ശാസ്‌ത്രം പ്രകൃതിയില്‍
ശാസ്‌ത്രം പ്രകൃതിയില്‍
ശാസ്‌ത്രം എന്നു കേള്‍ക്കുമ്പോള്‍ മനസ്സിലെത്തുക വലിയ പരീക്ഷണശാലകള്‍, ഗഹനങ്ങളായ ശാസ്‌ത്രഗ്രന്ഥങ്ങള്‍, പണ്ഡിതരായ ശാസ്‌ത്രജ്ഞന്മാര്‍ എന്നിങ്ങനെ പലതുമാണ്. എന്നാല്‍, സാധാരണ മനുഷ്യന്‍ അഗമ്യമായ എന്തോ ഒന്നായി കരുതേണ്ടതാണോ ശാസ്‌ത്രം? അത്ര പരിമിതമാണോ ശാസ്‌ത്രത്തിന്റെ നിര്‍വചനം? അതറിയാന്‍ നാം ചുറ്റുമൊന്നു കണ്ണോടിച്ചാല്‍ മതി.
നമ്മുടെ സ്വീകരണമുറിയിലെ അക്വേറിയത്തില്‍ തുള്ളിക്കളിക്കുന്ന വര്‍ണമത്സ്യങ്ങളോടൊപ്പം നാം ജലസസ്യങ്ങളെ വളര്‍ത്തുന്നത് എന്തിനാണ്? മത്സ്യം ശ്വസിക്കുമ്പോള്‍ പുറത്തുവിടുന്ന കാര്‍ബണ്‍ഡയോക്‌സൈഡ് സസ്യത്തിനു സ്വീകാര്യമാണ്- ആഹാര നിര്‍മാണത്തിന്. ഉപോത്‌പന്നമായി സസ്യം പുറത്തുവിടുന്ന ഓക്‌സിജന്‍ മത്സ്യത്തിനും ഉപകരിക്കുന്നു. ഈ വാതകക്കൈമാറ്റത്തില്‍ ശാസ്‌ത്രമുണ്ട്.
നമ്മുടെ കിണര്‍ തേകുവാന്‍ വരുന്നവര്‍ ചെയ്യുന്നതു ശ്രദ്ധിച്ചിട്ടുണ്ടോ? അവര്‍ ഒരു കടലാസു തുണ്ടു കത്തിച്ചു കിണറ്റിലേക്കിടുന്നു. അതിന്റെ അവരോഹണത്തിനിടയില്‍ എവിടെയെങ്കിലുംവച്ചു തീയണയുന്നുണ്ടോ? എങ്കില്‍ അതിനടിയിലേക്ക് ഓക്‌സിജന്‍ ഇല്ലെന്നര്‍ത്ഥം. തുടര്‍ന്ന് അടുത്ത മരത്തില്‍ നിന്നു ധാരാളം ഇലകളുള്ള ഒരു ചില്ല മുറിച്ചെടുത്തു കയറില്‍കെട്ടി കിണറ്റിലേക്കു താഴ്‌ത്തുന്നു.
കയര്‍ കപ്പിയില്‍ കോര്‍ത്തു മുകളിലേക്കും താഴേക്കും പല തവണ വലിച്ചു വായുസഞ്ചാരം സൃഷ്‌ടിക്കുന്നു. ഒപ്പം കമ്പിലെ ഇലകള്‍ കിണറ്റിലുള്ള കാര്‍ബണ്‍ഡയോക്‌സൈഡിനെ വലിച്ചെടുത്ത് ഓക്‌സിജനെ തിരിയെ നല്‌കുന്നു. പഴയ പരീക്ഷണം ആവര്‍ത്തിക്കുമ്പോള്‍ തീയ് അണയുന്നില്ല, കടലാസ് താഴെ ജലത്തില്‍ പതിക്കുന്നതുവരെ. ആഴങ്ങളില്‍ പ്രാണവായു എത്തിയെന്നു സാരം.
