പരമമായ സത്യത്തിന്റെ വിജയം ഉദ്‌ഘോഷിക്കുന്ന വിജയദശമി
അവസാന വിജയം എപ്പോഴും പരമമായ സത്യത്തിനാണ് എന്ന ഉദ്ഘോഷണമാണ് വിജയദശമി. അശ്വിന്‍ മാസത്തിലെ 10 ആം ദിവസമാണ് വിജയദശമി ആഘോഷിക്കുന്നത്. വിജയദശമിയോട് അനുബന്ധിച്ചും ധാരാളം കഥകള്‍ പ്രചാരത്തിൽ ഉണ്ട്. അതിൽ ഒന്നാണ് മഹിഷാസുരന്റെയും ദുര്‍ഗാദേവിയുടെയും കഥ. അതായത്, മനുഷ്യനും ദൈവത്തിനും കൊല്ലാന്‍ കഴിയില്ല എന്ന വരം സ്വന്തമാക്കിയ മഹിഷാസുരൻ ഈ വരത്തെ ദുരുപയോഗം ചെയ്ത് മൂന്നു ലോകത്തെയും ആക്രമിക്കാന്‍ തുടങ്ങി. തൽഫലമായി മൂന്നു ലോകത്തെയും ജീവജാലങ്ങൾ തങ്ങളെ രാക്ഷസന്റെ പിടിയില്‍ നിന്ന് രക്ഷിക്കാന്‍ ദേവിയോട് പ്രാര്‍ത്ഥിച്ചു. അങ്ങനെ ദുര്‍ഗാദേവി 10 കൈയില്‍ ആയുധങ്ങളുമായി സിംഹത്തെ വാഹനമാക്കി പ്രത്യക്ഷപ്പെട്ടു. ഈ രൂപത്തില്‍ ദേവി മഹിഷാസുരനുമായി ഏറ്റുമുട്ടി. വിജയദശമി ദിനത്തില്‍ ദേവി മഹിഷാസുരനെ പരാജയപ്പെടുത്തി കൊന്നു. അങ്ങനെ മഹിഷാസുര മർദിനിയായ ദേവിയെ പൂജിക്കാനായി വിജയദശമി ആഘോഷിക്കുന്നു എന്നാണ് ഒരു ഐതിഹ്യം.
വിജയദശമിയുമായി ബന്ധപ്പെട്ട മറ്റൊരു ഐതിഹ്യം ശ്രീരാമന്റെ യുദ്ധവിജയമാണ്. മഹാശക്തനായിരുന്ന രാവണന്റെ അസുരപ്പടയെ കടല്‍ കടന്നു ചെന്ന് വാനരപ്പടയുടെ സഹായത്തോടെ ശ്രീരാമന്‍ മുച്ചൂടും ഇല്ലാതാക്കി, അവസാനം രാവണനെയും വധിച്ച് വിജയശ്രീലാളിതനാവുന്നത് ഈ ദിനത്തിലായിരുന്നു. സീതാദേവിയെ രക്ഷിക്കാനായി രാക്ഷസനായ രാവണനെ വിജയദശമി ദിനത്തില്‍ ആണ് രാമന്‍ നിഗ്രഹിച്ചതെന്നും അതിന്റെ ഓർമക്കായി വിജയദശമി ആഘോഷിക്കുന്നുവെന്നും കരുതപ്പെടുന്നു.
