സംസ്ഥാനത്തെ അംഗീകാരമില്ലാത്ത അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ പൂട്ടാന്‍ നടപടികള്‍ തുടങ്ങി; സിഎജി
2016 മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച് കേരളത്തില്‍ അംഗീകാരമില്ലാത്ത 1,666 അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നതായി സി.എ.ജി. യുടെ റിപ്പോര്‍ട്ട് പുറത്തു വന്നു. റിപ്പോര്‍ട്ട് വെള്ളിയാഴ്ച ലോക്‌സഭയില്‍ വെച്ചു. അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്നതും അംഗീകാരം നേടാന്‍ വൈകുന്നതും വിദ്യാഭ്യാസ അവകാശച്ചട്ടത്തിന്റെ ലംഘനമാണെന്നും സി.എ.ജി. വിശദമാക്കി. വിദ്യാഭ്യാസ അവകാശച്ചട്ടത്തിന്റെ 19(1) വകുപ്പ് പ്രകാരം, സ്‌കൂള്‍ സ്ഥാപിച്ച് മൂന്ന് വര്‍ഷത്തിനുള്ളില്‍ അംഗീകാരം ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.
ചട്ടം പാലിച്ചില്ലെങ്കില്‍, സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കാവുന്നതാണ്. അംഗീകാരം പിന്‍വലിച്ചിട്ടും പ്രവര്‍ത്തനം തുടരുകയാണെങ്കില്‍, ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നു. എന്നിട്ടും ചട്ട ലംഘനം തുടരുകയാണെങ്കില്‍ പ്രതിദിനം പതിനായിരം രൂപ വീതം പിഴ ഈടാക്കാം.
അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളുടെ എണ്ണത്തില്‍ ഗുജറാത്താണ് മുന്നില്‍. 2016 സെപ്തംബര്‍ വരെയുള്ള കണക്ക് അനുസരിച്ച്, കേരളത്തില്‍ 1412 സ്‌കൂളുകള്‍ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയിട്ടില്ലെന്നും സി.എ.ജി. റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു. സംസ്ഥാനത്തെ അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ പൂട്ടാന്‍ നടപടികള്‍ തുടങ്ങി എന്നും സംസ്ഥാന വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. അംഗീകാരമില്ലാത്ത് അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാന്‍ ഇനി അനുവദിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha