പോസ്റ്റ് ബേസിക് ബി.എസ്സി നഴ്സിങ് പഠിക്കാം
അംഗീകൃത ജനറൽ നഴ്സിങ് ആൻഡ് മിഡ്വൈഫറി (ജി.എൻ.എം) കോഴ്സ് പരീക്ഷ വിജയിച്ചവർക്ക് പോസ്റ്റ് ബേസിക് ബി.എസ്സി നഴ്സിങ് പഠിക്കാം. സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളജുകളിൽ ഇക്കൊല്ലം നടത്തുന്ന പോസ്റ്റ് ബേസിക് ബി.എസ്സി നഴ്സിങ് കോഴ്സ് പ്രവേശനത്തിന് എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അപേക്ഷഫീസ് പൊതുവിഭാഗത്തിന് 800 രൂപയും പട്ടികജാതി/വർഗക്കാർക്ക് 400 രൂപയുമാണ്. കേരളത്തിലെ എല്ലാ ഫെഡറൽ ബാങ്ക് ശാഖകളിലും ജൂൺ 27 വരെ അപേക്ഷഫീസ് സ്വീകരിക്കും. ബാങ്കിൽനിന്ന് ലഭിക്കുന്ന അപേക്ഷ നമ്പറും ചലാൻ നമ്പറും ഉപയോഗിച്ച് ജൂൺ 28 വരെ വ്യക്തിഗത വിവരങ്ങൾ ഒാൺലൈനായി www.lbscentre.in എന്ന വെബ്സൈറ്റിൽ നിർദേശാനുസരണം രജിസ്റ്റർ ചെയ്യാം.
അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ വെബ്സൈറ്റിൽ പ്രോസ്പെക്ടസിലുണ്ട്. അപേക്ഷയുടെ പ്രിൻറൗട്ട് ജൂൺ 30നകം എൽ.ബി.എസ് സെന്റർ ഡയറക്ടറുടെ തിരുവനന്തപുരത്ത് നന്ദാവനം, പാളയത്തുള്ള കാര്യാലയത്തിൽ ലഭിച്ചിരിക്കണം.
യോഗ്യത: അപേക്ഷകർ ഫിസിക്സ്, കെമിസ്ട്രി, ബയോളജി െഎച്ഛിക വിഷയമായി പ്ലസ് ടു പരീക്ഷ പാസായിരിക്കണം. കൂടാതെ 50 ശതമാനം മാർക്കോടെ ഇന്ത്യൻ നഴ്സിങ് കൗൺസിലും ബന്ധപ്പെട്ട സ്റ്റേറ്റ് കൗൺസിലും അംഗീകരിച്ച ജനറൽ നഴ്സിങ് ആൻഡ് മിഡ്വൈഫറി (GNM) കോഴ്സ് പരീക്ഷ പാസായിരിക്കണം. ഉയർന്ന പ്രായപരിധി 45 വയസ്സാണ്. സർവിസ് േക്വാട്ടയിേലക്കുള്ള അപേക്ഷാർഥികൾക്ക് 49 വയസ്സുവരെയാകാം.
ഗവണ്മെന്റ് നഴ്സിങ് കോളജുകളിൽ നിലവിൽ 20,000 രൂപയാണ് ട്യൂഷൻ ഫീസ്. സ്വാശ്രയ കോളജുകളിലെ ഗവണ്മെന്റ് മെറിറ്റ്/മാനേജ്മന്റ് സീറ്റുകളിൽ 55,000 രൂപയാണ് ഫീസ്. എൻ.ആർ.ഐ സീറ്റുകളിൽ രണ്ടു ലക്ഷം രൂപയാണ്. വിശദവിവരങ്ങൾ www.lbscentre.in എന്ന വെബ്സൈറ്റിൽ പ്രോസ്പെക്ടസിൽ ലഭ്യമാകും.
https://www.facebook.com/Malayalivartha