പ്ലസ് വണ്‍ പ്രവേശനം സി.ബി.എസ്.ഇ. പത്താംക്ലാസ് ഫലപ്രഖ്യാപനത്തിനു ശേഷം
സി.ബി.എസ്.ഇ. പത്താംക്ലാസ് ഫലപ്രഖ്യാപന ദിവസമുള്‍പ്പെടെ മൂന്നുപ്രവൃത്തിദിവസം അനുവദിക്കണമെന്ന് കോടതി ഉത്തരവിന്മേൽ പ്ലസ് വണ്ണിന് അപേക്ഷ നല്‍കാനുള്ള അവസാനതീയതി ഹൈക്കോടതി വീണ്ടും നീട്ടി. അപേക്ഷാത്തീയതി നീട്ടിയതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ തീര്‍പ്പാക്കിയാണ് ഉത്തരവ്. ഫലം ജൂണ്‍ രണ്ടാമത്തെയാഴ്ചയ്ക്കകം പ്രസിദ്ധീകരിക്കാനാവുമെന്ന് സി.ബി.എസ്.ഇ. കോടതിയെ ബോധിപ്പിച്ചു. ഫലപ്രഖ്യാപനം സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഉണ്ടായ സാഹചര്യത്തിൽ സിംഗിള്‍ബെഞ്ച് നേരത്തെ നീട്ടിനല്‍കിയ തീയതിക്കകം ഫലം വന്നേക്കില്ല എന്ന് സി.ബി.എസ്.ഇ. അറിയിച്ചു. ഈ സാഹചര്യം പരിഗണിച്ചാണ് സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് പുതുക്കിയത്.
സംസ്ഥാനത്ത് 72,000 കുട്ടികള്‍ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നുണ്ട്. സി.ബി.എസ്.ഇ. പത്താംക്ലാസിന്റെ മാര്‍ക്ക് ലഭിച്ചയുടന്‍ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാനുള്ള അവസരം അധികൃതര്‍ ഉറപ്പാക്കിയിരിക്കണം എന്നും അപേക്ഷിക്കാന്‍ സാവകാശവും അവസരവുമുണ്ടെന്ന് അധികൃതർ ആവര്‍ത്തിച്ച് അറിയിപ്പുനല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. എന്നാൽ തീയതി നീട്ടി നല്‍കുന്നത് പ്രവേശന നടപടികളെ മാത്രമല്ല ക്ലാസ് തുടങ്ങുന്നതിനെയും ബാധിക്കുമെന്നും സര്‍ക്കാര്‍ വാദിച്ചു.
സ്റ്റേറ്റ് സിലബസ്, സിബിഎസ്ഇ സിലബസ് എന്നിങ്ങനെയുള്ള വേര്‍തിരിവിന്റെ അടിസ്ഥാനത്തില്‍ മാത്രം പ്ലസ് വണ്‍ പ്രവേശനത്തില്‍ വിവേചനം കാട്ടുന്നത് അനുവദിക്കാനാവില്ലെന്നും പ്രവേശന നടപടികള്‍ വൈകുന്നത് കാര്യമായ പ്രശ്‌നം ഉണ്ടാക്കില്ലെന്നും ഇതിന്റെ പേരില്‍ കുട്ടികളുടെ അവകാശം നിഷേധിക്കാനാവില്ലെന്നും ഡിവിഷന്‍ ബെഞ്ച് വിശദീകരിച്ചു. ഒരുവിദ്യാര്‍ഥിക്കും പഠിക്കാനുള്ള അവസരം നഷ്ടമാകാൻ പാടില്ല എന്ന് കോടതി വിലയിരുത്തി.
സി ബി എസ് ഇ ഫലപ്രഖ്യാപനം വൈകുന്ന സാഹചര്യത്തില്‍ സിബിഎസ്ഇ വിദ്യാർത്ഥികൾക്ക് അവസരം നഷ്ടമാകുമെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് കോടഞ്ചേരി സെന്റ് മേരീസ് ഇംഗ്‌ളീഷ് മീഡിയം സ്‌കൂളിലേയും കൈതപ്പൊയില്‍ എം.ഇ.എസ് ഫാത്തിമ റഹീം സെന്‍ട്രല്‍ സ്‌കൂളിലേയും പിടിഎ പ്രസിഡന്റുമാര്‍ നല്‍കിയ ഹര്‍ജിയില്‍ സിംഗിള്‍ബെഞ്ച് അവസാനത്തീയതി ജൂണ്‍ അഞ്ചുവരെ നീട്ടി. ഇതിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.
https://www.facebook.com/Malayalivartha