ശൂന്യാകാശത്ത്
ശൂന്യാകാശത്ത്
ഏതാനും സെന്റു സ്ഥലവും അതിലൊരു കൊച്ചുവീടും എന്നത് ഏതൊരു ശരാശരി മനുഷ്യന്റെയും ജീവിതാഭിലാഷമാണ്. സ്ഥലത്തിന്റെ ലഭ്യതക്കുറവും തീപിടിച്ച വിലയും മൂലം ഒരു കോമ്പൗണ്ടും അതിലൊരു വീടും എന്നതിനു വിപരീതമായി പാര്‍പ്പിടസമുച്ചയങ്ങളായ ഫ്‌ളാറ്റുകള്‍ വ്യാപകമായിക്കൊണ്ടിരിക്കുകയുമാണല്ലോ. അംബരചുംബികളായ ഈ കെട്ടിട ഭീമന്‍മാരും നിലംതൊട്ടാണു നില്‌ക്കുന്നത്. എന്നാല്‍, ഭൂമിയിലല്ലാതെ, ജീവവായുവിനെ ഉള്‍ക്കൊള്ളുന്ന അന്തരീക്ഷ വിതാനത്തിനുമപ്പുറം ബഹിരാകാശത്തുള്ള ഒരു ഭവനത്തെ പരിചയപ്പെടാം. വിലാസം: അന്താരാഷ്‌ട്ര ബഹിരാകാശനിലയം, സൗരയൂഥം പി.ഒ, ശൂന്യാകാശം!
ഐ.എസ്.എസിന്റെ വിശേഷങ്ങള്‍
1994ല്‍ ആണ് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിന്റെ (ഐ.എസ്.എസ്) നിര്‍മാണം ആരംഭിച്ചത്. വിവിധ രാജ്യങ്ങളുടെ ബഹിരാകാശപദ്ധതികള്‍ കൂടിചേര്‍ന്നതാണ് ഐ.എസ്.എസ്. അമേരിക്കയുടെ ഫ്രീഡം, റഷ്യയുടെ മിര്‍-2, യൂറോപ്യന്‍ യൂണിയന്റെ കൊളംബസ് എന്നിവയ്‌ക്കൊപ്പം ജപ്പാനും കൂടി ചേര്‍ന്നതാണ് ഐ.എസ്.എസിന്റെ നേതൃനിര. പല ഘട്ടങ്ങളിലായി നടത്തിയ വിക്ഷേപണങ്ങളില്‍ വിവിധ ഭാഗങ്ങള്‍ ബഹിരാകാശത്തെത്തിച്ച് അവിടെവച്ചു കൂട്ടിയോജിപ്പിച്ചാണ് ഐ.എസ്.എസിനു രൂപംനല്‌കിയത്.
ആദ്യമായി ബഹിരാകാശത്തെത്തിച്ച ഐ.എസ്.എസിന്റെ ഭാഗം (മോഡ്യൂള്‍) സാര്‍യ ആണ്. ഇത് 1998ല്‍ റഷ്യയില്‍ നിന്നും വിക്ഷേപിച്ചു. 2010 ആയപ്പോഴേക്കും ഇത്തരം പതിനാലു ഭാഗങ്ങള്‍ ബഹിരാകാശത്തെത്തിച്ചു പരസ്‌പരം ബന്ധിപ്പിച്ചു കഴിഞ്ഞിരുന്നു. ഭൂമിയില്‍ നിന്നും 278-460 കി.മീ. ദൂരത്തില്‍ ഐ.എസ്.എസ് ഭൂമിയെ ഭ്രമണം ചെയ്‌തുകൊണ്ടിരിക്കുന്നു. ശരാശരി വേഗത മണിക്കൂറില്‍ 27,743.8 കി. മീ.
ഐ.എസ്.എസിന്റെ വൈദ്യുതാവശ്യങ്ങള്‍ നിറവേറപ്പെടുന്നതു സൗരോര്‍ജത്താലാണ്. നിക്കല്‍- ഹൈഡ്രജന്‍ ബാറ്ററീസും ഇതിനായി ഉപയോഗിക്കുന്നു. 2015ഓടുകൂടി ഐ.എസ്.എസിന്റെ പ്രവര്‍ത്തനം നിര്‍ത്തുവാന്‍ 2004ല്‍ ജോര്‍ജ് ഡബ്ലു. ബുഷ് സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ഒബാമ ഭരണകൂടം ആ തീരുമാനം പുനഃപരിശോധിച്ച് ഐ.എസ്.എസിന്റെ സേവനം 2020 വരെ നീട്ടി. ഘടകരാഷ്‌ട്രങ്ങള്‍ക്കും ഇതേ നിലപാടാണ്.
