നാനോ അത്ഭുതങ്ങള്‍
നാനോ സാങ്കേതികവിദ്യ ഒരു സ്വതന്ത്ര ശാസ്‌ത്രശാഖയല്ല. ഭൗതികശാസ്‌ത്രത്തിന്റെയും രസതന്ത്രത്തിന്റെയും എഞ്ചിനീയറിംഗിന്റെയും ഒരു സമ്മേളനമാണത്. ആരോഗ്യശാസ്‌ത്രം, ആശയവിനിമയം, കമ്പ്യൂട്ടര്‍, പ്രതിരോധം എന്നു തുടങ്ങി സൗന്ദര്യ വസ്‌തുക്കളുടെയും സ്‌പോര്‍ട്‌സ് ഉപകരണങ്ങളുടെയും നിര്‍മാണത്തിനു വരെ ഈ വിദ്യ ഉപയോഗിച്ചു വരുന്നു.
നാനോ ഇലക്‌ട്രോണിക്‌സ്
നാനോ ഇലക്‌ട്രോണിക്‌സ് എന്ന ശാസ്‌ത്രശാഖ ഇന്നു വളരെ പ്രശസ്‌തമാണ്. ആധുനിക കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കുന്ന മൈക്രോപ്രോസസറുകള്‍ താമസിയാതെ കാലഹരണപ്പെട്ടേക്കാം. പകരം ഉപയോഗിക്കുക നാനോപ്രോസസറുകളായിരിക്കും. ഈ സാങ്കേതികവിദ്യയെ നാനോ കമ്പ്യൂട്ടിംഗ് എന്നു വിളിക്കുന്നു. ഇന്നത്തെ മൈക്രോപ്രോസസറിലുള്ള ലക്ഷക്കണക്കിനു ഘടകങ്ങളില്‍ ഒന്നിന്റെ സ്ഥാനത്തു പതിനായിരത്തിലധികം ഘടകങ്ങളെ ഉള്‍ക്കൊള്ളിക്കുന്നതിന് ഈ സാങ്കേതികവിദ്യ വഴി സാധിക്കുന്നു. അതുപോലെ ഇന്നുപയോഗിക്കുന്ന സിലിക്കണ്‍ അധിഷ്‌ഠിത അര്‍ധചാലകങ്ങള്‍ക്കു പകരം പോളിമറുകള്‍ ഉപയോഗിക്കുന്നതിനുള്ള ശ്രമങ്ങളും നടന്നുവരുന്നു.
നാനോ സാങ്കേതികവിദ്യ ഉപയോഗിച്ചു മനുഷ്യമസ്‌തിഷ്‌കം പോലെ പ്രവര്‍ത്തനശേഷിയുള്ള കമ്പ്യൂട്ടര്‍ ചിപ്പുകള്‍ നിര്‍മിക്കുക എന്നത് ഒരു വെല്ലുവിളിയായി ശാസ്‌ത്രസമൂഹം ഏറ്റെടുത്തു കഴിഞ്ഞു. ഇലക്‌ട്രോണുകള്‍ക്കു പകരം ഡി. എന്‍. എ. തന്മാത്രകളുപയോഗിച്ചു പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറാണു ബയോകമ്പ്യൂട്ടര്‍. അതുപോലെ പ്രകാശകണങ്ങളുപയോഗിക്കുന്നവയാണ് ഓപ്‌റ്റിക്കല്‍ കമ്പ്യൂട്ടര്‍. ഇവയും നാനോ സാങ്കേതികവിദ്യ ഉപയോഗിച്ചു വികസിപ്പിക്കാനുള്ള ഉദ്യമങ്ങളും നടക്കുന്നുണ്ട്. സംഭരണശേഷി വളരെക്കൂടിയ കമ്പ്യൂട്ടര്‍ മെമ്മറികള്‍ വികസിപ്പിക്കുന്ന ശാസ്‌ത്രശാഖയാണു നാനോമാഗ്നറ്റിക്‌സ്.