ലോറിയില്‍ മരക്കഷണങ്ങള്‍ കയറ്റുന്നതു ശ്രദ്ധിച്ചിട്ടുണ്ടോ? ബലമുള്ള രണ്ടു നീളന്‍ കമ്പുകള്‍ പ്ലാറ്റ്‌ഫോമിലേക്കു ചാരിവയ്‌ക്കുന്നു. നിലത്തു നിന്ന് ഈ കമ്പുകളിലൂടെ മരം ഉരുട്ടിക്കയറ്റുന്നു. ഫലം യാന്ത്രിക ലാഭം. കമ്പുകളുടെ ചായ്‌വു കൂടുന്തോറും അധ്വാനഭാരം കുറയുന്നു.
ഭാരമുള്ള സ്യൂട്ട്‌കെയ്‌സു തൂക്കിപ്പിടിക്കുന്നതു വിഷമകരം. ചെറിയ വീലു ഘടിപ്പിച്ചു തറയിലൂടെ വലിക്കുമ്പോള്‍ വളരെ എളുപ്പം. ഉരുളുന്ന ചക്രം ഉരസലൊഴിവാക്കുമ്പോള്‍ അധ്വാനം കുറയുന്നു എന്നതു മറ്റൊരു ശാസ്‌ത്രം.
ത്രാസിന്റെ തട്ടുകള്‍ ഉയര്‍ന്നു താഴുകയും നേരെനിന്നു തൂക്കം കാണിക്കുകയും ചെയ്യുന്നത് ഉത്തോലകത്വ പ്രകാരമാണ്. കപ്പിയില്‍ കോര്‍ത്ത കയറിനറ്റത്തു തൊട്ടികെട്ടി കിണറ്റില്‍ നിന്നു വെള്ളം വലിച്ചു കയറ്റുന്നതിലും കുട്ടികള്‍ സീസോയിലിരുന്നു കളിക്കുന്നതിലും തത്വം ഇതു തന്നെ. എന്നാല്‍, ഉയരത്തിലുള്ള ടാങ്കില്‍ നിന്നു പൈപ്പിലൂടെ വെള്ളമൊഴുകി താഴെയുള്ള ബാത്‌റൂമിലെത്തുന്നതു സൈഫണ്‍ തത്വപ്രകാരമാണ്.
തൊടിയിലൂടെ പറക്കുന്ന വണ്ടുകളും ശലഭങ്ങളും വര്‍ണപുഷ്‌പങ്ങളുടെ കാതില്‍ സ്വകാര്യം പറയുന്നതും അവ തലയാട്ടുന്നതും കണ്ടിരിക്കും. ദിവസങ്ങള്‍ക്കപ്പുറം പൂക്കളുടെ സ്ഥാനത്തു കായ്‌കള്‍! നിശാപുഷ്‌ങ്ങള്‍ക്കു വെള്ളനിറവും സുഗന്ധവും ലഭിച്ചതെന്തിന്? നിശാശലഭങ്ങളെ ആകര്‍ഷിക്കാനും ജന്മോദ്ദേശ്യം നിറവേറ്റാനും. ഇവിടെ ശാസ്‌ത്രവും കലയും സമ്മേളിക്കുന്നു!
