2000 വർഷം പഴക്കമുള്ള കപ്പ് നിർമാണശാല കണ്ടെത്തി
കാപ്പിയും ചായയും നമ്മുടെ സന്തതസഹചാരിയാണല്ലോ. ഇത് ഒഴിവാക്കിക്കൊണ്ടുള്ള ഒരു ലൈഫ് നമുക്ക് ചിന്തിക്കാൻ തന്നെ പ്രയാസമാണ്. അപ്പോൾ കാപ്പി കുടിക്കുന്ന കപ്പിനെ കുറിച്ചു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? കാപ്പിക്കും മുമ്പ് മനുഷ്യന്റെ സഹചാരിയായിരുന്നു കപ്പ് എന്ന കാര്യം അറിയാമോ? മനുഷ്യർ കപ്പ് ഉപയോഗിക്കാൻ തുടങ്ങിയിട്ട് 2000 വർഷമായി എന്നാൽ കാപ്പി മനുഷ്യൻ ഉപയോഗിക്കാൻ തുടങ്ങിയത് 11ാം നൂറ്റാണ്ട് മുതൽക്കാണ്.
നമ്മുടെ നിത്യോപയോഗ സാധനമായ കപ്പുകളുടെ നിർമാണം എന്നാണ് തുടങ്ങിയത് എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ ഇതുവരെ ഉണ്ടായിരുന്നില്ല എന്നാൽ അടുത്തിടെ ഇസ്രായേലിൽ നടന്ന റോഡ് നിർമാണത്തിനിടയിലാണ് കപ്പിന്റെ പൗരാണികതയെ കുറിച്ചുള്ള സൂചനകൾ ലഭിച്ചത്. അങ്ങനെയാണ് കപ്പിന് 2000 വർഷത്തെ പാരമ്പര്യം അവകാശപ്പെടാനുണ്ടെന്നു തിരിച്ചറിഞ്ഞത്. ഈ കണ്ടെത്തലിനു വഴി തെളിച്ചത് ഇസ്രായേലിലെ വടക്കൻ പ്രദേശമായ റെയ്നെയിലെ ഗലിലീ ഗ്രാമത്തിൽ ഒരു സ്പോർട്സ് സെന്ററിലേക്കുള്ള റോഡ് വെട്ടുന്നതിന് കുഴിയെടുത്തപ്പോഴാണ് നൂറ്റാണ്ടുകൾക്കുമുമ്പ് ഇവിടെയുള്ളവർ ഉപയോഗിച്ചിരുന്ന പാത്രനിർമാണശാലയുടെ അവശിഷ്ടങ്ങൾ കിട്ടിയത്.
പിന്നീട് പുരാവസ്തുഗവേഷകർ എത്തി ശാസ്ത്രീയമായ രീതിയിൽ ഖനനം നടത്തിയപ്പോഴാണ് ശിൽപഭദ്രയുള്ളതും ചുണ്ണാമ്പുകല്ലിൽ നിർമിച്ചതുമായ നിരവധി കപ്പുകൾ പോലുള്ള പാത്രങ്ങളും അവ നിർമിക്കാൻ ഉപയോഗിക്കുന്ന നിർമാണ സാമഗ്രികളും പാതി പണിതീർന്ന പാത്രങ്ങളും ലഭിച്ചത്. ഇവ ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാക്കിയശേഷമാണ് കാലനിർണയം നടത്തിയത്. ഇത്തരത്തിൽ ഗലിലീയിൽ കണ്ടെത്തിയ ആദ്യത്തെ പാത്ര നിർമാണശാലയാണ് ഇതെന്ന് ഖനനത്തിന് നേതൃത്വം നൽകിയ എസ്കവേഷൻ ഡയറക്ടർ ജോനാഥൻ അഡ്ലർ പറഞ്ഞു. ബൈബിളിൽ യേശുക്രിസ്തു വെള്ളം വീഞ്ഞാക്കിമാറ്റിയെന്ന് പറയപ്പെടുന്ന സ്ഥലത്തു നിന്നും വളരെ അടുത്ത് നിന്നാണ് ഈ പുരാവസ്തുക്കൾ കണ്ടെടുത്തിട്ടുള്ളത്. ഒരു പക്ഷെ യേശുക്രിസ്തു ഉപയോഗിച്ചിരുന്നതും ഇവിടെ നിർമിച്ച കപ്പുകൾ ആകാം എന്ന് ചിന്തിച്ചാൽ ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഉള്ള കൗതുകം നമ്മളിൽ ഉണർത്തുന്നു.
https://www.facebook.com/Malayalivartha