മൈക്രോ ഇലക്‌ട്രോ മെക്കാനിക്കല്‍ ഡിവൈസസ് എന്ന പേരുള്ള, തന്മാത്രാ വലുപ്പത്തിലുള്ള യന്ത്രങ്ങളുടെയും ഗിയറുകളുടെയും നിര്‍മാണത്തിനുള്ള ശ്രമം നടന്നുവരുന്നു. കാല്‍ക്കുലേറ്ററുകളിലും വാച്ചുകളിലും ഇന്നുപയോഗിക്കുന്ന യന്ത്രഭാഗങ്ങള്‍ പൂമ്പൊടിയുടെ അത്രമാത്രം ചെറുവലുപ്പത്തിലുള്ളതാക്കാമെന്നു പ്രതീക്ഷിക്കുന്നു.
നാനോ റോബോട്ടിക്‌സ്
നാനോ റോബോട്ടിക്‌സ് എന്ന ശാസ്‌ത്രശാഖയുടെ സംഭാവനയാണ് നാനോ റോബോട്ടുകള്‍. മനുഷ്യന് എത്തിച്ചേരുവാന്‍ സാധ്യമല്ലാത്ത മേഖലകളില്‍ കടന്നു ചെന്ന് പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവയാണ് ഈ നാനോ റോബോട്ടുകള്‍. അവയ്‌ക്കാവശ്യമായ ഊര്‍ജം അവ പ്രവര്‍ത്തിക്കുന്ന ചുറ്റുപാടില്‍ നിന്നോ സൂര്യപ്രകാശത്തില്‍ നിന്നോ സംഭരിക്കാവുന്നതാണ്.
നാനോ സോളാര്‍പാനല്‍
ഭാവിയിലെ ഒരു പ്രധാന പ്രശ്‌നമായിരിക്കും ഊര്‍ജ പ്രതിസന്ധി. നാനോ സാങ്കേതികവിദ്യക്ക് ആ രംഗത്തും നിരവധി സംഭാവനകള്‍ നല്‌കാവുന്നതാണ്. സൂര്യപ്രകാശത്തില്‍ നിന്നും വൈദ്യുതി ഉത്‌പാദിപ്പിക്കുന്ന സോളാര്‍ പാനലുകളില്‍ നാനോ കണികകളുപയോഗിക്കാവുന്നതാണ്. നാനോകണികകള്‍ക്കു പ്രതല വിസ്‌തീര്‍ണം കൂടുതലായതിനാല്‍ പ്രവര്‍ത്തനക്ഷമത വളരെക്കൂടുതലായിരിക്കും. നാനോകണികകള്‍ പൂശിയ വസ്‌ത്രങ്ങള്‍ ധരിച്ചു മൊബൈല്‍ ഫോണും മറ്റു ചെറിയ ഉപകരണങ്ങളും റീചാര്‍ജു ചെയ്യാവുന്നതാണ്. കാര്‍മേഘം മൂടിയ സമയത്ത് ഇന്‍ഫ്രാറെഡ് തരംഗങ്ങളില്‍ നിന്നും വൈദ്യുതി ഉത്‌പാദിപ്പിക്കാന്‍ കഴിവുള്ള ഉപകരണങ്ങളും നിലവില്‍ വരുന്നതാണ്.
അതു കൂടാതെ ഇന്നു സോളാര്‍ പാനല്‍ നിര്‍മിക്കാനുപയോഗിക്കുന്ന സിലിക്കണിനെക്കാള്‍ കാര്യക്ഷമത കൂടിയ വസ്‌തുക്കളെ നാനോ രീതിയില്‍ ഉപയോഗിക്കാനുള്ള പരീക്ഷണങ്ങളും നടന്നുവരുന്നു. പ്‌ളാസ്റ്റിക് സോളാര്‍ പാനലുകളും പെയിന്റു പോലെ പുരട്ടാവുന്ന സോളാര്‍ പാനലുകളും ഭാവിയില്‍ പ്രതീക്ഷിക്കാവുന്നതാണ്.