കൊറ്റികളുടെ സംഘം പുലര്‍ച്ചെ പടിഞ്ഞാറേക്ക് ഇരതേടിപ്പോകുന്നു. അവിടെ കായലും പുഴയും വയലും അവയ്‌ക്കു തീറ്റയൊരുക്കുന്നു- മത്സ്യം, ഞണ്ട്, ഞൗണി, കക്കാ എന്നിവ. വൈകുന്നേരം മടക്കം, കിഴക്കന്‍ മലകളിലെ വന്മരങ്ങളില്‍ ചേക്കേറാന്‍. രാത്രിയില്‍ അവ വിസര്‍ജിക്കുമ്പോള്‍ കാത്സ്യം, ഫോസ്‌ഫറസ്, യൂറിക് ആസിഡ് എന്നിവയാല്‍ മണ്ണു സമ്പുഷ്‌ടമാകുന്നു. അവയെ മരങ്ങള്‍ സ്വീകരിക്കുന്നു. ശേഷിക്കുന്നവ മഴവെള്ളത്തില്‍ ലയിച്ചു പടിഞ്ഞാറേക്ക്. ഇതൊരു ചാക്രീയ വിനിമയം ആണ്. ഇത്തരം ചാക്രീയതയിലാണ് ഇവിടെ ജീവന്റെ നിലനില്‌പു തന്നെ. അതറിയാന്‍ ജീവികളുടെ ദിനചര്യ ശ്രദ്ധിച്ചാല്‍ മതി.
കന്നുകാലികള്‍, മാന്‍, മുയല്‍, സിംഹം, കടുവ, കുരങ്ങ്, കാക്ക, കുയില്‍, മയില്‍ എന്നിവയെല്ലാം കൊറ്റികളെപ്പോലെ ദിനചരങ്ങളാണ്. എന്നാല്‍, നിശാചരങ്ങളോ? വാവല്‍, മൂങ്ങ, കുറുക്കന്‍, കാട്ടുപൂച്ച, നിശാശലഭങ്ങള്‍ എന്നിവ സായാഹ്നത്തില്‍ ഇരതേടിയിറങ്ങുന്നു. രാത്രിയില്‍ ഉണര്‍ന്നിരിക്കുന്നു. ഉഷസ്സിനുമുമ്പേ മാളങ്ങളിലേക്കും മരപ്പൊത്തുകളിലേക്കും മടങ്ങുന്നു. ഇവിടെയുമുണ്ടു ചാക്രീയത. അതിനു ഭംഗം വരുത്തുന്നത് ആധുനിക മനുഷ്യന്‍ മാത്രം.
മലഞ്ചെരുവില്‍ വീടു വയ്‌ക്കുന്നത് അവിടത്തെ നിമ്‌ന്നോന്നതത്വം നഷ്‌ടപ്പെടുത്താതെ സാധിക്കില്ലേ? ഈ വീടിന്റെ ഉമ്മറത്തിരുന്ന് അകലങ്ങളിലേക്കു നോക്കുമ്പോള്‍ ലഭിക്കുന്ന പ്രകൃതിദൃശ്യം എത്ര വലിയ സമ്പത്താണ്! പകരം കുന്നുകള്‍ ഇടിച്ചു മണ്ണെടുത്തു ദൂരെ വയലുകളിലും ജലാശയങ്ങളിലും നിക്ഷേപിക്കുമ്പോള്‍ ക്ഷതം സംഭവിക്കുന്നത് പ്രകൃതിയുടെ ശാസ്‌ത്രീയ അടിത്തറയ്‌ക്കാണ്. നഷ്‌ടമാകുന്നതു ജൈവസന്തുലനമാണ്. വംശനാശം സംഭവിക്കുന്നതു നമുക്കുപകാരികളായ അനേകവര്‍ഗം ജീവികള്‍ക്കാണ്. ഒപ്പം ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍, കൃഷിനാശം, സുനാമി, ജീവനാശം... അങ്ങനെ എണ്ണമറ്റ ദുരന്തങ്ങളും.
പുരോഗതി എന്ന പേരില്‍ നാം ചെയ്‌തു കൊണ്ടിരിക്കുന്നതെല്ലാം ശാസ്‌ത്രഭംഗമാണെന്നു വ്യക്തം. ഇനിയെങ്കിലും നമുക്കു ചുറ്റുമുള്ള പ്രകൃതിയെ സ്‌നേഹിച്ച്, അതിന്റെ ഭാഗമായി ജീവിച്ചുകൊണ്ടു നമുക്കു പുതിയൊരു ശാസ്‌ത്രീയ അവബോധം കൈവരിക്കാം.
https://www.facebook.com/Malayalivartha