കുരുന്നുകള്‍ ആദ്യക്ഷരത്തിന്റെ മധുരം നുണഞ്ഞ് അറിവിന്റെ ലോകത്തേയ്ക്ക് കടക്കുന്നത് വിജയദശമി നാളിലാണ്. വിദ്യാര്‍ത്ഥികളെയും കലാകാരന്മാരെയും സംബന്ധിച്ചു വിജയദശമി ആഘോഷത്തിന് സവിശേഷ സ്ഥാനമാണ് ഉള്ളത്. കൊല്ലൂർ മൂകാംബിക ക്ഷേത്രം, പറവൂര്‍ ദക്ഷിണമൂകാംബിക ക്ഷേത്രം, പനച്ചിക്കാട് ദേവീ ക്ഷേത്രം എന്നിവിടങ്ങളിൽ ആണ് ഏറെ പ്രസിദ്ധം. 2017 ൽ വിജയദശമി ആഘോഷങ്ങൾ സെപ്തംബർ 30 ശനിയാഴ്ചയാണ് വരുന്നത്.വിജയമുഹൂർത്തം14.14 മുതൽ 15.02 വരെ തുടർന്ന് 47 മിനിറ്റ് നീണ്ടു നിൽക്കും. അപർനാഹ പൂജ സമയം 13.27 മുതൽ 15.50 വരെയാണ്. ഇത് 2 മണിക്കൂറും 23 മിനിറ്റും നീണ്ടുനിൽക്കും.
നവരാത്രി പൂജയിൽ ഒൻപത് ദിവസത്തെ പൂജയാണ് അനുഷ്ഠിക്കുന്നത്. ആദ്യത്തെ മൂന്നു ദിനങ്ങളില്‍ പാര്‍വതിയെയും തൊട്ടടുത്തുള്ള മൂന്നു ദിവസങ്ങളില്‍ ലക്ഷ്മിയെയും അവസാന മൂന്നില്‍ സരസ്വതി ദേവിയെയും ആണ് ആരാധിക്കുന്നത്. അക്ഷരവിദ്യയുടെ ദേവിയായി പരിഗണിക്കപ്പെടുന്ന സരസ്വതി പൂജയുടെ ഭാഗമായി എട്ടാം ദിനം (അഷ്ടമി) പുസ്തകങ്ങളും മറ്റും പൂജയ്ക്കുവെക്കുന്നു. ഒന്‍പതാം ദിവസം (നവമി) കടന്ന് ആഘോഷം സമാപിക്കുന്നു. വിജയദശമി ദിനത്തില്‍ അവ തിരിച്ചെടുക്കുകയും സരസ്വതി വന്ദനത്തിന്റെ പരിസമാപ്തിയെന്ന നിലയില്‍ വിദ്യാരംഭം ചടങ്ങുകള്‍ നടക്കുകയും ചെയ്യുന്നു. കുഞ്ഞ് അറിവുള്ളവനായി വളരാന്‍ വേണ്ടി സരസ്വതി ദേവിയുടെ അനുഗ്രഹം തേടുകയാണ് വിദ്യാരംഭം ചടങ്ങിന്റെ അന്തസത്ത.
ആചാര്യന്‍ കുഞ്ഞിനെ മടിയിലിരുത്തി നാവില്‍ സ്വർണം കൊണ്ട് ‘ഓം ഹരി ശ്രീ ഗണപതയേ നമ:’ എന്നെഴുതുകയും കുഞ്ഞിന്റെ വലതു ചൂണ്ടുവിരല്‍ കൊണ്ട് ഇതേ വാചകം മണലിലോ ധാന്യമണികളിലോ എഴുതിക്കുകയുമാണ് ചെയ്യുന്നത്.
ഈ ഉത്സവം പല പേരുകളിലായി കൊണ്ടാടി വരുന്നു. ഉത്തരഭാരതത്തില്‍ ദസറയാണെങ്കില്‍ കേരളത്തില്‍ അത് വിദ്യാരംഭത്തിന്റെ ആഘോഷമാണ്. ദേവിയെ ലക്ഷ്‌മിയായും സരസ്വതിയായും ദുര്‍ഗയായും പൂജിക്കുന്ന അസുലഭ മുഹൂർത്തമാണ് നവരാത്രി. നിരന്തരവും കഠിനവുമായ സാധനയുടെ ഫലമായി മാത്രമെ വിജയമുണ്ടാവുകയുള്ളൂ എന്ന സന്ദേശമാണ് വിജയദശമി നല്‍കുന്നത്.
https://www.facebook.com/Malayalivartha