4635 kHzല്‍ ട്യൂണ്‍ ചെയ്യാവുന്ന റഷ്യൻ പ്രേത റേഡിയോ
1970 മുതൽ ഇന്നും മുടങ്ങാതെ സംപ്രേഷണം നടത്തുന്ന ഒരു റേഡിയോ ഉണ്ട്. 4635 kHzല്‍ ട്യൂണ്‍ ചെയ്യാനായാല്‍ ആര്‍ക്കും ഈ റേഡിയോയില്‍ നിന്നുള്ള ശബ്ദം കേള്‍ക്കാനാകും. എന്നാല്‍ ഒന്നും മനസിലാകില്ലെന്ന് മാത്രം. ആരാണ് ഈ റേഡിയോയിലെ സിഗ്നലുകള്‍ മുടങ്ങാതെ ദിവസവും സംപ്രേക്ഷണം ചെയ്യുന്നതെന്ന് മാത്രം അറിയില്ല.
സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ ചതുപ്പ് പ്രദേശത്തു നിന്നാണ് ദ ബസര്‍ അല്ലെങ്കില്‍ MDZhB എന്നറിയപ്പെടുന്ന ഈ റഷ്യന്‍ റേഡിയോ സിഗ്നലുകള്‍ അയക്കുന്നതെന്ന് അറിയാം
ദുരൂഹതകള്‍ ധാരാളമുള്ളതിനാല്‍ തന്നെ ഈ റേഡിയോയെകുറിച്ചുള്ള കഥകള്‍ക്കും പഞ്ഞമില്ല. റഷ്യന്‍ സൈന്യത്തിന്റെ രഹസ്യ റേഡിയോയാണിത് എന്ന് തുടങ്ങി അന്യഗ്രഹജീവികളാണ് ഈ റേഡിയോസ്റ്റേഷൻ നടത്തുന്നത് എന്നുവരെ കഥകളുണ്ട്.
1970കള്‍ മുതല്‍ പ്രക്ഷേപണം ആരംഭിച്ചെങ്കിലും 1982ലാണ് ഈ റേഡിയോയില്‍ നിന്നുള്ള സിഗ്നലുകള്‍ പുറംലോകം ശ്രദ്ധിക്കപ്പെടുന്നത്. ഇക്കാലത്തിനിടക്ക് ശബ്ദത്തില്‍ നേരിയ വ്യത്യാസമുണ്ടായെങ്കിലും സംപ്രേക്ഷണം തടസമില്ലാതെ ഇന്നും തുടരുന്നു.
റഷ്യന്‍ സൈന്യത്തിന് ഈ റേഡിയോയുമായുള്ള ബന്ധമാണ് ഏറെ പ്രചാരം ലഭിച്ച സാധ്യതകളിലൊന്ന്. റഷ്യന്‍ ചാരന്മാരുമായുള്ള ആശയവിനിമയത്തിന് സൈന്യം ഉപയോഗിക്കുന്നതാണിതെന്നും റഷ്യക്കെതിരെ ആണവാക്രമണം നടന്നാല്‍ വിവരം അറിയിക്കുകയാണ് ഈ റേഡിയോയുടെ ലക്ഷ്യമെന്നും ചിലർ കരുതുന്നു. ആണവാക്രമണത്തിന്റെ പ്രത്യാക്രമണ ചുമതലയും ഈ റേഡിയോയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പറയപ്പെടുന്നു.
വളരെയധികം ദൂരത്തേക്ക് സഞ്ചരിക്കാന്‍ മാത്രം ശേഷിയുള്ളതാണ് ഈ റേഡിയോ സിഗ്നലുകളെന്നതും ശ്രദ്ധേയമാണ്. രാജ്യാന്തര തലത്തിലെ രഹസ്യാന്വേഷണ ഏജന്‍സികളുമായി ഇതിന് ബന്ധമുണ്ടോ എന്ന് പോലും സംശയിക്കപ്പെടുന്നുണ്ട്.
https://www.facebook.com/Malayalivartha