നമുക്കു ലഭിക്കുന്ന സൗരോര്‍ജം ഇന്നു മനുഷ്യന്‍ ഉപയോഗിക്കുന്ന മുഴുവന്‍ ഊര്‍ജത്തിന്റെയും പതിനായിരം മടങ്ങാണ്. ഇതു ശരിയായി ഉപയോഗപ്പെടുത്താന്‍ മനുഷ്യന് ഇതുവരെയും സാധിച്ചിട്ടില്ല. അതിനാല്‍ മരുഭൂമികളിലും മറ്റും ചെലവുകുറഞ്ഞ സോളാര്‍ഷീറ്റു വിരിച്ചു വൈദ്യുതി നിര്‍മിക്കാവുന്നതാണ്. കാറുകളുടെ പുറത്തു പുരട്ടിയ സോളാര്‍ പെയിന്റ് ഉപയോഗിച്ചു കാര്‍ ബാറ്ററി വീണ്ടും ചാര്‍ജു ചെയ്യുവാനാകും.
വസ്‌ത്രവും കോസ്‌മെറ്റിക്‌സും
വസ്‌ത്ര നിര്‍മാണരംഗത്തും നാനോ സാങ്കേതികവിദ്യ ഉപയോഗിച്ചു വരുന്നു. ഇന്നു സാധാരണയായി ഉപയോഗിക്കുന്ന കറപുരളാത്തതും ചുളുക്കു വീഴാത്തതുമായ തുണിത്തരങ്ങള്‍ നാനോ സാങ്കേതികവിദ്യയുടെ സംഭാവനയാണ്. സാധാരണ തുണിയുടെ പുറത്തു പ്രത്യേകതരം നാനോ കണികകള്‍ പൂശിയാണ് ഇത്തരം തുണിത്തരങ്ങളുണ്ടാക്കുന്നത്. ഇതുകൂടാതെ സൈനികര്‍ക്കു ധരിക്കാവുന്ന പ്രത്യേകതരം വസ്‌ത്രങ്ങളുടെ നിര്‍മാണവും നടന്നുവരുന്നു. ശത്രുക്കള്‍ക്കു പെട്ടെന്നു തിരിച്ചറിയാന്‍ സാധിക്കാത്തതും കൈകാലുകള്‍ക്കു പൊട്ടലുണ്ടായാലും മുറിവുണ്ടായാലും ഉടന്‍തന്നെ കട്ടിയുള്ള പുറംചട്ടയായി മാറുന്നതുമായ വസ്‌ത്രങ്ങളും ഭാവിയില്‍ പ്രതീക്ഷിക്കാവുന്നതാണ്.
നാനോകണികകള്‍ ഉപയോഗിച്ചുള്ള സൗന്ദര്യവര്‍ധക വസ്‌തുക്കളുടെ നിര്‍മാണവും നടന്നുവരുന്നു. നാനോ രൂപത്തിലുള്ള സിങ്ക്‌ഓക്‌സൈഡ് എന്ന രാസവസ്‌തു ചേര്‍ത്ത സണ്‍സ്‌ക്രീന്‍ ലോഷന്‍ ഇന്നു കമ്പോളത്തില്‍ ലഭ്യമാണ്. നാനോ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ മറ്റുള്ളവയെ അപേക്ഷിച്ചു മെച്ചമായതിനാല്‍ അവയ്‌ക്കു പ്രചാരം ലഭിച്ചു വരുന്നു. ഇതു കൂടാതെ ഭക്ഷ്യോത്‌പാദനരംഗത്തും വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നതിനു നാനോ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താമെന്നു പ്രതീക്ഷിക്കുന്നു.
പാഴ്‌വസ്‌തുക്കളിലെ തന്‍മാത്രകളെ ക്രമത്തില്‍ അടുക്കി വിവിധ ഭക്ഷണ സാധനങ്ങള്‍ കുറഞ്ഞ ചെലവില്‍ നിര്‍മിക്കാന്‍ ഇതുമൂലം സാധിക്കുന്നതാണ്. ആരോഗ്യ പരിപാലന രംഗത്തും നാനോ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. നാനോ മെഡിസിന്‍ എന്ന വാക്കാണ് ഈ സങ്കേതത്തിനുപയോഗിച്ചിരിക്കുന്നത്. ഈ വിദ്യകൊണ്ടുദ്ദേശിക്കുന്നതു മനുഷ്യ ശരീരഭാഗങ്ങളുടെ തന്‍മാത്രാതലത്തില്‍ നടത്തുന്ന പരിശോധനയും രോഗനിര്‍ണയവും മരുന്നുകളുടെ ഉപയോഗവും ആണ്. ഇതിനായി നാനോ വലിപ്പത്തിലുള്ള എന്‍സൈമുകളും മരുന്നുകളും ചെറിയ റോബോട്ടുകളും യന്ത്രങ്ങളും നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നു.
