പി.എസ്.സി. 11 മുതല്‍ 77 മാസം വരെ കാലതാമസം വരുത്തിയതായി കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) കണ്ടെത്തി. ഇതിനുപുറമെ ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്യാത്ത തസ്തികകളില്‍ റാങ്കുപട്ടിക തയ്യാറാക്കി കാലാവധി കഴിഞ്ഞപ്പോള്‍ റദ്ദാക്കിയതായും കണ്ടെത്തിയിട്ടുണ്ട്. 2016 മാര്‍ച്ച് 31 വരെ വിവിധ വകുപ്പുകളിലെ 128 തസ്തികകളില്‍ 452 ഒഴിവുകളെങ്കിലും വിജ്ഞാപനം ചെയ്യാനുണ്ടെന്ന് തിങ്കളാഴ്ച നിയമസഭയില്‍ സി.എ.ജി. സമര്‍പ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
പി എസ് സി യുടെ അരാജകത്വ ഭരണമാണ് ഇവിടെ ചുണ്ടിക്കാട്ടപ്പെടുന്നത്. ചട്ടഭേദഗതി, നിയമപ്രശ്‌നങ്ങള്‍ തുടങ്ങിയ കാരണങ്ങളാലാണ് വിജ്ഞാപനമിറക്കാന്‍ വൈകിയതെന്നാണ് പിഎസ്‌സിയുടെ വിശദീകരണം. നിയമനത്തിനുള്ള വിശേഷാല്‍ച്ചട്ടങ്ങള്‍ തയ്യാറാക്കുന്നതിനുള്ള കാലതാമസത്താല്‍ വിവിധ സര്‍വീസുകളില്‍ ഒട്ടേറെ നിയമനം നടത്താനായിട്ടില്ല. ഭിന്നശേഷിക്കാര്‍ക്കായി നിശ്ചയിച്ച യോഗ്യതാമാനദണ്ഡങ്ങളില്‍ പി.എസ്.സി. മാറ്റം വരുത്തിയതുവഴി അവര്‍ക്ക് നിയമനം നിഷേധിക്കപ്പെടുകയും ചെയ്തു.
കെ.എസ്.ആര്‍.ടി.സി.യില്‍ ബ്ലാക്‌സ്മിത്തിന്റെ 13 ഒഴിവുകള്‍ 2006 മേയ് 23-ന് റിപ്പോര്‍ട്ട് ചെയ്തു. വിജ്ഞാപനം വന്നത് 2009 ഡിസംബര്‍ 30-ന്.
2007 മാര്‍ച്ച് 20-ന് റിപ്പോര്‍ട്ട് ചെയ്ത കൃഷി ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത് 2012 ജൂലായ് 16-ന്.
വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് ചെയ്യാതിരുന്ന ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ അറബിക് തസ്തികയിലെ ഒഴിവിലേക്കായി 2005-ല്‍ റാങ്കുപട്ടിക തയ്യാറാക്കി. 924 ഉദ്യോഗാര്‍ഥികള്‍ അപേക്ഷിച്ചു. ഇതില്‍നിന്ന് 13 പേരുടെ റാങ്കുപട്ടികയാണ് തയ്യാറാക്കിയത്. ആര്‍ക്കും നിയമനശുപാര്‍ശ നല്കാതെ 2011 ഒക്ടോബറില്‍ ഇത് റദ്ധാക്കി.
വിജ്ഞാപനം വന്നു ഒരുവര്‍ഷത്തിനകം റാങ്കുപട്ടിക തയ്യാറാക്കണമെന്നാണ് വ്യവസ്ഥ. എന്നിട്ടും ഒട്ടേറെ വിജ്ഞാപനങ്ങളില്‍ റാങ്കുപട്ടിക തയ്യാറാക്കുന്നതിതിന് വര്‍ഷങ്ങളെടുത്തു. ഇങ്ങനെ പോകുന്നു പി എസ് സി യുടെ കെടുകാര്യസ്ഥത.
https://www.facebook.com/Malayalivartha