സാഹോദര്യത്തെ ഊട്ടിയുറപ്പിക്കുന്ന രക്ഷാബന്ധനു പിന്നിലെ വിശ്വാസങ്ങളെന്തെല്ലാം
രക്ഷാബന്ധൻ വെറുമൊരു രാഖി കെട്ടല്‍ ചടങ്ങുമാത്രമല്ല മറിച് സാഹോദര്യത്തെ ഊട്ടിയുറപ്പിക്കുന്ന ഒന്നാണ്. സുരക്ഷിതത്വത്തിന്റെ ബന്ധനമാണ് രക്ഷ ബന്ധൻ. രാഖി കെട്ടുന്നതിലൂടെ ഓരോ സ്ത്രീയുടെയും സുരക്ഷിതത്വ ബോധം കൂടിവരുന്നു എന്നത് ഒരു ചെറിയ കാര്യമല്ല. ദിനം പ്രതി പെണ്‍കുട്ടികള്‍ ആക്രമിക്കപ്പെടുന്ന രാജ്യത്ത് രക്ഷാ ബന്ധന്റെ പ്രാധാന്യവും ഏറിവരുകയാണ്.
എന്താണ് രക്ഷാ ബന്ധന്‍. രാഖി കെട്ടുന്നതു പിന്നിലെ വിശ്വാസങ്ങളെന്തൊക്കെയാണ്. നമുക്ക് നോക്കാം.
ശ്രാവണമാസത്തിലെ പൗര്‍ണ്ണമി ദിവസമാണ് രക്ഷാ ബന്ധന്‍ ആഘോഷിക്കുന്നത്. രക്ഷാബന്ധന്‍ ദിനത്തില്‍ സ്ത്രീകള്‍ അതിരാവിലെ കുളിച്ച് ഈശ്വര പൂജനടത്തും. അതിനുശേഷം ആരതിയുഴിഞ്ഞ് സഹോദരന്മാരുടെ വലതുകൈയ്യില്‍ രാഖി ബന്ധിക്കുന്നു. സഹോദര സ്‌നേഹത്തിന്റെ പവിത്രത ഊട്ടി ഉറപ്പിക്കുന്ന ദിവസമാണിത്. സഹോദരന് ആയുസ്സും ആരോഗ്യവും കീർത്തിയും ഉണ്ടാവാൻ പ്രാർത്ഥിക്കുമ്പോൾ തിരിച്ചു എല്ലാ ആപത്തുകളിൽ നിന്നും പെങ്ങളെ കാത്തുകൊള്ളണമേ എന്ന് സഹോദരനും പ്രാർത്ഥിക്കുന്നു.
രക്ഷാബന്ധനുമായി ബന്ധപ്പെട്ട് ഒട്ടേറെ ഐതിഹ്യങ്ങളുണ്ട്. അതിൽ ഇന്ദ്രദേവനുമായി ബന്ധപ്പെട്ട ഒരുഐതിഹ്യം ഇതാണ്. ശ്രാവണ പൗര്‍ണ്ണമി നാളില്‍ ഇന്ദ്ര പത്‌നി ഇന്ദ്രന്റെ കൈയ്യില്‍ സിദ്ധിയുളള ഒരു രക്ഷ ബന്ധിച്ചു. രക്ഷയുടെ ശക്തികൊണ്ട് ഇന്ദ്രന്‍ അസുര വിജയം നേടി എന്നാണ് വിശ്വാസം. വേറെയുമുണ്ട്, പണ്ട് കൗരവസഭയിൽ വെച്ചു ധർമ്മപത്നിയായ പാഞ്ചാലിയെ വസ്ത്രാക്ഷേപം നടത്താനൊരുങ്ങിയ ദുശ്ശാസനന്റെ ശ്രമത്തെ പരിചയപ്പെടുത്തിയ ശ്രീകൃഷ്ണനെ ദ്രൗപതി രാഖി കെട്ടി സ്വീകരിച്ചു എന്നും പറയപ്പെടുന്നു.
യുദ്ധത്തിനു പുറപ്പെടും മുന്‍പ് യോദ്ധാക്കൾക്ക് സ്ത്രീകൾ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തിയ ശേഷം വലതു കൈയ്യില്‍ രക്ഷ ബന്ധിക്കുമായിരുന്നു. രക്ഷ ബന്ധിക്കുന്ന ആരേയും സംരക്ഷിക്കാന്‍ അത് സ്വീകരിക്കുന്ന ആള്‍ക്ക് ബാധ്യയുണ്ട് എന്നാണ് വിശ്വാസം. രാഖി കെട്ടിക്കഴിഞ്ഞാൽ സമ്മാനങ്ങളും മധുര പലഹാരങ്ങളും ഒക്കെ വിതരണം ചെയ്യുന്ന പതിവുമുണ്ട്.
ഉത്തരേന്ത്യയിൽ ആണ് പ്രധാനമായും രക്ഷാബന്ധൻ ആഘോഷിക്കാറുള്ളത് എങ്കിലും ഇന്ന് ഈ ചടങ്ങ് ഭാരതമൊട്ടാകെ പ്രചാരം നേടിക്കഴിഞ്ഞു. ജാതിമത ഭേദമില്ലാതെ ഇന്ന് എല്ലായിടവും രക്ഷാബന്ധൻ ആഘോഷിക്കാറുണ്ട്. സാഹോദര്യ ബന്ധം പുനഃസ്ഥാപിക്കപ്പെടാൻ ടാഗോർ ശാന്തിനികേതനിൽ രാഖി കെട്ടി ആഘോഷിക്കാറുണ്ടായിരുന്നു.
https://www.facebook.com/Malayalivartha