നാനോ അന്തര്‍വാഹിനി
രക്തത്തിലൂടെ നീന്തി ശരീരത്തിലെ രോഗബാധയുള്ള സ്ഥലത്തെത്തിച്ചേര്‍ന്ന് ആവശ്യമായ അളവില്‍ മരുന്നു പ്രയോഗിക്കാന്‍ കഴിവുള്ള നാനോ അന്തര്‍വാഹിനികള്‍ ഭാവിയില്‍ നിലവില്‍ വരുന്നതാണ്. ഇതേ വിദ്യയുപയോഗിച്ചു ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാനും ശരീരത്തില്‍ കടക്കുന്ന രോഗവാഹികളായ വൈറസുകളെയും ബാക്‌ടീരിയകളെയും നശിപ്പിക്കാനും സാധിക്കും. ശരീരത്തില്‍ സ്ഥാപിച്ചിരിക്കുന്ന നാനോകമ്പ്യൂട്ടര്‍ ആരോഗ്യസ്ഥിതി നിരന്തരം നിരീക്ഷിക്കുകയും ആവശ്യമായ രോഗപ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നതാണ്.
നാനോ സ്വര്‍ണം
നാനോ സാങ്കേതിക വിദ്യയുപയോഗിച്ചുള്ള, ചെലവുകുറഞ്ഞതും ഈടുള്ളതുമായ ഭവനനിര്‍മാണ സാമഗ്രികള്‍, സ്വയം വൃത്തിയാവുന്ന ഗ്ലാസുകള്‍, ആഘാതമേല്‌ക്കാത്ത വാഹനങ്ങള്‍ എന്നിങ്ങനെ നിരവധി ഉപകരണങ്ങളുടെ വികസനത്തിനു സാധ്യത തെളിഞ്ഞിരിക്കുന്നു. സ്വര്‍ണം പോലുള്ള വിലകൂടിയ ലോഹങ്ങള്‍ വളരെ എളുപ്പത്തില്‍ പാഴ്‌വസ്‌തുക്കളില്‍ നിന്നും നിര്‍മിക്കാവുന്നതാണ്. അതായതു ജീവിതത്തിലെ എല്ലാ മേഖലയിലും നാനോസാങ്കേതികവിദ്യ കടന്നുവരുമെന്നു പ്രതീക്ഷിക്കുന്നു.
എന്നാല്‍, നാനോ ഗവേഷണങ്ങളുയര്‍ത്തുന്ന പരിസ്ഥിതിപ്രശ്‌നങ്ങള്‍ നിസ്സാരമല്ലെന്നു വാദിക്കുന്നരും ഉണ്ട്. നാനോകണികകളുടെ പ്രവര്‍ത്തനക്ഷമത വളരെക്കൂടുതലായതിനാല്‍ പരിസ്ഥിതിക്കും ജീവന്റെ നിലനില്‌പിനും അവ കനത്ത ആഘാതമേല്‌പിക്കുമെന്ന് കരുതപ്പെടുന്നു. മനുഷ്യമസ്‌തിഷ്‌കം പോലെ പ്രവര്‍ത്തനശേഷിയുള്ളതും പ്രത്യുത്‌പാദന ശേഷിയുള്ളതുമായ നാനോ റോബോട്ടുകള്‍ എന്നു വിളിക്കുന്ന കൃത്രിമ റോബോട്ടുകളുടെ നിര്‍മാണം അബദ്ധവശാലെങ്കിലും നടന്നാല്‍ അവ ഭൂമി മുഴുവനും വ്യാപിച്ചു ജീവജാലങ്ങളെ ഇല്ലാതാക്കാനുള്ള സാധ്യത ഉണ്ടെന്നു വിശ്വസിക്കുന്നവരും ഉണ്ട്.
എന്തായാലും മനുഷ്യന്റെ ഭാവിഭാഗധേയങ്ങള്‍ നിര്‍ണയിക്കുന്നതില്‍ നാനോ സാങ്കേതിക വിദ്യയ്‌ക്കുള്ള പങ്കു വളരെ വലുതായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.
https://www.facebook.com/Malayalivartha