ഇതിനായി 160 ബില്യണ്‍ ഡോളര്‍ ചെലവു വരുമെന്നു കണക്കാക്കുന്നു. അതായത് 7.2 ലക്ഷം കോടി രൂപ. നാസയ്‌ക്കുപുറമേ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി, റഷ്യന്‍ ഫെഡറല്‍ സ്‌പേസ് ഏജന്‍സി,ജപ്പാന്‍ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലൊറേഷന്‍ ഏജന്‍സി, കനേഡിയന്‍ സ്‌പേസ് ഏജന്‍സി എന്നിവയാണ് ഐ.എസ്.എസിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.
ഒരു യാത്രിനിവാസ്
കൂട്ടായ്‌മയുടെ വിജയം
ലോകമഹാശക്തികളുടെയും അവരുടെ ശാസ്‌ത്രനേട്ടങ്ങളുടെയും ഒരുമയില്‍ രൂപംകൊണ്ട ബൃഹത് സംവിധാനമാണ് ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷന്‍ അഥവാ അന്താരാഷ്‌ട്ര ബഹിരാകാശ നിലയം. ഐ.എസ്.എസ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ നിലയത്തില്‍ അന്തേവാസികളായി നിലവില്‍ ആറു ശാസ്‌ത്രജ്ഞന്‍മാര്‍ ഉണ്ട്.
1993 സെപ്‌റ്റംബറില്‍ അമേരിക്കന്‍ വൈസ് പ്രസിഡണ്ട് അല്‍ഗോര്‍, റഷ്യന്‍ പ്രധാനമന്ത്രി വിക്‌ടര്‍ ചെര്‍ണോമിര്‍ഡിന്‍ എന്നിവര്‍ സംയുക്തമായി പുതിയൊരു അന്താരാഷ്‌ട്ര ബഹിരാകാശ നിലയം സംബന്ധിച്ചു പ്രഖ്യാപനം നടത്തുകയുണ്ടായി. അതിന്റെ തുടര്‍ച്ചയായാണു ഐ.എസ്.എസ് സ്ഥാപിതമായത്. സോവിയറ്റു റഷ്യയുടെ മിര്‍ എന്ന ബഹിരാകാശ കേന്ദ്രത്തെ ഐ.എസ്.എസ് ആയുസ്സിന്റെ കാര്യത്തില്‍ പിന്തള്ളിയിരിക്കുകയാണ്. 3644 ദിവസമാണു മിര്‍ ബഹിരാകാശത്തു പ്രവര്‍ത്തനക്ഷമമായിരുന്നത്. 2010 നവംബര്‍ 25നു ഐ.എസ്.എസ് ഈ റെക്കോഡു പിന്നിട്ടു.
നിലയത്തിലേക്കുള്ള ഇന്ധനം. ഭക്ഷണം, വസ്‌ത്രം, ഓക്‌സിജന്‍, സ്‌പെയര്‍പാട്‌സുകള്‍ എന്നിവയടക്കം 20 ടണ്ണോളംവരുന്ന വസ്‌തുക്കളുമായി ജൊഹാനസ് കെപ്ലര്‍ എന്ന ആളില്ലാ പേടകം വഹിച്ചുകൊണ്ടുള്ള റോക്കറ്റു വിക്ഷേപിച്ചിരുന്നു. ഇത്രയും സാധനങ്ങള്‍ ബഹിരാകാശ പേടകത്തില്‍ നിന്ന് ഇറക്കിവയ്‌ക്കുകയും നിലയത്തിലെ ഉപയോഗശൂന്യമായ വസ്‌തുക്കള്‍ തിരികെ പേടകത്തിലേക്കു കയറ്റുകയും ചെയ്‌തു. അതിനുശേഷം പേടകം തിരികെ ഭൂമിയിലേക്ക.് ഈ ദൗത്യം പൂര്‍ത്തിയാക്കാന്‍ മൂന്നുമാസം വേണ്ടിവന്നു. (ബഹിരാകാശത്തു ട്രേഡു യൂണിയനുകള്‍ ഇല്ലാത്തതിനാല്‍ തൊഴില്‍തര്‍ക്കമോ നോക്കുകൂലിയെച്ചൊല്ലിയുള്ള കശപിശയോ ഉണ്ടാകുമെന്ന പേടിവേണ്ട!)
https://www.facebook.com/Malayalivartha