ഇന്ത്യയിൽ ആദ്യത്തെ ആകാശ കളിക്കളം കൊച്ചിയിൽ
കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഗാലറിക്കു മുകളിൽ നിർമിച്ച ബാഡ്മിന്റൻ കളിക്കളം (സ്കൈ കോർട്ട്) വിസ്മയം തീർക്കുന്നു. രണ്ടു സ്കൈ കോർട്ടുകളാണ് സ്റ്റേഡിയത്തിന്റെ തെക്ക്, വടക്ക് ഗാലറികൾക്കു മുകളിലായി നിർമിച്ചിരിക്കുന്നത്. ഇന്ത്യൻ ബാഡ്മിന്റനിലെ അഭിമാന താരങ്ങളായ മലയാളി വിമൽകുമാറിന്റെയും സൈന നെഹ്‌വാളിന്റെയും പേരിലാണ് ഇത് അറിയപ്പെടുന്നത്. ഗാലറികളിൽ നിന്നു മുകളിലേക്ക് ഉയർത്തിയ ഇരുമ്പു തൂണുകൾക്കു മുകളിലായാണു 100 ടണ്ണോളം ഭാരമുള്ള പ്ലാറ്റ് ഫോമുകൾ ഒരുക്കി കോർട്ടുകൾ സജ്ജമാക്കിയത്.
നാളെ രാവിലെ 10നു മന്ത്രി എ.സി. മൊയ്തീൻ ഈ കളിക്കളം ഉദ്ഘാടനം ചെയ്യും. ഇത്തരത്തിൽ ഒരു ആകാശ കളിക്കളം ഇന്ത്യയിലെ സ്പോർട്സ് സെന്ററുകളിൽ ആദ്യത്തേതാണ്. ഇരു വശങ്ങളിലും നാലു വീതം എട്ട് പുതിയ ബാഡ്മിന്റൻ കോർട്ടുകളാണ് ഇവിടുള്ളത്. ശുചിമുറികളും ടൈൽസ് വിരിച്ച വാക്‌വേകളും സ്കൈ കോർട്ടുകൾക്ക് ഒരുക്കിയിട്ടുണ്ട്.
തേക്ക് തടിയുടെ പാനലിംഗിനോടൊപ്പം എൽഇഡി ലൈറ്റിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. 2.5 കോടി രൂപയാണു നിർമാണ ചെലവ്. പുതിയ അംഗങ്ങളെ ചേർത്തതിലൂടെ നേടിയ അംഗത്വ ഫീസ് ഉപയോഗിച്ചാണു നിർമാണ ചെലവ് കണ്ടെത്തിയതെന്നു ആർഎസ്‌സി സെക്രട്ടറി എസ്.എ.എസ്. നവാസ് അറിയിച്ചു
സ്കൈ കോർട്ടുകൾ കൂടി വരുന്നതോടെ ഇൻഡോർ സ്റ്റേഡിയത്തിൽ കോർട്ടുകളുടെ എണ്ണം 23 ആകും.
ഒരു മേൽക്കൂരയ്ക്കു കീഴിൽ ഇത്രയേറെ കോർട്ടുകളുള്ള ഇന്ത്യയിലെ ആദ്യ കോർട്ട് എന്ന ബഹുമതികുടി ഇനി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിനു സ്വന്തം. മാത്രവുമല്ല രാജ്യത്ത് ഗുണനിലവാര മികവിനുള്ള രാജ്യാന്തര ഐഎസ്ഒ സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുള്ള ഏക സ്പോർട്സ് സെന്ററും ഇത് തന്നെയാണ്. സ്കൈ കോർട്ട് വരുന്നതോടെ കളിയും പരിശീലനവും മുടക്കമില്ലാതെ നടത്താനാവും എന്നാണ് പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha